ജന്മജന്മാന്തരങ്ങളായി
നീ തന്നെയായിരുന്നിരിക്കണം
എൻ്റെ പ്രണയം!!
അതുകൊണ്ടാവാം
ഞാനിത്രമേൽ തീവ്രമായി
ഈ പാരിജാതത്തിൻ സുഗന്ധത്തെ
നെഞ്ചിലേറ്റുന്നത്.
നിശയുടെ ഇലയനക്കങ്ങൾക്കിടയിൽ
ഓരോ പാരിജാതമൊട്ടിനേയും
പൂനിലാവ് ചുംബിച്ചുണർത്തുമ്പോൾ
ആ പ്രണയപരിമളം
എന്നെത്തേടിയെത്തുന്നതും.
ഇത്രമേൽ നിന്നെഞാൻ പ്രണയിച്ചിട്ടും
ജന്മാന്തരങ്ങളിലെവിടെയോ
നീയെന്നെ മറന്നുവച്ചിരിക്കുന്നു.
അതാണിത്രമേൽ ഭ്രാന്തമായ്
നിന്നെ ഞാൻ
തേടിക്കൊണ്ടിരിക്കുന്നത്.
ഇനിയുള്ളജന്മങ്ങളിലെല്ലാം
നാം കണ്ടുമുട്ടിയേക്കാം,
അന്ന് പാരിജാതംപൂത്തുലഞ്ഞ
പ്രണയസുഗന്ധംനിറഞ്ഞ
താഴ്വരയിലേക്ക്,നാമിരുവും
മനസ്സുകളെ തമ്മിൽ
കൊരുത്തുപിടിച്ച്
ഒരുയാത്ര പോകണം, വീണ്ടും
പ്രണയിച്ചു തുടങ്ങാനായി!!.

മഞ്ജുഷ

By ivayana