ഒന്ന്,
കൊളുത്തി വലിക്കുന്നത്
നീയൊന്നും
മിണ്ടാതെ പോവുന്നതു കൊണ്ടാണ്
നിനക്കുവേണ്ടി
ഹൃദയമാം
ഇല്ലിപ്പടി തുറന്നിട്ടത്
ഒരു നുള്ളു ചായപ്പൊടിക്കും
നാലുചുള ഉള്ളിക്കും
അക്കരെയിക്കരെ കടക്കാനും
നിൻ്റെ പ്രണയം
പൊള്ളിച്ചെടുക്കാനുമായിരുന്നു.
ഇല്ലായ്മയുടെ
എത്രയെത്ര മനോവ്യാപാരങ്ങൾ
പ്രണയത്തിൻ്റെ
എത്രയെത്ര
ചുട്ടെടുത്ത ചിക്കൻ ടിക്കകൾ
സൗഹൃദത്തിൻ്റെ എത്രയെത്ര
കുലവാഴകൊണ്ടലങ്കരിച്ച
വിവാഹ നിശ്ചയങ്ങൾ
എൻ്റെ ഹാർട്ട് ഡോറിലൂടെ
കടന്നു പോയി
വേലിയെന്നും വേലിയാണ്
എനിക്കു പകരം
മുളക്കുന്ന മതിലുകൾ
എംഡിഎംഎ യെക്കാളും
നിഗൂഢമാണ്
നെഞ്ഞത്ത്
ചെലന്നിപ്പൂ പടരുന്ന നേരത്താണ്
പന്നിക്കൂട്ടങ്ങളെൻ്റെ
അതിർത്തി ഭേദിച്ച്
പായാറുണ്ടായിരുന്നത്
അസഹിഷ്ണുത തിന്ന് ജീവിക്കുന്ന
മതിലുകൾക്കറിയുമോ
ബീവാത്തുമ്മയും
നാരായണേട്ടനും പങ്കു വെച്ച
വേലിത്തുരുത്തിലെ
ബിരിയാണിയുടെ റങ്കും
പാൽപായസത്തിൻ്റെ
ശൊങ്കും
മതിലുകൾ
നാലാൾ പൊക്കം മറയ്ക്കാനാണ്
വേലി
നാലാളെ കൂട്ടിച്ചേർക്കാനാണ്
എന്നാലും “സ്നേഹ ” മതിലാണ്
സ്നേഹ വേലികൾ
കരിമ്പിൻ പൂവുകൾക്കുമക്കരെയാണ്.

രാജേഷ് കോടനാട്

By ivayana