രചന :എൻ.കെ.അജിത്ത് ആനാരി ✍
ഇന്ന് ഞാൻ ഇവിടെ ചിന്തിക്കുന്ന കാര്യങ്ങൾ ഒരുപക്ഷെ പലർക്കും അപഹാസ്യമായി തോന്നിയേക്കാം. ചിലർക്ക് ഞാൻ മതപ്രചാരണം ചെയ്യുന്നു എന്നും തോന്നിച്ചേക്കാം. ഇന്നത്തെ എൻ്റെ ചിന്ത ഓശാന ഞായാറാഴ്ചയെ പറ്റിയാണ്. എന്താണ് ഓശാന ഞായറിൻറെ പ്രത്യേകത ? നമുക്കറിയാം യേശു കഴുതപ്പുറത്തു കയറിയ ഓർമ്മയാണ് ഓശാന ഞായർ ആയി ക്രിസ്ത്യാനികൾ കൊണ്ടാടുന്നത്. എന്നാൽ യേശു ഒരു കഴുതപ്പുറത്തു കയറിയത് അത്ര വലിയ കാര്യമാക്കേണ്ടത് ഉണ്ടോ ? അതാണ് ഇവിടെ ഞാൻ എന്റെ ജീവിതവുമായി താരതമ്യം ചെയ്തു ചിന്തിക്കാൻ ആഗ്രഹിക്കുന്നത് .
വിശുദ്ധ വേദപുസ്തകത്തിൽ പുറപ്പാട് പുസ്തകം അധ്യായം പതിമൂന്ന് പതിമൂന്നാം വാക്യത്തിൽ ഇപ്രകാരം നാം വായിരിക്കുന്നു, ” എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ഒക്കെയും ആട്ടിൻകുട്ടിയെ കൊണ്ട് വീണ്ടുകൊള്ളേണം, അതിനെ വീണ്ടുകൊള്ളുന്നില്ലയെങ്കിൽ അതിന്റെ കഴുത്തൊടിച്ചു കളയേണം” എന്ന് !
എന്താണിവിടെ നാം വായിക്കുന്നത് ? കനാന്യ ദേശത്തു അന്ന് എല്ലാ ഉല്പന്നങ്ങളിലും ആദ്യ ഫലം യഹോവയ്‌ക്കായി മാറ്റി വെയ്ക്കണം. അങ്ങനെ കഴുതയുടെ ആദ്യ കടിഞ്ഞൂലിനെ എടുക്കുമ്പോൾ അതിനു പകരമായി ഒരു ആട്ടുകൊറ്റനെ പകരമായി നൽകണം. അങ്ങനെ ആരും നൽകിയില്ല എങ്കിൽ കഴുത കൊല്ലപ്പെടും.
ഇങ്ങനെ ആരാലും മറുവിലനൽകാൻ ഇല്ലാതെ കെട്ടപ്പെട്ട നിലയിൽ കഴുത്തൊടിയാൻ വിധിക്കപ്പെട്ട ഒരു കഴുതയെയാണ് യേശു ബഥാന്യയിൽ എത്തുമ്പോൾ തന്റെ ശിഷ്യന്മാരെ പറഞ്ഞു വിട്ടു വീണ്ടെടുക്കുന്നത്. ആ കഴുതയാവട്ടെ ആരും ഇന്നുവരെയും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയാണ്. “അതിനെ അഴിക്കുമ്പോൾ അതിന്റെ യജമാനൻ എന്തിനെന്നുചോദിച്ചാൽ കർത്താവിനു ഇതിനെകൊണ്ട് ആവശ്യമുണ്ട് എന്നുപറയണം എന്നാണു യേശു ശിഷ്യന്മാരോട് പറഞ്ഞു വിടുന്നത്.
കഴുതയെ കൊണ്ടുവന്നപ്പോൾ ഉണ്ടായ മാറ്റങ്ങൾ നോക്കിക്കാണാം….
