രചന : ഷിഹാബ് സെഹ്റാൻ ✍
മുഷിഞ്ഞുനാറിയ വസ്ത്രങ്ങളോടെ
തേഞ്ഞുതീരാറായ ചെരിപ്പുകളണിഞ്ഞ്
നീണ്ടുവളർന്ന താടിരോമങ്ങളും തടവി
കൈയിലൊരു നിറഞ്ഞ
മദ്യക്കുപ്പിയുമായ്
ഇരുണ്ടുവിളർത്തൊരു രാത്രിയിൽ
ലോഡ്ജിലെ പതിനാറാം നമ്പർ
മുറിയിൽ നീയെന്നെക്കാണാൻ വരും.
മാർക്സും, ഈഗിൾടണും
അയ്യപ്പനും, കടമ്മനിട്ടയും
ദസ്തയെവ്സ്കിയും, യോസയും
കാക്കനാടനും, ആനന്ദും
എം.എൻ.വിജയനും, എം.പി.അപ്പനും
നമ്മുടെ മണിക്കൂറുകളെ
നിസ്സാരമായി കൊന്നുതള്ളും.
വിലകുറഞ്ഞ റമ്മിൻ്റെ
ദംശനമേറ്റ് നീ തളർന്നുറങ്ങുമ്പോൾ
കഴുത്ത് ഞെരിച്ചു നിന്നെ
കൊലപ്പെടുത്തും!
ഉടുമുണ്ടഴിച്ച് മേൽക്കൂരയിൽ
കുരുക്കി വാത്സല്യപൂർവ്വം
നിന്നെയതിൽ കൊരുത്തിടും!
നേരം പരപരാ വെളുക്കുമ്പോൾ
മുഷിഞ്ഞുനാറിയ നിന്റെ
വസ്ത്രങ്ങളും, തേഞ്ഞുതീരാറായ
ചെരുപ്പുകളുമണിഞ്ഞ്
നീ താമസിക്കുന്ന ലോഡ്ജിലെ
പതിനാറാം നമ്പർ മുറിയും
തിരഞ്ഞ് നിറഞ്ഞൊരു
മദ്യക്കുപ്പിയുമായ് ഞാനിറങ്ങും
നിന്നെക്കാണാൻ…
⚫
