രചന : അൻവർ ഷാ ഉമയനല്ലൂർ✍️
പ്രിയതര സ്മരണയായണയുന്ന ഗ്രാമീണ
ചിത്രപദംഗമായ്; നിറവാർന്ന പുലരിയായ്,
ചാഞ്ചാടിയാടുന്ന ഗ്രാമീണലത കളായ്,
ഭക്ത്യാദരങ്ങളുണർത്തുന്ന പൂക്കളായ്,
ചാറ്റൽമഴകൊണ്ടയതിവർണ്ണ പറവയായ്,
വറ്റാത്ത സ്നേഹ,സൗഹാർദ്ദ നളിനങ്ങളായ്,
നാട്ടിടവഴികളിലുയരുന്നയീണമായ്
കമനീയ സ്വപ്നച്ചിറകുകൾക്കുയിരുമായ്
വന്നണയുന്ന യെൻ പൊൻവിഷുക്കാലമേ,
ഈശ്വരചൈതന്യമറിയുമീ പുലരിയിൽ
നിറയുന്ന പ്രിയരമ്യ മലരുപോലെൻ മകൾ
തൊഴുതു വണങ്ങിയനുഗ്രഹംവാങ്ങുമീ,
കമനീയരൂപനെൻ
കരളിലേയ്ക്കേകുന്ന ദിവ്യകാരുണ്യമേ,
യെൻ ഗ്രാമ്യകാവ്യമേ,
ഉദയത്തിലുയരുന്നു തിരുരവംപോലെയെൻ
മുത്തശ്ശിയമ്മതൻ പ്രാർത്ഥനാ മന്ത്രണം
ഓരോ തലമുറകൾക്കു മുണർവ്വുമായ്
കാതുകൾക്കിമ്പമായ്; മാറേണ്ട ഗീതകം.
നിറയുന്നൊരോടക്കുഴൽ നാദമായ് പ്രിയ-
രാഗമായ് വന്നു ണർത്തീടുന്ന ചിന്തകം.
സ്നേഹബന്ധത്തിന്നിഴയടുപ്പങ്ങളാൽ
പാടേമറയാത്തയാ,ദിവ്യകീർത്തനം.
ആർദ്ര വിഷുപ്പക്ഷിയായിന്നു കാലവും
ഈണത്തിലോതുന്നതിൻ ഗ്രാമ്യചിന്തകൾ
കർണ്ണികാരപ്പൂക്കളെങ്ങും നിറഞ്ഞയെൻ
വർണ്ണാഭഗ്രാമമേ, വിഷുദിനാശംസകൾ ..
🌾🌾🌾🌾🌾🌾🌾🌾🌾