ശിഷ്യന്മാർ കഴുതയെ കൊണ്ടുവന്നപ്പോൾ അവിടെ ഒരു പുരുഷാരം തടിച്ചു കൂടി. അവർ വസ്ത്രങ്ങൾ അഴിച്ചു വഴിയിൽ നിരത്തി. കുറെ ആൾക്കാർ വസ്ത്രങ്ങൾ കഴുതയുടെ പുറത്തും വിരിച്ചു. പ്രിയപ്പെട്ടവരെ, എന്ത് ഭാരം തന്റെ ചുമലിൽ എടുത്തുവച്ചാലും ഒന്നും മിണ്ടാതെ തലയും കുമ്പിട്ടു മുന്നോട്ടു നടക്കാൻ മാത്രം ശീലിച്ചിരിക്കുന്ന ഒരു കഴുത കർത്താവിനു അടുത്ത് എത്തിയപ്പോൾ അതിനു ലഭിച്ച സ്ഥാനവും മാനവും എത്ര വലുതാണ് ? ഇന്നുവരെ കല്ലിലും മുള്ളിലും നടന്നിട്ടുള്ള കഴുതയ്ക്ക് നടക്കാൻ ഇപ്പോൾ തുണിവിരിച്ച പതുപതുത്ത വഴിത്താര ഒരുങ്ങി. അവന്റെ പുറത്തു പട്ടുവസ്ത്രങ്ങൾ വിരിച്ചു അതിനെ അലങ്കരിച്ചു. ഓർക്കുക, ആരും മറുവില കൊടുക്കാൻ ഇല്ലാതെ കെട്ടപ്പെട്ട ഒരു കഴുത , കഴുത്തൊടിഞ്ഞു ചാവാൻ മാത്രം വിധിക്കപ്പെട്ട ഒരു ജീവി, നാസറായനായ യേശു വീണ്ടെടുത്തപ്പോൾ അതിന്റെ ജീവിതത്തിൽ വന്ന മാറ്റം , ഇന്നുവരെയും ചരിത്രം ആ കഴുതയെ ഓർക്കാൻ ഉണ്ടായ കാരണം കർത്താവാണ് എന്നുകാണുമ്പോൾ തീർച്ചയായും അത്ഭുതപ്പെട്ടു പോകുന്നു ഞാൻ.
പ്രിയപ്പെട്ടവരെ, ഞാൻ ആ കഴുതയിൽ എന്നെത്തന്നെ കാണുകയാണ്. പത്താമത്തെ വയസിൽ അച്ഛൻ മരിച്ച ഏഴിൻറെന്ന് എന്നെ വല്യച്ഛന്റെ വീട്ടിലേക്കു കൊണ്ടുപോയി. അവിടെ ഞാൻ എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്തവനായി വളർന്നു. ഒൻപതാം ക്ലാസ്സ് മുതൽ ഞാൻ കൂലിവേലയ്ക്കു പോയിത്തുടങ്ങി. എനിക്കാവശ്യമുള്ള വസ്ത്രങ്ങൾ , സോപ്പ് ചീപ്പ് എന്നുവേണ്ട എല്ലാം ഞാൻ സ്വയം വാങ്ങാൻ തുടങ്ങി. അങ്ങനെ എല്ലുമുറിയുംവിധം കൊയ്ത്തും മെതിച്ചും മണ്ണും ചാണകവും നെല്ലും ചുമ്മിവന്നു ഉറങ്ങാൻ കിടക്കുമ്പോൾ കിടപ്പുമുറിയുടെ ഉത്തരത്തിൽ നോക്കി ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു, എന്റെ ജീവിതം ഇങ്ങനെ പാടത്തും പറമ്പത്തും പണിയെടുത്തു തീരും എന്നുതന്നെ.
കാരണം ഒരു ജോലിയൊന്നും ലഭിക്കാന്‍ തക്കവണ്ണം യോതൊരു യോഗ്യതയും എനിക്കില്ല. എന്നെക്കാൾ കായിക ശേഷിയുള്ളവരുടെ ഒപ്പം നിന്ന് പതിനാലു വയസുള്ള ഞാൻ തോണ്ടുകുട്ടനിറയെമണ്ണെടുത്തു എന്റെ തലയിൽ വെയ്ക്കുമ്പോൾ, എന്റെ പിടലി ഭാരം കൊണ്ട് ആടും. എന്നാൽ ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രം ഞാൻ അവരോടൊപ്പം പണിയും. അഞ്ചടി മൂന്നിഞ്ച് നീളം മാത്രമുള്ള ഞാൻ പാടത്തു മരുന്നടിക്കുമ്പോൾ രണ്ടടി ഊളയിൽ എന്റെ കാൽ താഴ്ന്നു പോകും. നെൽക്കതിർ മൂന്നടി ഉയരം. ഞാൻ അടിക്കുന്ന വിഷമരുന്നുകൾ എന്റെ മുഖത്തും കണ്ണിലും ഒക്കെ വീഴുമ്പോൾ ഞാൻ ഓർക്കും കർത്താവേ ഈ നിലയിൽ ഞാൻ ഈ ജോലിചെയ്താൽ അധികകാലം ചെല്ലുംമുന്നേ ക്യാൻസർ പോലുള്ള രോഗം വന്നു ഞാൻ ചത്തുപോകും.
