രചന : ജിനു ✍
ആകാശവാണി തിരുവനന്തപുരം നിലയത്തിൽ അവതരിപ്പിച്ച എന്റെ കവിത. റേഡിയോയിൽ ഇന്നലെ കവിത പ്രക്ഷേപണം ചെയ്തപ്പോൾ കേൾക്കാൻ പറ്റാഞ്ഞവർക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു.
പിഞ്ഞാണങ്ങൾ കൂട്ടിയിടിപ്പിച്ചു
ചിലപ്പോഴതു മണിമുഴക്കിയെത്തും.
മറ്റുചിലപ്പോൾ
തേങ്ങാപ്പീര ല്ലിൽ കിടന്നു
നിലവിളിക്കുന്നുണ്ടാകും,
പതിവിലും കൂടുതൽ ചതച്ചും അമർത്തിയും
അരയപ്പെടുന്നതിനാൽ.
പശൂന്റെ ഈച്ചയെ ഓടിക്കുന്ന വാലുകൾ
കറക്കാൻ കൊരണ്ടീലിരിക്കും മുന്നേ
എരുത്തൂടിന്റെ തൂണിൽ
വിറകുക്കെട്ടി കൊണ്ടുവരുന്ന
കട്ടുപടലിന്റെ വള്ളീം കൊണ്ട്
കെട്ടി വെക്കുന്നത് കണ്ടു ഉള്ള് വിങ്ങീട്ടുണ്ട്.
മറ്റു ചിലപ്പോൾ കറമ്പി പശൂന്റെ
രണ്ടു കൊമ്പുകൾക്കു നടുവിലെ
കുഞ്ഞിക്കുഴിയിൽ ചൊറിഞ്ഞതിനെ ഓമനിക്കുന്നതും.
ചോറിനുള്ളിൽ മുടി കണ്ടാൽ
പിഞ്ഞാണവും ചോറും അപ്പൻ വലിച്ചെറിയാറുണ്ടായിരുന്നു.,
ചില ദിവസം ചോറിനുള്ളിലെ നീളൻ മുടി
ആരും കാണാതെ വകഞ്ഞുമാറ്റിവെച്ചു
കഴിക്കുന്നതു കണ്ടിട്ട്
അപ്പൻ നന്നായീന്നു തെറ്റുദ്ധരിച്ചിട്ടുണ്ട്.
അന്ന് എനിക്കൊന്നും തിരിഞ്ഞിട്ടില്ലായിരുന്നു.
റ ഇടത്തോട്ടു തിരിഞ്ഞു കിടക്കുമ്പോലെ
അമ്മ കട്ടിലിൽ കിടന്നു ചുരുളുന്നത് കണ്ടിട്ടുണ്ട്.
ചില നേരങ്ങളിൽ ഇങ്ങനെയൊക്കെയാവുന്ന
അമ്മയെ കണ്ടിട്ട് ആരോടും പറയാനാവാതെ ദണ്ണിച്ചിട്ടുണ്ട്.
എന്തോ കുഴപ്പമുള്ള അമ്മയെ കെട്ടിയ അപ്പനെ
വല്ലാത്തോരു ആന്തലോടെ നോക്കുന്ന
ബാല്യമെനിക്കുണ്ടായിരുന്നു.
ചില ദിവസങ്ങളിൽ സ്‌കൂളീന്നെത്തുന്ന
എന്നെയും നോക്കി കവല കഴിഞ്ഞുള്ള
തോടിനു മോളിലെ ഒറ്റത്തെങ്ങിൻപ്പാലത്തിനക്കരെ
ആനച്ചെവിയൻ ചേമ്പില ചൂടി
കക്ഷത്തിലൊരു പുള്ളിക്കൂടയുമായി
നോക്കിയിരിക്കുന്നതും കണ്ടിട്ടുണ്ട്.
ബാല്യത്തിലെ ചില വൈകുന്നേരങ്ങളിൽ
അമ്മയിട്ടു നൽകുന്ന കട്ടംക്കാപ്പിയിലെ
വിക്സുമണം കണ്ണു പൊള്ളിക്കുകയും
ഉള്ള് നീറ്റുകയും ചെയ്യുന്നുണ്ട്,
ഈ മുപ്പത്തിമൂന്നാം വയസ്സിലും.
എല്ലാ നോവുകൾക്കും വിക്സ് മതിയാവില്ലെന്നുമറിയുന്നു.
ഏതെല്ലാം ക്ലാസ്സുകളിലെന്നെ
അമ്മമാരായ ടീച്ചറുമാർ പഠിപ്പിച്ചിട്ടുണ്ട്…
എല്ലാ പിരീഡിലും ക്ലാസ്സെടുത്ത അവരാരും
പിരീഡിനെക്കുറിച്ചെന്നെ പഠിപ്പിച്ചിട്ടില്ല.
ഒളിപ്പിച്ചു കടത്തിയ ചില പാഠങ്ങൾ
തൊട്ടാലുടൻ ചാണകം തുളച്ചുകടക്കുന്ന
കുണ്ടളപ്പുഴൂന്റെ മോന്ത പോലെ ക്രൂരവും
അതിന്റെ ദേഹം പോലെ ദുർഗ്രഹമാണ്.
All India Radio (AIR),
Akashvani
Thiruvananthapuram
