രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍
പറയൂ…
കവന ചാതുരി
ഉടലിൽ കടഞ്ഞ
ശിൽപ്പചാരുതേ
പറയൂ …….
ആരു നീ സുരകന്യയോ?
അപ്സര രമണിയോ ?
വാസന്തശ്രീ മയിൽപീലിയിൽ
നിലാവിനെ മുക്കി
പാറ്റി തളിച്ച്
പെണ്ണുരുവമാണ്ടവളോ
പറയൂ ……. കൺ പാർവ്വയിൽ
കന്മദംതൊടും
പേലവാംഗി നീയാര് ?
യാഗാഗ്നിയതേ തെളിയൂ
മൽഹൃത്തിൽ
പ്രേമ പൂജയല്ല
ദേവ പൂജനമതേ
സംഭവ്യമാകു നിത്യവും
കാട്ടുപാതയിൽ
പൂജാഹവ്യങ്ങൾ കണ്ടില്ലേ?
ചമതക്കോലൊടിക്കുവാൻ
കാട്ടുപൂക്കളടർത്തുവാൻ
വന്നവളല്ലോ താപസകന്യ
ഞാനെൻ ഉദ്യമമൊട്ടു നിവർത്തി പോകട്ടെ
വഴി മാറുക …അന്യനേ മുദാ
ഭവാനാരാകിലെന്ത്
സമയവിളംബമന്യേ
ആശ്രമമണയണം
മമ ഝടുതി ഭവാനറിയുക
സത്വരം .. വിടകൊൾവതി
ന്നനുമതി തരിക. ഇക്ഷണം
നരഭോജിയ്ക്കു
പിശിതാശനമതത്രേ തൃപ്തി
ഞാനെന്നഹംഭാവത്തിനാകില്ല
ഔചിത്യം നോൽക്കാൻ
ഗർദ്ദഭത്തിന്നെന്തു കുങ്കുമഗന്ധം
ഇരപിടിയനെന്തു കരുണ?
ദശാസന ഗർവ്വം തുലച്ചെറിഞ്ഞ
നൈർമല്യമൊരു വിഴുപ്പുഭാണ്ഡമായ് കിടപ്പൂ
നിശാചരതേ
അന്തിമ വിജയം നീ നേടിയെന്നോ നിനയ്ക്കുന്നു
വേദവതിയാണവൾ
നിൻ അന്തിമവിധിക്കു കാരണമാകേണ്ടോൾ
വിധിഹിതം നീ പാലിച്ചേ തീരൂ
സീതയെ കാണാമിനി
ചിത്രംതെളിയും കാലം. …..
നിൻ കണ്ണീരിന്നാധാരമാകുമവൾ
വേദവതീ പുത്രി
കാലം കണക്കുതീർക്കാതെ
പിൻവാങ്ങില്ലതു ന്യൂനം
അഹങ്കാര മസ്തകം
ഉയർന്നു നിൽക്കില്ല സദാ
ഇന്നു നീ മാളികയേറിലും
നാളെ … നിൻ ശിരസ്സു പതിയ്ക്കുമീ പാംസുവിൽ
രാവണന്നു മാത്രമല്ലിതു സംഭവ്യമാകുമെന്നോർക്ക
നാളെ നിനക്കുമിതു ഭവിച്ചിടാം
ഇണ്ടലന്യേ മണ്ണിൽ വാഴാൻ
വിനയം പോറ്റുക ജീവനിൽ.
