പേറ്റുയന്ത്രങ്ങൾ
നെലോളിക്കാനേ പാടില്ല…
പ്രതികരിക്കാനോ
അഭിപ്രായം പറയാനോ
അവകാശവുമില്ല…
കെട്ടിയ പുരുഷനെ
തൃപ്തിപ്പെടുത്താനായിട്ട്
പടച്ചതമ്പുരാൻ പടച്ചൊരു
പടപ്പായതോണ്ട്
തിരുവായ്ക്കെതിർവായില്ലാതെ
സഹിച്ചും ക്ഷമിച്ചും
അടങ്ങിപ്പാർക്കലാണത്രേ
പേറ്റുയന്ത്രങ്ങൾക്കുത്തമം…
പേറ്റുനോവിൽ പിടഞ്ഞ്
വീട്ടിനുള്ളിൽ കിടന്ന്
ചോരവാർന്നുവാർന്ന്
ജീവൻ വെടിഞ്ഞാലും,
“ആശൂത്രീലെത്തിക്കൂ…”
ന്നും പറഞ്ഞോണ്ട്
പേറ്റുയന്ത്രങ്ങൾ
നെലോളിച്ചേക്കരുത്…
കെട്ടിയോനെ തൃപ്തനാക്കി
പൊരുത്തത്തോടെ
മരിച്ചു ചെന്നാൽ,
സുബർക്കത്തോപ്പിൽ
ഏതാണ്ടെന്തൊക്കെയോ
നിങ്ങൾക്ക് കിട്ടുമെന്നല്ലേ
ചെറുപ്പംതൊട്ടേ പഠിച്ചത്…
കിട്ടിയ സൗഭാഗ്യങ്ങൾക്കൊപ്പം
സുബർക്കത്തിലിരുന്ന്
ആഘോഷിക്കുമ്പോൾ,
അയാളെക്കുറിച്ചോർത്ത്
നിങ്ങളെന്തിനാണിങ്ങനെ
വ്യാകുലപ്പെടുന്നത്?
വിവിധ കമ്പനികളുടെ
കാറ്റലോഗുകൾ പരതി,
ലേറ്റസ്റ്റ് മോഡലിലുള്ള,
പ്രവർത്തനക്ഷമത
കൂടുതലായുള്ള,
പുതിയൊരു പേറ്റുയന്ത്രത്തിന്
ഓർഡർ കൊടുക്കുന്ന
തിരക്കിനിടയിൽ,
അയാൾ നിങ്ങളെയിപ്പോ
എങ്ങനെയോർക്കാനാ???

By ivayana