രചന : സതി സുധാകരൻ ✍
മീനച്ചൂടു സഹിച്ചീടാതെ
കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി.
തുള്ളിക്കളിച്ചൊരു കാട്ടാറും
മണലാരണ്യംപോലെ കിടന്നു.
കാട്ടിൽ കിളിർത്ത പുൽമേടുകളും
ചൂടാൽ വാടിക്കരിഞ്ഞു കഴിഞ്ഞു.
ഭക്ഷണമില്ലാ കാട്ടുമൃഗങ്ങൾ
തീറ്റകൾ തേടി നടന്നു തുടങ്ങി
നാട്ടിൽ കണ്ടവയൊക്കെ തിന്നു
മാനവർ പേടിച്ചോടി നടന്നു
പാട്ടും പാടി നടന്നൊരു കിളികൾ
ദാഹജലത്തിനു കേണു തുടങ്ങി.
കരിമുകിലിന്റെ കരളലിയിച്ച്
വേഴാമ്പലുകൾ കേണു കരഞ്ഞു
കരിമേഘങ്ങൾ വാനിൽ വന്ന്
പുതുമഴയായി പെയ്തു തുടങ്ങി.
കാട്ടാറൊഴുകി കാടു കിളിർത്തു
കാട്ടുമൃഗങ്ങൾ കാട്ടിലുമെത്തി.
കാട്ടാറിന്നിരുകൈകളിലാടി
തീരത്തുള്ളൊരു പുൽക്കൊടി പോലും
കാടിനു ജീവൻ വച്ചതു പോലെ
കിളികൾ കളകളനാദമുയർത്തി.
