കേരളാ കൾച്ചറൽ ഫോറം,
സത്യൻ സ്മാരകം, മ്യൂസിയം,
തിരുവനന്തപുരം. 02/05/2025
പ്രതിമാസ പരിപാടിയായ കവിയരങ്ങും പുസ്തക ചർച്ചയും.
ആദ്യരാത്രി എന്ന കവിത അവതരിപ്പിച്ചു.

ആദ്യരാത്രി

ഇരു മുലകളും
മാറി മാറിക്കുടിച്ച്, കുടിപ്പിച്ച്
നെറുകയിൽ ചുണ്ടിൽ കണ്ണിൽ
തെരുതെരായുമ്മയും
അരുമയാമൊരു സ്നേഹത്തലോടലും,
അങ്ങനൊക്കെയാവാം ആദ്യരാത്രി,
അമ്മയില്ലല്ലോ, ഒന്ന് ചോദിക്കാൻ,
രണ്ടാം രാത്രി

വന്നു ചേരാമവൻ
ഇന്ന് രാവ് കനക്കുമ്പോൾ
കണ്ണിൽ കവിളിൽ
ഉമ്മമാല ചാർത്തുവാൻ,
വന്നതില്ലവൻ, രാവേറെയായിട്ടും
പിന്നെ മെയ്യിലൊട്ടിക്കിടന്ന്
തന്നയുമ്മകളൊക്കെയും സ്വപ്നങ്ങൾ,
എങ്ങുപോയെന്റെ കാമുകൻ
രാത്രിയൊക്കെ കട്ടെടുക്കുന്നവൻ
മൂന്നാം രാത്രി

മണിയറ വാതിൽ മെല്ലെ
തുറക്കുന്നു
ഉള്ളുരുകുന്നുവോ സ്നേഹം
പരവേശം
കണ്ണിലാകെ കാണായ്ക മൂടുന്നു,
ഇന്നീ രാവും തീരാതിരുന്നെങ്കിൽ
ഇന്ദുലേഖയുമർക്കനുമിനി
വരാതേ……. ഇരുന്നെങ്കിൽ,
മന്ദമാരുതൻ മാത്രമെത്തി നോക്കുന്നു,
എത്ര കാന്തിയിണയരയന്നങ്ങൾ
ചുണ്ട് കോർത്തങ്ങനെ
ഹാ… മായേണ്ട രാവേ നീ..
നാലാം രാത്രി

എത്ര സ്നേഹസുരഭില കവിതകൾ
അത്രയാഴത്തിൽ
ഹൃദയം മുറിക്കും പോൽ,
അത്ര തീക്ഷ്ണമവന്റെ രചനകൾ
വന്നതില്ലല്ലോ പ്രിയകവി
എന്ന് ചിന്തിച്ചുറങ്ങവെ
വന്ന് സ്വപ്നത്തിൽ സ്വർണ്ണരഥത്തിലായി
നഗ്നമേനിയാകാവേ പൂക്കളാൽ മൂടി
പിന്നെ
കരൾക്കാമ്പിലൊത്തിരി ഉമ്മകൾ
പിന്നെയെന്നുമുറങ്ങാത്ത രാവുകൾ
കണ്ണുനീരിലലയുന്നു കവിതകൾ.
അവസാന രാത്രി

പീളമൂടിക്കെട്ടിയ കൺകളിൽ
ശോഭയില്ല, ശോഭയില്ലാ രാത്രിചന്ദ്രനും,
പൂനിലാവ് പൊഴിക്കാത്തതെന്തേ?
ഇന്ന് രാത്രിയീമൂലയിലാർക്കുമേ
വേണ്ടാത്ത വസ്തുപോൽ
പീളമൂടിയ കൺകളടക്കുവാൻ വയ്യ
എങ്കിലും കണ്ണടച്ചിങ്ങനെ
എത്ര ചിത്രങ്ങൾ മാറിമറിയുന്നു
എത്ര രാജ്യസദസ്സിൽ
നൃത്തമാടിയോൾ
എത്ര ഭോഗമൃദംഗതാളങ്ങളിൽ
നഗ്നരാവ് പുതച്ചുറങ്ങാത്തോൾ
ഇന്നു രാത്രി കടക്കുമോ ബന്ധുക്കൾ
കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്നു
ഓർമ്മ
നഷ്ടപ്പെട്ടവൾക്കിനിയെന്തിനായ്
ഓർമ്മകൾ?
ഈച്ചയാർക്കുന്നു ചുണ്ടിലെ
പോയകാല പാഴ്ച്ചുംബനങ്ങളേ വിട…..

By ivayana