വിഷുവന്നുപുലർന്നു ജീവിതം,
ഉഷസ്സെന്നതു പോലുയിർക്കുവാൻ!
ദിശതെറ്റി നടന്നിടുംനര-
ന്നുശിരാർന്നു,സമൃദ്ധിയേകുവാൻ!

കണികണ്ടു,കരങ്ങൾ കൂപ്പിഞാൻ
മണിവർണ്ണനു മുന്നിലാദരാൽ
അവിടുന്നു കനിഞ്ഞു നൽകണേ
കവനങ്ങൾ നിരന്തരംവിഭോ

ഒരു ദുഃഖവുമാർക്കുമേകിടാ-
തൊരുമയ്ക്കു നിദാനമായി ഹേ,
ഹരികേശവ മാധവാ,തെളി-
ഞ്ഞരുളൂ,സുഖമേതുനേരവും

ഇടതൂർന്നുവളർന്നു കൊന്നകൾ
ചുടുവേനലിൽ വാടിടാതഹോ,
നറുപൂക്കൾ വിടർത്തി,കണ്ണനെ
നിറവോടെ വിളിപ്പുസദ്രസം

വിരുതോടു വരൂവരംതരാൻ മുരളീധര,
മുഗ്ധഹാസനായ്
കരളിൽ നിജ രൂപമൊന്നിതേ
നുരയിട്ടുയിർകൊൾവു,നിത്യവും!

കളനൂപുര നിസ്വനംശ്രവി-
ച്ചിളവേറ്റിളതന്നിലങ്ങനെ,
പരമാത്മസ്വരുപ,നിൻ വര-
വൊരുപാടു കൊതിച്ചിരിപ്പു ഞാൻ

അഴലേതുമകറ്റി ജീവിത-
ച്ചുഴിപാടെ,യൊടുക്കുകച്യുതാ
അഴകേ,യതിനായനാരത-
മിഴനെയ്‌വു കിനാക്കളായിരം.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana