രചന : രാജശേഖരൻ, ഭോപ്പാൽ ✍️
ഇരുളിന്റെ ചില്ലകളിൽ രാപ്പാടികൾ ചിലക്കുന്നു…
ചിതറി തെറിക്കുന്നു
ചുറ്റും ഭയത്തിന്റെ വിത്തുകൾ..
ഗതകാലസ്‌മൃതികളുടെ കനലുകൾ
വീണ്ടും ഊതി തെളിക്കുന്നു
വരേണ്യസ്വപ്നങ്ങൾ തൻ പിൻപിറപ്പുകൾ…
അധികാരത്തിന്റെ കൊമ്പത്തിരുന്ന്
ശവംതീനികൾ തൂവൽ മിനുക്കുന്നു,
ചങ്ങല കൊളുത്തുകളിൽ വേട്ടപ്പട്ടികൾ മുരളുന്നു
ആണിയടിച്ച ലാത്തികൾ വീശി തെരുവിൽ
ഉലാത്തുന്നു മഫ്ത്തി പോലീസ്..
വിദ്യാലയങ്ങളിൽ, നാലും കൂടും കവലകളിൽ,
തൊഴിലിടങ്ങളിൽ, വീട്ടുമുറ്റങ്ങളിൽ,
ആര്യവാർത്തത്തിന്റെ ഫുൽക്കാരങ്ങൾ..
ക്ഷതങ്ങളേറ്റുവാങ്ങി, നീരൊടുങ്ങി,
പ്രകാശം കെട്ട, വരണ്ട ഉടലുകളുടെ
ഉള്ളുരുകിയ വായ്ത്താരികൾ,
തുറുങ്കുകളുടെ ദുരന്തദൂരങ്ങൾ
താണ്ടി വരുന്ന കാറ്റേറ്റ് പാടുന്നുണ്ട്
വീണുപോയിടത്തെല്ലാം മുളക്കുന്നുണ്ടു
വീണ്ടും അന്തിചോപ്പിന്റെ അങ്കുരങ്ങൾ
വീഴ്ചകളുടെ മണ്ണാഴങ്ങളിൽ നിന്നു
പിണഞ്ഞു കയറുന്നുണ്ടു വീണ്ടും
കൊലയുടെ മറുപുറം കണ്ട കരിംപാമ്പുകൾ…
മനുഷ്യനും മനുഷ്യനും ഇടയിൽ
പരന്നൊഴുകുന്ന ഇരുളിന്റെ പാരാവാരങ്ങൾ
നീന്തി പ്രത്യാശയുടെ പന്തങ്ങൾ വീശി
വരുന്നുണ്ട് പുതിയ തലമുറകൾ…
മണ്ണിന്റെ അടിവേരിൽ നിന്നു വീണ്ടും
കതിര് കൊത്തിപൊങ്ങുന്നുണ്ട്
ആകാശചില്ലനോക്കി മുറിവുണങ്ങാ-
ചിറകുമായ് വെള്ളരിപ്രാവുകൾ…