എൻറെ അമ്മയ്ക്കു ഞാൻ തീരാനഷ്ടമായിമാറും. പച്ചച്ചാണകം ചുമ്മിയാൽ രണ്ടു ദിവസം നമ്മുടെ ശരീരത്തിൽ നിന്നും ആ നാറ്റം മാറില്ല. ലിസാൻസി സോപ്പ് ഇട്ടുകുളിച്ചാലും. ( അന്നത്തെ കാലത്തെ ഏറ്റവും മുന്തിയ സോപ്പ് അതാരുന്നു ) അങ്ങനെ ജീവിതം വളരെ നിരാശാജനകമായി വളരുന്ന കാലത്താണ് എന്റെ വല്ല്യച്ഛനും വല്യമ്മയും മരിച്ചത്. പിന്നെ എനിക്ക് സത്യത്തിൽ ആരുമില്ലാത്ത അവസ്ഥയായി. തിരികെ എൻറെ അമ്മയുടെ അടുത്ത് പോയാൽ എന്നെക്കൂടി ഉൾക്കൊള്ളാൻ എൻറെ ‘അമ്മ വളരെ ഭാരപ്പെടും. അതിനാൽ ആ ദിനങ്ങളിൽ ഞാൻ എന്റെ കൈയിൽ എവിടെനിന്നോ കിട്ടിയ ഒരു പുതിയനിയമം വായിച്ചു വളരെ ഭാരത്തോടെ ഉറങ്ങുമായിരുന്നു.
ഇനിയെന്ത്, എന്നറിയാത്ത ആ നാളുകളിലൊന്നിലാണ് എന്റെ അമ്മവന്നു പറഞ്ഞത് മോനെ നീ മുംബൈയിൽ പോകണം. അവിടെ നിനക്കൊരു ജോലി ശരിയായി. പോകണം പോകാതിരിക്കരുത് എന്ന്. ഞാൻ അമ്മയുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചു. ദൈവത്തിൽ മാത്രം മുറകെപ്പിടിച്ചു പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്, കൂടെ ഒരു ടൈപ്പ്റൈറ്റിങ് സർട്ടിഫിക്കറ്റുമായി എന്റെ യാത്ര തുടങ്ങി.
മുംബയിൽ എന്നെ കൊണ്ടുവന്നത് ഒരു മലങ്കര കാത്തോലിക് സഭാവിശ്വാസിയായ ജോണിച്ചായൻ ആയിരുന്നു. ജോണിച്ചായനും അനിയൻ മാത്യുവും പെങ്ങൾ കൊച്ചുമോളും അടങ്ങുന്ന അവരുടെ വീട്ടിൽ എന്നെയും അവർ കൂടെക്കൂട്ടി. അവരുടെ മിത്രങ്ങൾ വരുമ്പോൾ അവർ പറയും ഞാൻ അവരുടെ അകന്ന ചാർച്ചയിലെ ഒരു കുട്ടിയാണ് എന്ന്. ഓഫീസിൽ അവരോടൊത്ത് ഒരു പാത്രത്തിൽ ഞങ്ങൾ ഭക്ഷണം ഷെയർ ചെയ്തു കഴിക്കും. വെയിലുകൊണ്ടു കരുവാളിച്ചു മെലിഞ്ഞിരുന്ന എന്നെയും അവരെയും രൂപത്തിൽ പോലും ആരും പറയില്ല ഞാൻ അവരുടെ സഹോദരനോ ചർച്ചക്കാരനോ ആണെന്ന്. എങ്കിലും അവരെ അതിനു പ്രേരിപ്പിച്ചത് അവരിൽ കുടികൊള്ളുന്ന യേശുവിന്റെ സ്നേഹമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. അവർ ഞായറാഴ്ചകളില്‍ പള്ളിയിൽ പോകുമ്പോൾ ഞാൻ തനിച്ചാവും. അപ്പോൾ അവരുടെ മതഗ്രന്ഥങ്ങൾ ഞാൻ വായിക്കാൻ തുടങ്ങി. എനിക്ക് അത് കൂടിതൽ കൂടുതൽ യേശുവിനെ അറിയാൻ ഇടയാക്കി.
