നീ ചർച്ച്ഗേറ്റിൽ
പതിവുപോലെ
ട്രെയിനിറങ്ങി.
വാച്ച് സമയം
9.35 AM എന്ന്
നിന്നോട് പറഞ്ഞു.
പലരിൽ ഒരുവനായി
നേരെ നടന്നു.
വെളിയിൽ
സൂര്യൻ നിന്നെ
സ്വീകരിക്കാൻ
കാത്ത് നിന്നു.
സൂര്യൻ നിന്നെ
ഓവർബ്രിഡ്ജ് കടത്തി
താഴേക്കിറക്കി വിട്ട് ,
പിൻവാങ്ങി.
നടപ്പാതയരികിലെ
വൃക്ഷനിരകൾ നിനക്ക്
തണൽപ്പായ വിരിച്ചു.
നീ ദക്ഷിണമുംബൈയിലാണ്.
ആകാശക്കൊട്ടാരങ്ങളുടെ
ദക്ഷിണ മുംബൈ.
ധനാഢ്യയും
പ്രൗഢയുമായ
സുന്ദരിയായ
ദക്ഷിണ മുംബൈ.
ആടയാഭരണങ്ങളണിഞ്ഞ
ദക്ഷിണ മുംബൈ.
അവളുടെ ചലനങ്ങളിൽ
താക്കോൽക്കൂട്ടത്തിന്റെ
കിലുക്കം..
എങ്കിലും….
വിശപ്പിന്റെ
അലർച്ചകൾ കേട്ട് നീ
ഞെട്ടിയില്ല.
മുഷിഞ്ഞ് കീറിയ
കാക്കി ഷർട്ടും,
മുഷിഞ്ഞ് കീറിയ
കാക്കി നിക്കറും,
നെഞ്ചോളം നീണ്ട
താടിയും,
മുടിയുമായി,
ഒരുവൻ
വയറ് പൊത്തിപ്പിടിച്ച്
”ഖാനാ,ഖാനാ,ഖാനാ”
എന്ന്
ലോകത്തിന്റെ മുമ്പിൽ
അലറിക്കരയുന്നു.
ഒരു പതിനഞ്ചടി കൂടി
നടക്കുമ്പോൾ,
നടപ്പാതയോരത്തെ
പൂത്തുലഞ്ഞ
വാകമരച്ചോട്ടിൽ
പട്ടുടയാടകളോടെ
ആരെയോ കാത്ത്
തീജ്വാല പോലൊരു
മോഹിനി…..
നീ ഒരു നോട്ടമെറിഞ്ഞതും
ഒരു കണ്ണിറുക്കി
നിന്നെയവൾ മോഹിപ്പിച്ചു.
നിനക്കവളെ
വില പറയാനാവില്ലന്നറിഞ്ഞ്
കാണാത്ത മട്ടിൽ
നടന്നു നീങ്ങി.
ഒരു അറബിയോ,
സേഠോ
കാറുമായി വന്ന്
അവളെ
കൊണ്ടുപൊയ്ക്കൊള്ളുമെന്ന്
നീ അസൂയപ്പെട്ടു.
നിന്റെ പ്രയാണം തുടർന്നു.
എതിരെ വരുന്ന ആരോ
എങ്ങോട്ടേക്കോ
വഴി ചോദിച്ചു.
കേട്ട ഭാവം നടിക്കാതെ
നീ നടന്നു നീങ്ങി.
അല്പമകലെ നിന്ന്
ഇരുനിറക്കാരനായ
ഒരു ഹിഡുംബൻ
ജീൻസും
റോസ് ടീഷർട്ടുമിട്ട
ഒരു മദാമ്മയുടെ
കക്ഷത്തിനിടയിൽ
കൈയിട്ട് വലിച്ചിഴച്ച്
വരുന്നതും
അവൾ വിതുമ്പുന്നതും
കണ്ടു, കണ്ടില്ല.
അയാൾ മലയാളത്തിൽ
മദാമ്മയോട്
വെടലച്ചിരിയോടെ.
‘ഇങ്ങ് നടക്കെടീ,
നിനക്ക് ഞാൻ
വെച്ചിട്ടുണ്ട്’
എന്നുറക്കെപ്പറഞ്ഞ്
വരുന്നത്
നോക്കി നിൽക്കാതെ
മാന്യനായി.
അങ്ങനെ പലതും
ഓരോ ദിവസവും
ഓരോന്ന്
കണ്ടെന്നും വരാം,
കണ്ടില്ലെന്നും
വരാമെന്നോർത്തു.
എൽ.ഐ.സി ബിൽഡിംഗ്,
എക്സ്പ്രസ് ബിൽഡിംഗ്,
ഓബ്റോയ്-ട്രൈഡന്റ്,
ബാങ്ക് ഓഫ് അമേരിക്ക
അങ്ങനെ അങ്ങനെ
ആകാശം തൊടുന്ന
ദക്ഷിണ മുംബൈക്കാഴ്ചകൾ.
വാഹനപ്പുഴകൾ.
വളവ് തിരിയുന്നതിന്
മുമ്പ്
ഭക്തവാർ ബിൽഡിംഗിന്റെ
ഗേറ്റിൽ
പാളിപ്പോയ
ഗൾഫ്‌ സ്വപ്നത്തിന്റെ
ഇരയായൊരു
ചെറുപ്പക്കാരൻ
ഏജന്റിനെ
കൊങ്ങക്ക് പിടിച്ച് പൊക്കി
പടക്കം പൊട്ടിക്കുന്ന
കാഴ്ച കണ്ട്
ഗൗനിക്കാതെ
പലരിൽ ഒരുവനായി
നീ നീങ്ങി.
വീണ്ടും
വളവ് തിരിഞ്ഞ്
പ്രയാണം തുടർന്നു.
നടന്ന് നടന്ന്
നിന്റെ ലക്ഷ്യമായ
പതിനഞ്ച് നിലക്കെട്ടിടത്തിന്റെ
ഗേറ്റ് കടന്ന്
ലിഫ്റ്റിന് മുമ്പിലെ
ക്യൂവിൽ
മെമ്പർഷിപ്പ് എടുത്തു
പതിവുപോലെ.
ഗ്രൗണ്ട് ഫ്ളോറിലെ
പ്രശസ്തമായൊരു
സ്ഥാപനത്തിലെ
ഒരു യുവതി
നേരത്തെ വന്ന്
അറ്റൻഡൻസ്
മാർക്ക് ചെയ്ത്
ഒരു കാരണവുമില്ലാതെ
പതിനഞ്ചാം നിലയിലേക്ക്
ലിഫ്റ്റിലുയർന്ന്,
ലിഫ്റ്റ് ഓപ്പറേറ്റർ പയ്യന്റെ
കവിളത്ത്
ഒരുമ്മ കൊടുത്ത്
റ്റാറ്റ പറഞ്ഞ്,
കൈവീശി
ജനാലയിലൂടെ
വായുവിൽ പറന്ന
വർത്തമാനം
ആരോ
പിറുപിറുത്തെങ്കിലും
നീ കേട്ടിട്ടും
കേൾക്കാതെ നിന്നു….
നിത്യഗർജ്ജനമായി
വിശപ്പിന്റെ
അലർച്ചയൊഴികെ
ചിത്രങ്ങൾ
മാറി മാറി വരും
നഗരത്തിൽ……

കെ.ആർ.സുരേന്ദ്രൻ

By ivayana