രചന : അൻവർ ഷാ ഉമയനല്ലൂർ ✍
ക്രൂരതയ്ക്കിരയായതാംദിവ്യതാരമേ,
കാൽവരിക്കുന്നിലെ സഹനാർദ്രസൂനമേ,
മുപ്പതുവെള്ളിപ്പണത്തിന്റെയൊറ്റലിൽ
കനിവാർന്ന ജീവൻപൊലിഞ്ഞ വെൺതാരമേ,
ദുഃഖസ്മരണയിലുരുകും മനസ്സുമായ്
പ്രാർത്ഥനാ നിരതമായ്നിൽക്കുന്നു പാരിടം
ത്യാഗസ്നേഹത്തിന്റെയാർദ്രമാം തിരുമുഖം
ഓർത്തു നീറുന്നിതായു ലകിന്റെ ഹൃത്തടം.
മുപ്പതു വെള്ളിപ്പണത്തിന്റെയൊറ്റലിൽ
കനിവാർന്ന ജീവൻ പൊലിഞ്ഞ വെൺതാരമേ,
കാൽവരിക്കുന്നിലെ കുരിശു മരണമേ,
മാതാപിതാക്കൾതൻ വിശ്വാസ സൂനമേ,
കനിവിൻ സ്വരങ്ങളായ് നിറയേണ്ട സമയവും
മൗനമായ്ത്തീർന്നതിലുരുകിയോരാർദ്രതേ,
മനനത്തിലൂടെവന്നെത്തിയ മൗനമേ,
അണയാതെ നിൽക്കുമെൻ
പാരിൻവെളിച്ചമേ,
അതിശോകസാന്ദ്രമനുസ്മരിക്കുന്നതാം
കാൽവരിക്കുന്നിലെ കുരിശു മരണമേ,
തണലാർന്ന ജീവിതമൊന്നായ് മറന്നവർ
തൃണവത്ഗണിച്ചതാം കരുണാർദ്ര ഹൃത്തടം
കൂർത്തിരുമ്പാണി തറപ്പിച്ചയാ,രവം
ഓർത്തു വിലപിച്ചിടുന്നെത്രയാർദ്രകം
അതിശോകസാന്ദ്രമനുസ്മരിക്കുന്നതാം
കാൽവരിക്കുന്നിലെ കുരിശുമരണമേ,
സഹന,ത്യാഗത്തിന്റെയോർമ്മയാമീ,ദിനം
ആർദ്രതേയറിയാതുരുകുന്നു കാവ്യകം
പ്രാർത്ഥനാ നിരതമായ് നിൽക്കുന്നു പാരിടം
പാരിൻവെളിച്ചമായ്, തെളിയുന്നു തിരുമുഖം✝️