ഇന്ന് ഈസ്റ്റർ.
രണ്ടു കുറ്റവാളികൾക്കു
നടുവിൽ
കുരിശിലേറ്റവനു
മൂന്നാംനാൾ,
പ്രതീക്ഷയുടെ
ഉയിർപ്പ്!
ഒപ്പം ലോകത്തിനും…
എങ്കിലും മിന്നി,
മറ്റൊരു അപകടച്ചിന്ത!
അപ്പുറമിപ്പുറമുള്ള
കള്ളന്മാരെ
ആരേറ്റെടുത്തു?-
അന്നാർക്കും വ്യക്തമല്ല.
പക്ഷേ,
ഇപ്പോളെല്ലാം സുവ്യക്തം!
രാജ്യം ഭരിക്കുന്ന
നുണയന്മാർക്ക്, ചതിയന്മാർക്ക്,
ജനപിന്തുണയേറുമ്പോൾ,
സത്യാനന്തരക്കാലത്ത്,
വിയർക്കാതെ
ഉയിർപ്പ് നടക്കുന്നത്,
കപടസ്നേഹത്തിനോ,
സ്വാർത്ഥസാഹോദര്യത്തിനോ,
മൂഢപണ്ഡിതനോ,
പുറംപ്പൂച്ചുള്ള പാമരനോ,
ജാതിവെറുപ്പിനോ,
അവസരംനോക്കി
പുഞ്ചിരിചൊരിയും
കാമത്തിനോ,
പണം നൽകി,
ഭൂരിപക്ഷം വോട്ടാക്കും
ജനപ്രതിനിധികളാം കഴുകന്മാർക്കോ?
അതോ, ഉള്ളം, അരണികടയും, നീറ്റലാക്കും,
തെരുവിന്റെ
ചെറുത്തുനിൽപ്പുചിറകടികൾക്കോ?
സംശയം ബാക്കി!
“രാഷ്ട്രപിതാവേ,
ഈ കള്ളന്മാരെ, ഗോഡ്‌സേമാരെ, വീണ്ടും
വിജയിപ്പിക്കുന്ന
ജനം ചെയ്യുന്നതെന്തെന്ന്
അവർ അറിയുന്നില്ലല്ലോ!
സമരത്തിന്റെ കയ്പ്പുനീർപാനപാത്രം
എന്നിൽനിന്നും ഒരിക്കലും
അകറ്റരുതേ!…
കൂടുതൽ കൂടുതൽ
ആസ്വദിക്കണം,
സമരജീവിതലഹരി!”
ഈ കവിമൊഴിപ്രാർത്ഥനയ്ക്ക് പരിഹാരം ലഭിക്കാൻ
ഇനിയും കൂടുതൽ വിയർക്കണം…
സമരത്തിന്റെ
വിയർപ്പിൽനിന്നും ഉയിർക്കണമൊരു
നവലോകക്രമം!
വിയർക്കുന്നവർക്ക്
ആശംസാകത്തുകളും,
നന്മയുടെ വിത്തും,
പത്തരമാറ്റ്
നന്മനിറഞ്ഞ ചരിത്രവും,
വിലയായ്,
വിളയായ് ലഭിക്കട്ടെ!
ഏതു നിരാശയിലും
നൂറ്റൊന്നാവർത്തി, കൂടെയുരുവിടാം,
ഒരിക്കലും
തുരുമ്പുപിടിക്കാത്ത
ഈ മുദ്രാവാക്യം:
“വിയർക്കുന്നവർക്ക്
ലഭിക്കും കാലത്തി,ന്നാരവത്തിൽ ഉയിർപ്പ്!
വിയർക്കാത്തവർക്ക് ലഭിക്കും,
തമോഗർത്തത്തിൽ അമർഷത്തിൽ
കൂടിയിരുപ്പ്!
മറക്കരുതേ,
‘ലാൽസലാം!’
എപ്പോഴും, വിയർക്കുന്നവന്റെ
തൊണ്ട നനയ്ക്കും,
ഓരോ തുള്ളി വിയർപ്പിൽനിന്നും
എപ്പോഴും
ഉയിർത്തെഴുന്നേൽക്കും,
ഏറ്റവും ഉച്ചത്തിൽ മുഴങ്ങും,
ഒരേയൊരു
മുദ്രാവാക്യം!”
🤝
Happy Easter!

By ivayana

Leave a Reply

Your email address will not be published. Required fields are marked *