നിന്നിൽ നിന്ന് മുറിഞ്ഞുവീണ എന്നെ
അവർ മയ്യിത്തെന്നു വിളിച്ചേക്കും..
നീ വിളിക്കരുത്…!
നിന്നിലേക്ക് തുറന്നു വെച്ച
എന്റെകണ്ണുകളെ
അവരടച്ചുകളഞ്ഞേക്കും..
തുറക്കെന്നു പറഞ്ഞു നീ
അഴിഞ്ഞു വീഴരുത്
ഞാനുടുത്തു കാണാൻ
നിനക്കേറെയിഷ്ടമുള്ള വെളുപ്പിനാൽ
അവരെന്നെ വരിഞ്ഞു പൊതിഞ്ഞെക്കും
അരുതെന്നലറി നീ പൊട്ടിത്തെറിക്കരുത്..
പടിയിറങ്ങും നേരം
പതിവുള്ള ചിരിതന്നില്ലല്ലോ
പൊന്നേയെന്നും
നീ കലങ്ങിയൊഴുകിയേക്കരുത്..
ഒരു പരുത്തിക്കും മൂടാനാവാത്ത
ഒരു ചിരി അപ്പോഴുമെന്നിൽ ബാക്കിയുണ്ടാവും
വിശാലസ്വർഗ്ഗത്തിലെ തേടിയലച്ചിലുകളിൽ
നിന്നിലേക്ക് മുളച്ചു പടരാൻ
അത്രമേലെന്നിൽ
പടർന്നുപോയൊരു നീല ഞരമ്പിന്റെ അറ്റമാണെന്റെ പ്രണയമേ നീ…!!

By ivayana