ലൂക്കോസിന്റെ സുവിശേഷം പത്തൊൻപതാം അദ്ധ്യായം മുപ്പതാം വാക്യത്തിൽ യേശു തന്നെ കഴുതയെ അഴിച്ചുകൊണ്ടുവരാണ് തന്റെ ശിഷ്യന്മാരെ അയക്കന്നത്. അതുപോലെ എന്നിയും ക്രിസ്തുവിന്റെ സുവിശേഷവുമായി ചിലർ സന്ദർശിച്ചു. ക്രിസ്ത്യാനികളുടെ കൂടെ താമസിക്കുന്നതിനാൽ എനിക്ക് അവരോടു അപ്പോൾ മറുത്തൊന്നും സംസാരിക്കാൻ കഴിയില്ല. തന്നെയുമല്ല ഞാൻ യേശുവിനെ വിശ്വസിച്ചു തുടങ്ങി അപ്പോഴേക്കും. ഇന്ന് ഈ ഓശാന ഞായർ ഒക്കെക്കഴിയുന്ന വേളയിൽ ഞാൻ തിരിച്ചറിയുന്നു എന്നെ സന്ദർശിച്ചവർ യേശു അയച്ചവർ തന്നെയാണ് എന്ന സത്യം. ഞാന്‍ പതുക്കെ ക്രിസ്തുവിനെ അറിയാന്‍ തുടങ്ങി. ക്രമേണഎന്നില്‍ യേശുവെന്നസ്നേഹം അങ്കുരിച്ചുതുടങ്ങി
കഴുതയെപ്പോലെ ആർക്കും വേണ്ടാത്ത ഒരു മനുഷ്യനായി മാറുമായിരുന്ന എന്നെ ദൈവം വീണ്ടെടുത്തു. എന്റെ പ്രൊഫഷൻ സംബന്ധമായി നിരവധി ഇൻവെസ്റ്റർ മീറ്റുകൾ , സെമിനാറുകൾ , ക്ലസ്റ്റർ മീറ്റുകൾ ഒക്കെ വരുമ്പോൾ വല്യ വല്യ ഹോട്ടലുകളിലെ പട്ടുപോലുള്ള പരവതാനികളിലൂടെ നടക്കുമ്പോൾ ,അവിടങ്ങളിലെ ശീതികരിച്ച റൂമുകളിൽ ഞാൻ ഇരിക്കുമ്പോൾ പണ്ട് പാടത്തു ആ കഴുതയെപ്പോലെ ജോലിചെയ്ത് തലയും കുമ്പിട്ട് മുതലാളിയുടെ സമയം നോക്കി പൈസയ്ക്ക് കാത്തുനിന്നിരുന്ന ദിവസങ്ങൾ ഞാൻ ഓർക്കും. അപ്പോൾ എന്റെ നിറഞ്ഞുവരുന്ന കണ്ണുകൾ മറ്റുള്ളവർകാണാതെ ഞാൻ തുടയ്ക്കും. യേശു ഞാനാകുന്ന കഴുതയെ വീണ്ടെടുത്ത് തുണികൾ വിരിച്ച പാതയിൽ എത്തിച്ച സ്നേഹത്തിനു ഞാൻ മഹത്വം കരേറ്റും.
ചാണകം മണത്തിരുന്ന എന്റെ മേനിയിൽ മുന്തിയതരം സുഗന്ധ ദ്രവ്യങ്ങൾ ഇന്ന് സുഗന്ധം പരത്തുമ്പോൾ ഞാൻ ഓർക്കും ആ യേശുവിൻറെ കാലിൽ സുഗന്ധ ദ്രവ്യം പൂശുന്ന മറിയത്തിൻറെ സ്നേഹത്തെ. അതെ ദൈവം തതൻറെ അഭിഷിക്തനെ സുഗന്ധദ്രവ്യങ്ങളാൽ അഭിഷേകം ചെയ്യുന്നു. അന്ന് കഷ്ടപ്പാടിനാൽ ചൂടുപിടിച്ചിരുന്ന എന്റെ തലയെ അവൻ എണ്ണകൊണ്ട് അഭിഷേകം ചെയ്തു തണുപ്പിച്ചു. എനിക്ക് എന്റെ മനസ്സിൽ സ്നേഹം എന്ന വികാരം ഉണ്ടായി.
