രചന : സി.മുരളീധരൻ ✍️
ഏവർക്കും നന്മ നിറഞ്ഞ”വിഷു ” ആശംസകൾ 🙏
മേടപ്പുലരി വന്നെത്തി വീണ്ടും
കാട്ടിലും നാട്ടിലും കൊന്ന പൂത്തു
പാടാൻ വരില്ലേ വിഷു പക്ഷികൾ
ഓടിയെത്തില്ലയോ ബാല്യമെല്ലാം?!
ഓർമ്മയിലുണ്ടേറെ ബന്ധു മിത്രം
ഓർത്തുല്ലസിക്കാൻ വിഷു വിശേഷം
കണിയൊരുക്കും നേരമെൻ്റെയമ്മ
കണ്ണനോടെന്തോ ചിരിച്ചു ചൊല്ലി
കളിയാക്കി അച്ഛൻ ചിരികളിയിൽ
കളകളം കേട്ടു നിറ ഞ്ഞവീട്ടിൽ!
അച്ഛൻ്റെ വെള്ളരിപ്പാടമില്ല
അമ്മവയലും മറഞ്ഞ് പോയി
കൂട്ടിന്നു വന്നോരെൻ പ്രാണപ്രിയ
കൂടും വെടിഞ്ഞുപോയി വിണ്ണുപൂകി.
ഇനിയില്ല കൂടെ കണിയൊരുക്കാൻ
കനികളും പൂക്കളും കണ്ടെടുക്കാൻ,
ഇനിയില്ലുണർത്തുവാൻ കണ്ണുപൊത്താൻ
കണികാട്ടുവാൻ കണി കാണുവാനും
ത്യാഗമോടെ പ്രിയമേകിയോരേ
ഭാഗ്യമായി നിങ്ങളി ന്നില്ല ഭൂവിൽ,
അല്ലെങ്കിൽ ഇന്നീ ലഹരിക്കൂത്തും
അല്ലലിലാഴ്ത്തുന്ന ക്രൂരതയും
കണ്ട് തപിച്ച് നിരാശ യാർന്ന്
വിണ്ടലം പൂകാൻ തിരക്കിയേനെ!
വരുമുണർന്നുയരുന്ന തലമുറകൾ
പുണരുവാൻ നാടിൻ സനാതനത്വം
വരണം ഐശ്വര്യ സമൃദ്ധിയേകി
ധരണിയെ സമ്പന്ന മാക്കും വിഷു.
മേടപ്പുലരി വന്നെത്തി വീണ്ടും
കാട്ടിലും നാട്ടിലും കൊന്നപൂത്തു
പാടാൻ വരേണം വിഷു പക്ഷികൾ
ഓടിയെത്തീടണം ബാല്യമെല്ലാം
കണി നന്മയായി ട്ടൊരുക്കിവെക്കാൻ
വരുവിനെല്ലാവരും സ്നേഹമോടെ !
