രചന : എം പി ശ്രീകുമാർ✍
യൂദാസ്
മുപ്പത് വെള്ളിക്കാശിന് വേണ്ടി,
സ്വന്തം വിശ്വാസത്തെയും
ആദർശത്തെയും ഒറ്റുകൊടുത്തവൻ !
പ്രലോഭനത്തിന് അടിമപ്പെട്ട്
സ്വയം നഷ്ടപ്പെടുത്തിയവൻ
ദൈവപുത്രനെയും
അതുവഴി ദൈവത്തെയും
ലോകത്തെയും ഒറ്റിയവൻ
യൂദാസ് .
വിരാമമില്ലാതെ
അതിപ്പോഴും തുടരുന്നു.
മുപ്പത് വെള്ളിക്കാശല്ല
അളവറ്റ സമ്പത്ത്
അധാർമ്മികമായി നേടുകയും
അവസാനം അത്
അനിഷ്ടഫലമുളവാക്കുകയും ചെയ്യുന്നു.
സ്വയം ചതിച്ചവർ
കൂടെയുള്ളവരെ ചതിച്ചവർ
അന്നം തരുന്ന തൊഴിലിനെ ചതിച്ചവർ
ബന്ധുക്കളെയും സുഹൃത്തുക്കളെയും
ചതിച്ചവർ
ജനങ്ങളെയും ജനവിശ്വാസത്തെയും
ചതിച്ചവർ
നാടിനെയും രാജ്യത്തെയും
ചതിച്ചവർ
അതുമൂലം കിട്ടിയ സമ്പത്തിൻ്റെ തിളക്കത്തിൽ ആഹ്ലാദിക്കുന്നു.
എന്നാൽ
സമഗ്ര നിരീക്ഷണത്തിൽ
അവർ പിന്നീട് മൗനികളാകുകയും
പശ്ചാത്താപവിവശരായ്
കാലഗതി പ്രാപിക്കുകയും ചെയ്യുന്നു.
മൂന്നാം നാളിലൊ
മുപ്പതാം നാളിലൊ
മുന്നൂറാം നാളിലൊ
മറ്റെപ്പോഴെങ്കിലുമൊ
യാഥാർത്ഥ്യങ്ങൾ
പ്രകാശിച്ചുയർന്നു ശോഭിക്കുന്നു !
ഇത് കാലം പറഞ്ഞു കൊണ്ടേയിരിക്കുന്നതിനാൽ
യൂദാസെ അങ്ങ്
എന്നും ഓർമ്മിക്കപ്പെടുന്നു.