കഴുതയുടെ പുറത്തു യേശു കയറിയപ്പോൾ ഇരുവശവും നിന്നവർ ഓശാന പാടി. ഇരുവശത്തും ഒലിവിലകൾ വീശി യഹൂദാ ജനം ഓശാന പാടുമ്പോൾ പട്ടുവിരിച്ച വഴിത്താരയിലൂടെ കഴുത നടന്നപ്പോൾ ഒരുനിമിഷം അത് വിചാരിച്ചു കാണും തന്നെയാണ് ജനം മാനിക്കുന്നു എന്ന്. പ്രിയരേ ഞാൻ എഴുതുന്ന പല കവിതകളും വായിച്ചു പലരും നല്ലതു എന്നുപറയുമ്പോൾ ഞാൻ കഴുതയെ പോലെ ചിന്തിക്കും. ഞാൻ മാനിക്കപ്പെടുന്നു എന്ന്. എന്നാൽ ഇന്നിപ്പോൾ ഞാൻ തിരിച്ചറിയുന്നു. എന്റെ ബുദ്ധിയിൽ യേശുവിൻറെ കൈകൾ ഉള്ളതിനാൽ മാത്രമാണ് എനിക്ക് ചിന്തിക്കാൻ കഴിയുന്നതും ഒരു പത്താം ക്ലാസ്സ് കാരൻ മാത്രമായ ഞാൻ ഇന്നൊരു വലിയ കമ്പനിയിൽ സീനിയർ മാനേജർ തസ്തികയിൽ ജോലിചെയ്യുന്നതും , തന്നിമിത്തം എഫ് ബീ പോലുള്ള മാധ്യമങ്ങളിൽ വന്നിരുന്ന് എഴുതാൻ കഴിയുന്നത് എന്നും. എന്റെ യേശു എന്നെ സ്നേഹിച്ചതുകൊണ്ടു എനിക്കീ ജോലി ലഭിച്ചു. അതിനാൽ അതിൽനിന്നും ലഭിക്കുന്ന ഫെസിലിറ്റിയിൽ ഇന്റർനെറ്റ് കണക്ഷൻ കൂടെയുള്ളതിനാൽ ചിന്തിക്കുന്നത് എഴുതിവിടാൻ എനിക്ക് സാവകാശം ലഭിക്കുന്നു. എന്നിട്ടും ഞാൻ ചിലപ്പോഴൊക്കെ കഴുതയായി മാറുന്നു.
കഴുത എളിമയുടെ ദൃഷ്ടാന്തമാണ്. എളിയവനായ എന്നെ തന്റെ വശത്താക്കി യേശുവെന്നിൽ നിറഞ്ഞപ്പോൾ എനിക്കും പരവതാനികളിലൂടെ സഞ്ചരിക്കാൻ കഴിയുന്നു. എന്റെ യോഗ്യതയുടെ അടിസ്ഥാനം വച്ച് നോക്കിയാൽ ഒരിക്കലും ചെന്നെത്തപ്പെടാനാവാത്ത ഇടങ്ങളിൽ അവൻ എന്നെ നയിക്കുന്നു. എന്റെ നിലയും വിലയും വച്ച് നോക്കിയാൽ വളരെ വലിയ നിലയിലുള്ള കോടീശ്വരന്മാർ ഇന്നെനിക്കു ചെങ്ങാതിമാരായിട്ടുണ്ട്. അവർ എന്നെ സാർ എന്ന് വിളിക്കുമ്പോൾ എനിക്ക് നാണം കൊണ്ട് ഓടിപ്പോകാൻ തോന്നിക്കാറുണ്ട്. എത്രയോ മഹാന്മാരായും മഹതികളും എനിക്ക് എഫ് ബീ യിൽ തന്നെ കൂട്ടുകാരായിൽ ലഭിച്ചു. ഒക്കെ ആ കഴുതയെപ്പോലെ എന്നെ സ്നേഹിച്ച, വീണ്ടെടുത്ത ദൈവത്തിന്റെ കൃപയല്ലാതെ മറ്റെന്താണ്.
