രചന : ഷാജി പേടികുളം✍
സിംഹാസങ്ങൾ പരിഭവിച്ചു
കിണുങ്ങാൻ തുടങ്ങി
ഭരണാധികാരികളുടെ
ഭാരം താങ്ങാനാവാതെ കിതച്ചു.
അവരിരിക്കുമ്പോൾ
മുട്ടുകൾ വേദനിക്കുന്നു
അവർ ചാരുമ്പോൾ
മുതുക് വേദനിക്കുന്നു.
അവരുടെ കൈകൾ
താങ്ങാനാവാതെ ഞരങ്ങുന്നു.
കാലുകളുറയ്ക്കുന്നില്ല
ഇത്രയും ഭാരമുള്ള
ഭരണവർഗ്ഗത്തെ ഇന്നേവരെ
ചുമക്കേണ്ടി വന്നിട്ടില്ല.
എത്രയെത്ര ഭരണാധികാരികൾക്ക്
ഞങ്ങൾ ഇരിപ്പിടമായിട്ടുണ്ട്.
അതോർക്കുമ്പോൾ രോമാഞ്ചമുണ്ടാകുന്നു.
ഒട്ടും ഭാരമനുഭവപ്പെട്ടിട്ടില്ല.
എന്തൊരഭിമാനമായിരുന്നു.
സിംഹാസനമെന്ന നിലയിൽ
തെല്ലൊരഹങ്കാരമായിരുന്നു.
മറ്റു ചെറു കസാലകൾ
അസൂയയോടെ നോക്കുന്നത്
കണ്ടു ഞെളിഞ്ഞിട്ടുണ്ട്.
ഇന്ന് ചെറു കസാലകൾ
പരിഹസിച്ചു രസിക്കുന്നു.
വയ്യ സഹിക്കാൻ വയ്യ
രക്ഷപ്പെട്ടാൽ മതിയാർന്നു.
പാവം സിംഹാസനങ്ങൾ
അവർക്കറിയില്ലല്ലോ
നടുവൊടിഞ്ഞ ജനതയുടെ
ദുരിതങ്ങളുടെ കഥ!!!
