രചന : ഡോ, ബി, ഉഷാകുമാരി, അഞ്ചൽ✍️
കാലമാം തേരുരുളുന്നു,, ശരം പോലെ
വർഷങ്ങൾ പാഞ്ഞകലുന്നു!
ഭാവന ചെന്തളിർ പാകും വനിയിൽ
ഞാൻ സ്വപ്‌നങ്ങൾ കണ്ടിരിക്കുന്നു!
ഭാവങ്ങളർച്ചനാപുഷ്പങ്ങളായെന്റെ
തൂലികത്തുമ്പിലൂറുന്നു!
കാവ്യങ്ങൾ കൈരളീ ദേവീ പദങ്ങളിൽ
കാണിക്കയായ് പതിക്കുന്നു!
ശാസ്ത്രം ജയിക്കുന്നു, നൂതനസൗഭാഗ്യ
രഥ്യകൾ മുന്നിൽ നീളുന്നു!
ജാതാദരം നോക്കി നില്ക്കുമെൻ
കണ്ണുകൾ കാണാപ്പുറങ്ങൾ തേടുന്നു!
വിശ്വവിജയി താനെന്നോർത്തഭിമാന
ഭേരി മുഴക്കുന്നു ശാസ്ത്രം!
ദേശകാലാതീതമെന്തിനും മീതെ ഹാ!
മേവുന്നു നിത്യചൈതന്യം!
നിസ്സാരജീവിയാം മർത്ത്യന്നതീതമായ്
നില്ക്കുന്ന ശക്തി താൻ സത്യം!
ആത്മീയശക്തിയതിൻ മുന്നിലെന്നെന്നും
കൈകൂപ്പി നില്ക്കുന്നു ചിത്തം!
