സഹയാത്രികാ
നിന്റെയധരത്തിൽ
ഞാൻ കണ്ട
സ്‌നേഹത്തിനഴകുള്ള
പുഞ്ചിരി പൂക്കൾ
വാടാതെ സുഗന്ധം നിറയുന്നൊരോർമ്മയായ്
വേരാഴ്ന്നു നിൽക്കുമെൻ ഹൃദയത്തിലെന്നും….
നീയൊരുകവിയായിരുന്നു
ഹൃദയം കവിയുന്ന കാഴ്ചകളൊക്കെയും
വാക്കുകളായി പറഞ്ഞിരുന്നു
നാളേക്ക് വേണ്ടി
കൂട്ടിവെച്ചില്ല നീ
ഇന്നിനെ വല്ലാതെ
സ്‌നേഹിച്ചു നീ….
നശ്വര സ്വർഗ്ഗമാണീ യുലകം
എന്നു ചിന്തിച്ച മാനസം
കണ്ടു നിന്നിൽ
കാലത്തിൻ മായയിൽ മതിമറന്നീടാതെ
ലാളിത്യ ജീവിതം
സ്വർഗ്ഗമാക്കി…
അടരുമെന്നറിയാമീ
ജനനിയിൽ നിന്നും
അതിജീവനം ആർക്കും സാധ്യമല്ലെന്നും
എന്നിട്ടും അതിജീവനത്തിന്റെ ചില്ലയിൽ
നിറമുള്ള പൂക്കളായ് പുഷ്പിച്ചുനീ….
നിന്റെ കവിതകൾ ഇന്നെന്റെ ഹൃദയത്തിൽ സാക്ഷി…
ഇവിടെ നീ ജീവിച്ചനാളുകൾ
പറയുവാൻ
കുറിച്ചിട്ട വരികളും സാക്ഷി…
ഇനി നിന്റെ വാക്കുകൾ പൂക്കാതെ പകലുകൾ
മൂകമായ് തേങ്ങുന്നു സഹയാത്രികാ….
വിടയില്ല വിടവാക്കുഞാൻ ചൊല്ലില്ല
എന്റെ കിനാവിൽ നീ യുണ്ടാകുമല്ലോ…
നിന്നോളം നന്മ നിറഞ്ഞൊരു ജന്മവും
കണ്ടില്ല ഞാൻ കവേ സഹയാത്രികാ….
എങ്കിലും പിടയുന്ന
നെഞ്ചിലെനൊമ്പരം…
ഇനി കാണുകില്ല നിൻ
പുഞ്ചിരിപൂമുഖം…
അരികു ചേർന്നുള്ള
സ്നേഹ സല്ലാപവും
കണ്ണു നിറയുന്നു
സഹയാത്രിക്കാ…

By ivayana