രചന : രാജു വിജയൻ ✍️
ഇന്നലെയുറക്കത്തിലാരെയോകാക്കുന്നൊ
രൻജാത കാമുകൻ വിരുന്നിനെത്തി..
ഏറെ പഴക്കം വരച്ചു കാട്ടീടുന്നോ
രമ്പല കുളക്കൽപ്പടവതിലായ്…!
മ്ലാനതയാർന്നൊരാ പൂമുഖം കണ്ടെന്റെ
മാനസമെന്തിനോ വേപഥുവായ്..
നിലിച്ച കണ്ണുകളാരെയോ തേടുന്ന
താരെയെന്നറിയുവാൻ ജിജ്ഞാസയായ്…
ഏറെ പരിചിതമാർന്നൊരാ ശാലീന
സൗകുമാര്യൻ എന്റെ നേർ ചിത്രമോ…?
ഏതിരുൾക്കാട്ടിലും കണ്ടുമുട്ടീടുന്ന
സ്വപ്നങ്ങളറ്റൊരെൻ പാഴ്ച്ചിത്രമോ..?
കാണുവാനിടയില്ലാ കൂട്ടുകാരിക്കായി
വേദന പൂക്കുന്ന മുൾ മുരുക്കോ…?
നീറുന്ന നെഞ്ചകം നീറ്റീടുവാൻ മാത്രം
നോവുകൾ പെയ്യുന്നോരാർദ്ര രാവോ..?
കൂടുപേക്ഷിച്ചകന്നകന്നെങ്ങോ പാറിയോ
രാത്മബന്ധനത്തിന്റെ വേഴാമ്പലോ..?
ആരുമായ്ക്കൊള്ളട്ടെ, അഞ്ജാതനാകട്ടെ
ആരിവനായാലുമെൻ അശ്രുബന്ധു..!
സ്വപ്നം മയങ്ങുമ്പോൾ, രാവുണർന്നീടുമ്പോൾ
ഇല്ലവനെൻ ബോധ മണ്ഡലത്തിൽ…!
എന്നിലെൻ ദീപ്തമാം ഓർമ്മകൾ നട്ടൊരെൻ
കൗമാര കാമുകാ നീയെവിടെ…?
ഒരു നിഴൽച്ചിത്രമായ്, ഓർമ്മപ്പിശകുപോൽ
നിന്നെയെന്നകമേ വരച്ചിടട്ടെ…?
നിന്നെയെന്നകമേ വരച്ചിടട്ടെ…!ഞാൻ
നിന്നെയെന്നകമേ വരച്ചിടട്ടെ…?!!