കടലുംതാണ്ടിപ്പാറും പക്ഷിക്ക-
തിരുകളാഴികളിരുകരകൾ
തളരാറില്ലവ തിരകളുകണ്ടിട്ട-
ഴലോടാർത്തരുമാകില്ലാ!

ഭൂഖണ്ഡാന്തര യാത്രനടത്തി
ഭൂമിയിൽവാഴും പക്ഷികളോ
കടലാഴങ്ങളതോർത്തു ഭ്രമിപ്പൂ
കടലിന്നക്കര തേടുമ്പോൾ?

ദൗത്യം ദുഷ്കരമാണെന്നാലും
ലക്ഷ്യം നിശ്ചിതമാണെങ്കിൽ
കൈയും, മെയ്യും സജ്ജമതാകും
കർമ്മം ചെയ്തിടുമനവരതം!

വിധിയുടെ വക്രമുഖത്തിൻ മുന്നിൽ
തളാരാതെന്നും പൊരുതാനായ്
തനുവിലൊരൂർജ്ജം ഉണരട്ടേ, നാം
പഴുതില്ലാതെ പ്രവർത്തിക്കാൻ

അഴലിനുമുന്നിൽത്തളരുന്നോ മന-
മറിയാതിടറുകയാണെന്നോ
കടലും താണ്ടിവരുന്ന ഖഗത്തിൽ
നിശ്ചയദാർഢ്യമതോർക്കുക നാം

ഉയരെക്കൂടുകൾകൂട്ടും കഴുകൻ
ചിറകുമുളയ്ക്കും പൈതലിനെ
ഉയരത്തിൽ നിന്നുന്തിയിടുന്നതി-
നടിയിൽ ചിറകുവിരിക്കുന്നൂ!

മരണം വന്നുഭവിക്കാതവയുടെ
ചിറകുകൾ താങ്ങായ് നില്ക്കുവോൾ
പുതുജന്മത്തിന് വിഗഹം താൻ
പുതുഗാഥ കുറിക്കുകയാണെല്ലോ?

ചിറകിന്നുള്ളിലൊളിപ്പിച്ചും ആ
ചിറകിനു മുകളിൽപ്പാറിച്ചും
പ്രതികൂലങ്ങളു താണ്ടാൻ പക്ഷികൾ
തനയരെയെന്നുമൊരുക്കുന്നൂ!

ഉയരം ലക്ഷ്യമതാകുമ്പോൾ നാ-
മുയരാതുന്നതി പൂകിടുമോ
ചിറകുകൾ ശക്തിവരിച്ചെന്നാലേ
ചെതമൊരുഭാവിയതുണ്ടാകൂ !

പ്രതികൂലത്തിൽ തളരാതെ
പതിവായുള്ള പ്രയത്നത്താൻ
അനുകൂലം തന്നായിടുമുലകം
വഴിയിലതോർക്കുക നാമെന്നും!

By ivayana