ഇവിടെ ഈ ഈസ്റ്റർ ദിനത്തിൽ ഞാൻ ഇത് കുറിക്കുന്നത് എന്റെ മാത്രം മനസിക സംതൃപ്തിക്കുവേണ്ടിയാണ്. എന്നെത്തന്നെ ഞാൻ ശോധനചെയ്യുന്നതുകൊണ്ടാണ്. ഇതുകൊണ്ടു മറ്റേതെങ്കിലും മതത്തിനോ മതവിശ്വാസികൾക്കോ ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടുണ്ടാകുന്നു എങ്കിൽ അവർ ദയവായി ക്ഷമിക്കുക.
എളിമയെ ആദരിക്കാൻ ആണ് യേശു കഴുതപ്പുറത്തു കയറിയത്. എളിയവനായ എന്നെയും അവൻ സന്ദർശിച്ചപ്പോൾ എന്നെക്കാൾ പഠിപ്പും വിവരവും വിദ്യാസമ്പന്നരും ഒരു ജോലിക്കുവേണ്ടി അലയുമ്പോൾ , ജീവിതത്തിൽ ഇത്രയേറെ സൗഭാഗ്യങ്ങൾ തന്ന എന്റെ ദൈവത്തെ ഞാൻ ഓർക്കാതിരിക്കുന്നത് എങ്ങനെ. യേശുവിന്റെി ഈ എളിമ എന്റെ ജീവിതത്തിന്റെ മാർഗദർശനമായി ഞാൻ സ്വീകരിച്ചു. ചിലനേരങ്ങളിൽ പൊട്ടിത്തെറിക്കും എങ്കിലും എന്നെ സ്നേഹിക്കാൻ ഒരു യേശു ഉണ്ട് എന്ന ബോധം എന്നെ എന്നും മുൻപോട്ടു നയിക്കുന്ന ഏറ്റവും വലിയ ശക്തിയാണ്. യേശുവിനു ജാതിയില്ല. മതമില്ല. എന്നാല്‍ യേശുവില്‍ വിശ്വസിക്കുന്ന പലര്ക്കും അതൊക്കെയുണ്ട്. എന്നാല്‍ അതൊന്നും എന്നെയോ എന്റെ വിശ്വാസത്തെയോ തല്ലും ബാധിക്കാറില്ല. കാരണം ഞാന്‍ ഉടമ്പടി ചെയ്തത് എന്റെ യേശുവിനോട് നേരിട്ടാണ്. എനിക്കതില്‍ ഒരു മധ്യസ്ഥന്റെപ ആവശ്യം ഇല്ല.
അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെയടുക്കല്‍ വരൂ എന്ന ശബ്ദമാണ് ഞാന്‍ കേൾക്കുന്നത്. എന്നെ തൊട്ടു സ്വാന്തനിപ്പിക്കുന്ന ആ കരുണ, ഞാന്‍ ദിവസവും അനുഭവിക്കുന്നു.
ഒന്നേ എനിക്ക് പാടാൻ ഉള്ളൂ….”
കാട്ടൊലിവായിരുന്നയെന്നെ ,
നട്ടൊലിവോടവൻഒട്ടിച്ചു
സല്ഫലം കായ്ചുലഞ്ഞീടട്ടെ
വല്ലഭനുത്സാഹമാകട്ടെ “
അതെ കാട്ടൊലിവായിരുന്ന എന്നെ, നാറ്റം വമിച്ചിരുന്ന ജീവിതത്തിൽ നിന്നും വീണ്ടെടുത്തു പരവാതാനിയിൽ കൂടെ നടത്തുന്ന എൻറെ ദൈവത്തിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ക്രിസ്തു ഒരാളിൽ ശരിക്കും ജനിച്ചാൽ അവനിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും അതുറപ്പാണ്. നിങ്ങളിൽ ക്രിസ്തു ജനിക്കട്ടെ. അവന്റെ സ്വഭാവം , കരുണ, സ്നേഹം , ദയ , അനുകമ്പ ഇതൊക്കെ നിങ്ങളിൽ നിറയട്ടെ എന്ന പ്രാർത്ഥനയോടെ
നിങ്ങൾക്കെല്ലാം എന്റെ ഓശാന ഞായർ ആശംസകൾ.
