ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച നടക്കും. കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 12 മണിയോടെയാണ് യോഗം ആരംഭിച്ചത്. യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ക്ലിമിസ്  കത്തോലിക്കാബാവ വത്തിക്കാനിലേക്ക് തിരിച്ചിരുന്നു.

മാര്‍പാപ്പയുടെ ഭൗതിക ദേഹം പൊതുദര്‍ശന പൊതുദര്‍ശനത്തിനായി നാളെ സെന്റ് പിറ്റേഴ്‌സ് ബസിലിക്കയില്‍ എത്തിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിശ്വാസികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കുമെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്‍മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്ന് മാര്‍പാപ്പ മരണ പത്രത്തില്‍ പറഞ്ഞിരുന്നു. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മാര്‍പാപ്പ മരണപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

മാര്‍പാപ്പയുടെ വിയോഗത്തിന് പിന്നാലെ പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കഴിഞ്ഞ ദിവസം എത്തിയത്. ഇതിനിടെ മാര്‍പാപ്പയുടെ മരണകാരണവും വത്തിക്കാന്‍ വാര്‍ത്ത കുറിപ്പിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. നാളെ വത്തിക്കാന്‍ സെന്‍ പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കും. ഇന്ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗം ഉണ്ടാവും.

വിയോഗത്തിന് തൊട്ടുമുന്‍പ് മാര്‍പാപ്പയെ സന്ദര്‍ശിച്ച ലോക നേതാവ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സാണ്. ഇന്നലെ ഈസ്റ്റര്‍ ദിനത്തിലായിരുന്നു കൂടിക്കാഴ്ച്ച. മാര്‍പാപ്പ താമസിക്കുന്ന വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാര്‍ട്ടയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ആശുപത്രി വിട്ടെങ്കിലും ശ്വാസകോശത്തിലെ അണുബാധയ്ക്കുള്ള ചികിത്സ തുടരുന്നതിനാല്‍ സന്ദര്‍ശകരെ ഇവിടേക്ക് അനുവദിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ജെഡി വാന്‍സിന് പ്രത്യേകമായി അനുമതി ലഭിച്ചത്. ഏതാനും മിനിട്ടുകള്‍ മാത്രമാണ് കൂടിക്കാഴ്ച്ച നീണ്ടത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ എല്ലാ കാലത്തും മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജീവന്‍ പണയം വച്ച് മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചുവരുന്ന കുടിയേറ്റക്കാരോട് അനുകമ്പാപൂര്‍വം പെരുമാറണം എന്നതായിരുന്നു പാപ്പയുടെ നിലപാട്. അമേരിക്കയിലുള്ള ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ മനുഷ്യത്വ രഹിതമായി അവരുടെ നാട്ടിലേക്ക് തിരിച്ചയച്ചത് ഉള്‍പ്പെടെയുള്ള സമീപനങ്ങള്‍ അടുത്ത കാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആഗോള തലത്തില്‍ വലിയ വിമര്‍ശനത്തിനും ട്രംപിന്റെ ഈ കുടിയേറ്റ വിരുദ്ധ നടപടികള്‍ കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച്ചയ്ക്ക് പ്രസക്തിയേറുന്നത്. മിനിറ്റുകള്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ ഇരുവരും ഈസ്റ്റര്‍ ആശംസകള്‍ കൈമാറി. വാന്‍സിനും ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷയ്ക്കും കുട്ടികള്‍ക്കുമായി ജപമാലകള്‍, വത്തിക്കാന്‍ ടൈ, ചോക്‌ലേറ്റുകള്‍, ഈസ്റ്റര്‍ മുട്ടകള്‍ എന്നിവ സമ്മാനമായി നല്‍കിയിരുന്നു.

