താനാണ്
മേൽക്കൂര ചുമക്കുന്നതെന്ന
മിഥ്യാ ധാരണയിലായിരുന്നി-
ക്കാലമത്രയും,..
പല്ലിയെപ്പോലെ..!!
ആരും ഉണർത്താതുണർന്നു
പഠിക്കാൻ മക്കൾക്കും
ഷേവ് ചെയ്യാൻ സ്വയം
ബ്ലേയ്ഡ് എടുക്കാൻ കെട്ട്യോനും
ഞാനഞ്ചു ദിവസം
കിടപ്പാകണമായിരുന്നു.
ഹോട്ടൽ ഭക്ഷണം
മോശമെന്നുപറഞ്ഞെന്നെ
നിരാശപ്പെടുത്തിയിട്ടുള്ള
എന്റെ ആരോഗ്യത്തിന്റെ
കാവൽക്കാരൻ…,
ഞാനടുക്കളയിൽക്കിടന്നു
പുകഞ്ഞുണ്ടാക്കുന്ന
ഭക്ഷണത്തേക്കാൾ
ആർത്തിയോടെ
കഴിക്കുന്നു മക്കളോടൊപ്പം..!!
ഞാൻ വേണ്ടെന്നുവച്ച
യാത്രകൾ,
നഷ്ടപ്പെടുത്തിയ
സന്തോഷങ്ങൾ,
എനിക്കെടുക്കാതെ
വിളമ്പിയത്….
എല്ലാമെന്നെനോക്കി
കൊഞ്ഞനം കുത്തുന്നു
ഈ കിട്ടിയ
അഞ്ചുദിവസം
കുറച്ചു നേരത്തെയായിരുന്നെങ്കിൽ…..!!!

സുമ ബാലാമണി

By ivayana