രചന : തോമസ് കാവാലം.✍️
എന്തേ, നീ വന്നെൻ മാനസത്തിലെ
മാന്ത്രിക വീണമീട്ടുന്നോ?
ആലസ്യം വിട്ടുണർന്നു നീ യെന്നിൽ
ആനന്ദാമൃതുപെയ്യുന്നോ?
പൂന്തേൻ പൂക്കളിലെന്ന പോലെന്നിൽ
പാരം നിൻ പ്രഭയെത്തുന്നു
പാരിനെ മാറ്റിപ്രേമമതൊന്നാൽ
പൂരിതമാക്കാൻ, നിർമ്മലം.
മണ്ണിനെ മൃദു സൗഭാഗ്യങ്ങളാൽ
വിണ്ണെന്നപോലെയാക്കീടാൻ
കണ്ണിനും കരൾ ഹൃത്തിനും മുദാ
കാഴ്ചയാകുക,യുൽക്കടം.
അമ്മിഞ്ഞയുണ്ണും ഉണ്ണിയെന്നപോൽ
ഉൺമതേടുമെൻ മാനസം
കണ്മണീ!നിന്നെ കാത്തു നിൽക്കുന്നു
കണ്ണിലെണ്ണയുമായ് സദാ.
വികർത്തനൻതൻ ദീപമീ മന്നിൽ
വെളിച്ചമാകുമെന്നപോൽ
തെളിച്ചീടുവാൻ ഒളിയാകുവാൻ
മുളയ്ക്കുക മനതാരിൽ.
വാർമഴവില്ലിൻ ശോഭയെന്നപോൽ
വാനിലമ്പിളിയെന്നപോൽ
വാനവരുണ്ണും വിണ്ണിൻ ഭോജനം
വന്നു വിളമ്പി നൽകുക.
