രചന : റാണി സുനിൽ ✍
പണ്ടെങ്ങോ
ചിരട്ടപൂട്ടിട്ടൊളിപ്പിച്ച്
പച്ചതൊണ്ടിട്ട്
പൊതിഞ്ഞു സൂക്ക്ഷിച്ച
ഇളനീർ കുടം പോലായിരുന്നു
കുട്ടിത്തം
ഇടക്കിടക്ക് ഇളംകരിക്കിലേക്കുള്ള
സ്വപ്നാടനം പോലും വിലക്കുംവിധം
കുഞ്ഞു തോളിൽ
ഇരട്ടിക്കനമുള്ള കുരിശും.
തക്കം നോക്കി വിടരാൻ
കാറ്റിൽ കലമ്പിച്ചിരിക്കാൻ
ചില്ലത്തുമ്പിലൊളിച്ച
തളിർ ചുരുളായിരുന്നു
കുറുമ്പ്
അതീവ രഹസ്യമായതുകൊണ്ടാവും
വേനൽതീയെടുത്തില്ല
തീർന്നുപോയില്ല
പുതുമഴകഴിഞ്ഞ
ഈയൽ പറക്കലിലാണിന്ന്.
മറവിമായ്ക്കും മുൻപേ
കുഞ്ഞായിരിക്കാൻ കൊതിച്ച്
കൂട്ടുകൂടി കുറുമ്പായി
നിർത്താതെ ചിരിച്ചു
രസിച്ചു മറിയുകയാണ്
കാരണമില്ലാതെ
കരഞ്ഞുവഴക്കിടുകയാണ്
ഓടിക്കളിച്ചുവന്നതാണ്
കെട്ടിപ്പിടിച്ചുമ്മ വെയ്ക്കയാണ്
കതിരും വിളയുമാവുന്ന
മന്ത്രത്തിലാണിപ്പോൾ
മുതിർന്നിട്ടും
കുട്ടിത്തം മാറിയിട്ടില്ലെന്നു
പറഞ്ഞവരോട്
കുഞ്ഞായിരിക്കെതന്നെ വളർന്നുപോയതാണെന്ന്
ഒന്ന് പറയണേ..