കാതോലിക്ക സ്ഥാനാരോഹണത്തിനായി മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ലബനോനിലേക്ക് യാത്ര തിരിച്ചു

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ്‌ സഭയുടെ പുതിയ കാതോലിക്കയായി ഉയർത്തപ്പെടുന്ന മലങ്കര മെത്രാപ്പോലീത്തായും, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലബനോനിലേക്ക് യാത്ര തിരിച്ചു.

സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മാത്യൂസ് മോർ അഫ്രേം, കുര്യാക്കോസ് മോർ യൗസേബിയോസ്, എലിയാസ് മോർ അത്താനാസിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ് എന്നിവരും, വൈദീകരും, സഭാ ഭാരവാഹികളും, വിശ്വാസികളും ചേർന്ന് മലങ്കര മെത്രാപ്പോലീത്തായെ യാത്രയാക്കി. വിവിധ ദിവസങ്ങളിലായി മലങ്കരയിൽ വാങ്ങിപ്പോയ സുറിയാനി സഭയിലെ പുണ്യ പിതാക്കന്മാരുടെ കബറിടങ്ങൾ സ്ഥിതി ചെയ്യുന്ന ദൈവാലയങ്ങൾ സന്ദർശിച്ച് പ്രാർത്ഥന നടത്തിയാണ് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കാതോലിക്ക സ്ഥാനാരോഹണത്തിനായി ലബനോനിലേക്ക് പോയത്.

2025 മാർച്ച് 25ന് ചൊവ്വാഴ്‌ച വൈകിട്ട് 4 മണിക്ക് ലെബനോനിലെ അച്ചാനെയിലെ പാത്രിയർക്കാ അരമനയോട് ചേർന്നുള്ള സെൻ്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് കത്തീഡ്രലിലാണ് കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ നടക്കുക. ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിലാണ് സ്ഥാനാരോഹണ ശുശ്രൂഷകൾ. ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്തമാരടക്കം സഭയിലെ മെത്രാപ്പോലീത്തമാരും, ഇതര സഭകളിലെ മേലദ്ധ്യക്ഷൻമാരും, മെത്രാപ്പോലീത്തമാരും സഹകാർമികരാകും. ലബനോൻ പ്രസിഡൻ്റ് ജനറൽ ജോസഫ് ഔൺ അടക്കം ലബനോനിലെ വിശിഷ്ട വ്യക്തികളും, സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധി സംഘവും, കേന്ദ്ര മന്ത്രിസഭയുടെ പ്രതിനിധികളും, കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി എഴുന്നൂറിൽപരം വ്യക്തികളും ശുശ്രൂഷകളിൽ സംബന്ധിക്കും.

❤️കൃപയും സത്യവുമാണ് രാജാവിനെ സംരക്ഷിക്കുന്നത് അവൻ്റെ സിംഹാസനം കൃപ കൊണ്ട് ഉറപ്പിക്കപ്പെടുന്നു . അനുഗ്രഹത്തിൻ്റെ ഉറവിടങ്ങളായ പരിശുദ്ധ പിതാക്കൻന്മാരുടെയും, തൻ്റെ പൂർവ്വീകരുടെയും കബറിടങ്ങളിൽ നിന്ന് കൃപയും അതാത് ദേശത്തെ ഗുരുതുല്യരേയും സന്ദർശിച്ച് അനുഗ്രഹങ്ങളും സ്നേഹ വാൽസല്ല്യങ്ങളും പങ്കുവെച്ച് ആകമാന സുറിയാനി സഭയുടെ 81-ാംമത് പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് അഭിഷിക്തൻ ആകുമ്പോൾ മലങ്കരയിൽ ഒരു പുതു ചൈതന്യം നിറയും ഒരിക്കൽ വാഗ്ദത്ത സാന്താനമായ ഗിദയോനോട് ദൈവം ഇപ്രകാരം അരുളി ചെയ്തു നീ ഈ ബലത്തോടെ പോകുക ഇസ്രയേലിനെ മിദ്യാന്യരുടെ കയ്യിൽ നിന്നും രക്ഷിക്കും ഞാനല്ലയോ നിന്നെ അയയ്ക്കുന്നത്. മാർച്ച് മാസം 25-ാം തിയതി ദൈവ മാതാവിൻ്റെ വചനിപ്പ് പെരുന്നാൾ ദിവസത്തിനു വേണ്ടി ലോക സുറിയാനി ക്രൈസ്തവർ കാത്തിരിക്കുന്നു സർവ്വാംഗ യോഗ്യൻ എന്ന് ഘോഷിക്കുവാൻ….
❤️നിയുക്ത ഇടയ ശ്രേഷ്ഠൻ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തക്ക് പ്രാർത്ഥനാശംസകളോടെ 🙏🙏സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ചർച്ച് , വിയെന്ന , ഓസ്ട്രിയ 🙏🙏

By ivayana