രാവേറെയായിട്ടും രാക്കുറി മാഞ്ഞിട്ടും
ഇനിയും നീയെന്തേ ഉറങ്ങിയില്ല ?
മഴമേഘം തൂവിപോയി, തൂമഞ്ഞലിഞ്ഞുപോയ്
വസന്തങ്ങളേറെ കടന്നുപോയി ?
ഋതുമതിയായി നീ പലവട്ടമെങ്കിലും
ഒരു പൂക്കാലവും പൂത്തതില്ല …
ഒരു കുഞ്ഞു പാദത്തിൻ ഉണ്ണിവിരലുകൾ
പൂമുഖമുറ്റത്തു പതിഞ്ഞതില്ല….
ഒരു കൊച്ചുപുഞ്ചിരി,
ആ കിളിക്കൊഞ്ചലും
നീയെത്ര മാത്രം കൊതിച്ചിരുന്നു …
ഒരുകാൽചിലമ്പൊലി കേൾക്കുവാനെത്ര
കാലങ്ങൾ കാതോർത്തു കാത്തിരുന്നു …
രാവേറെയായിട്ടും രാക്കുറി മാഞ്ഞിട്ടും
പ്രിയേ, നീ ഇനിയുമുറങ്ങിയില്ലേ ?
ഒരു പാളത്തൊട്ടിയിൽ എള്ളെണ്ണ തേയ്പ്പിച്ചു
ഉണ്ണി കൈക്കാലുകൾ തടവാൻ കൊതിച്ചു നീ
അമ്മിഞ്ഞ നല്കുവാൻ, കുഞ്ഞിളം നാവിൽ
തേനും വയമ്പും തൊട്ടു നല്കീടുവാൻ
പൊട്ടു കുത്തീടുവാൻ, കണ്ണെഴുതീടുവാൻ
തൊട്ടിലിൽ താരാട്ടു പാടിയുറക്കുവാൻ.
അറിയുന്നുഞാൻ നിന്‍റെ മോഹങ്ങളതിനുള്ളിൽ
എരിയുന്ന ആത്മാവിൻ ദാഹങ്ങളും
തൂവേണ്ട കണ്ണുനീർ തേങ്ങേണ്ട മാനസ്സം
നമ്മൾക്ക് നമ്മൾ തൻ മക്കളായി മാറിടാം

മാധവ് കെ വാസുദേവ്

By ivayana