ആഗോള കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഇതുവരെയുള്ള മാര്‍പാപ്പമാരില്‍ ഏറ്റവും ശ്രദ്ധേയനായ മാര്‍പാപ്പയായിരുന്നു ഫ്രാന്‍സിസ് പാപ്പ. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പ എന്ന നിലയിലാണ് പാപ്പ ആദ്യം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തുടര്‍ന്ന് സഭയെ പരമ്പരാഗത ചട്ടക്കൂടുകളില്‍ നിന്ന് മോചിപ്പിച്ച് നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ മാര്‍പാപ്പ എന്ന നിലയില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. സഭാ നിയമങ്ങള്‍ക്കതീതമായി തന്റെ നിലപാടുകള്‍ക്ക് മാനവികമായ മുഖം നല്‍കാനാണ് പാപ്പ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത്. ജനാധിപത്യത്തിലാണ് പാപ്പ വിശ്വസിച്ചത്. സഭയില്‍ സ്ത്രീകളെ മുഖ്യധാരയിലെത്തിക്കാന്‍ നിയമങ്ങള്‍ പൊളിച്ചെഴുതി. വത്തിക്കാന്‍ കൂരിയയിലെ സുപ്രധാന പദവികളില്‍ സ്ത്രീകളെ നിയമിക്കാനും പാപ്പ ശ്രദ്ധിച്ചു. ഈ പശ്ചാത്തലത്തില്‍ പുതിയ മാര്‍പാപ്പയുടെ നിലപാടുകള്‍ ലോകം ഏറെ പ്രാധാന്യത്തോടെയാകും വീക്ഷിക്കുക. ഫ്രാന്‍സിസ് പാപ്പയുടെ പുരോഗമനപരമായ നിലപാടുകള്‍ പിന്തുടരുമോ അതോ സഭയുടെ പരമ്പരാഗത നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

137 കോടിയിലേറെ വിശ്വാസികളെ നയിക്കുക എന്നത് ഒരു വലിയ ദൗത്യമായതിനാല്‍ തന്നെ മാര്‍പാപ്പ സ്വീകരിക്കുന്ന ഓരോ നിലപാടുകള്‍ക്കും പൊതു സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കും. ഫ്രാന്‍സിസ് പാപ്പയുടെ മരണത്തോടനുബന്ധിച്ചുള്ള ദുഃഖാചരണത്തിനു ശേഷം ചേരുന്ന പേപ്പല്‍ കോണ്‍ക്ലേവിലാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന 138 കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവില്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. 267-ാമത്തെ മാര്‍പാപ്പയെയാണ് ഇനി തിരഞ്ഞെടുക്കുന്നത്. മാര്‍പാപ്പയുടെ വിയോഗത്തിന് ശേഷം 20 ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക. മെയ് ആറോടെ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ വത്തിക്കാനില്‍ നിന്നു ലഭിക്കുന്ന സൂചനകള്‍. ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ദിനാള്‍മാര്‍ വത്തിക്കാനില്‍ എത്തിച്ചേരും.

പുതിയ മാര്‍പാപ്പയാകാനുള്ള സാധ്യതാ പട്ടികയില്‍ നിലവില്‍ ഇറ്റാലിയന്‍ കര്‍ദിനാള്‍മാരായ പിയെത്രോ പരോളിന്‍, കര്‍ദിനാള്‍ മത്തിയോ സുപ്പി, ഗിനിയയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് സാറാഹ്, ഫിലിപ്പൈന്‍സില്‍ നിന്നുള്ള കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ എന്നിവരാണ് മുന്നിലുള്ളത്. ഏഷ്യന്‍ പോപ്പ് ഫ്രാന്‍സിസ് എന്നാണ് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ അറിയപ്പെടുന്നത്. ഏഷ്യയിലാണ് കത്തോലിക്ക സഭയ്ക്ക് അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടായിട്ടുള്ളത്. അതിനാല്‍ തന്നെ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയ്ക്ക് വലിയ സാധ്യത കല്‍പ്പിക്കുന്നുണ്ട്. സ്വവര്‍ഗാനുരാഗികളെ കത്തോലിക്ക സഭയോട് ചേര്‍ത്തുനിര്‍ത്താനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. സ്വവര്‍ഗാനുരാഗികളെയും വിവാഹമോചിതരായ ദമ്പതികളെയും കുറിച്ചുള്ള കത്തോലിക്കാ സഭയുടെ കര്‍ക്കശമായ നിലപാടുകളെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. 2013 മുതല്‍ വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ്. വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ എപ്പോഴും പങ്കെടുക്കുന്ന പിയെത്രോ പരോളിന്‍ ലോകനേതാക്കള്‍ക്കും സുപരിചിതനായ വ്യക്തിത്വമാണ്. ചൈനയുമായും മിഡില്‍ ഈസ്റ്റിലെ സര്‍ക്കാരുകളുമായുള്ള സുപ്രധാന ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *