രചന : ഷീബ ജോസഫ് ✍️
നിങ്ങളെന്തോന്നാണ് മനുഷ്യാ, കാക്ക നോക്കുന്നതുപോലെ ഈ നോക്കുന്നത്.
ആരെങ്കിലും കണ്ടാൽതന്നെ നാണക്കേടാണ്. ഇതിയാനെ കൊണ്ടു തോറ്റല്ലോ ദൈവമേ!
അന്നാമ്മച്ചേട്ടത്തി തലേ കൈവച്ചു.
“എടീ, അപ്പുറത്ത് ഏതാണ്ട് ബഹളം,
അമ്മായിയമ്മയും മരുമകളുംതമ്മിൽ അടിയാണെന്നു തോന്നുന്നു.”
അതിന് നിങ്ങൾക്കെന്നാ മനുഷ്യാ? ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കും.
എന്നാലും എൻ്റെ മനുഷ്യാ, നിങ്ങളുടെ ഈ എത്തിനോട്ടം ആരേലും കണ്ടാൽ നാണക്കേടല്ലായോ?
എടീ അന്നാമ്മെ, ഇത് ഞാൻ കാശുമുടക്കി ഉണ്ടാക്കിയിട്ടിരിക്കുന്ന എൻ്റെ വീട്, എൻ്റെ ജനൽ, ഞാൻ ഇതിനകത്തിരുന്ന് പലതും നോക്കും, ആർക്കാടി ചേതം?
“ഹൊ, ഇങ്ങനെയൊരു മനുഷ്യൻ, ഞാൻ പോണ്.”
“ങാ, നീ പോയി നിൻ്റെ പാടുനോക്ക്.”
അന്നാമ്മച്ചേട്ടത്തിയും വർക്കിച്ചേട്ടനുമാണ് ആ വീട്ടിൽ താമസിക്കുന്നത്. ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം ചേട്ടത്തിക്ക് ദൈവം കൊടുത്തിട്ടില്ല. ഇനിയും അതിനുള്ള ഭാഗ്യം ഉണ്ടാകുമെന്ന പ്രതീക്ഷയൊന്നും രണ്ടുപേർക്കും ഇല്ല.
വർക്കിച്ചേട്ടന് ഒരു പ്രത്യേകസ്വഭാവമാണ്. ആരേയും വിശ്വാസമില്ല. ആരുടെയും, ഒരു വിളച്ചിലും വർക്കിച്ചേട്ടൻ്റെയടുത്ത് നടക്കത്തും ഇല്ല.
ഊണു കഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അന്നാമ്മച്ചേട്ടത്തി ഒരു നിവേദനവുമായി അങ്ങോട്ടുചെന്നത്.
അതേ, എനിക്കൊരു കാര്യം പറയാൻ ഉണ്ട്?
“നീ നിന്ന്, പരുങ്ങാതെ കാര്യംപറ.”
“തോമസ്സുകുട്ടി വിളിച്ചിരുന്നു.” അന്നാമ്മച്ചേട്ടത്തിയുടെ ഇളയപ്പൻ്റെ മകനാണ് തോമസ്സുകുട്ടി.
എന്തിനാ അവൻ വിളിച്ചത്?
“അവന് ബിസ്നസുചെയ്യാൻ കുറച്ചു കാശ് കൊടുക്കാമോ എന്നു ചോദിച്ചു.”
അവന് ഞാൻ എന്തിനാ കാശ് കൊടുക്കുന്നത്? അവന് നല്ല ഒന്നാന്തരം ആരോഗ്യം ദൈവം കൊടുത്തിട്ടുണ്ട്. അവനങ്ങോട്ട് അധ്വാനിച്ച് ഉണ്ടാക്കാൻ പറ. നല്ല തണ്ടും തടിയും ഉണ്ടല്ലോ അവന്? അവൻ്റെയൊക്കെ പ്രായത്തിൽ ഞാനൊക്കെ എല്ലുമുറിയെ പണിയെടുത്താണ് ഇതെല്ലാം ഉണ്ടാക്കിയത്.”
ഓ, ഉണ്ടാക്കിയിട്ട് എന്തിനാ, ഇതെല്ലാം കെട്ടിപിടിച്ചുകൊണ്ട് ഇവിടിരുന്നോ.
അനുഭവിക്കാൻ ഒരു കുഞ്ഞിനെപോലും ദൈവം തന്നില്ല. ഇതിയാനോട് ചോദിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ?
“എടീ അന്നാമ്മെ, ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് അങ്ങനെയൊന്നും വെറുതെകളയാൻ ഞാൻ സമ്മതിക്കുകേല.”
‘ ഇത് കണ്ടോണ്ടാടേണ്ട കണ്ണൻ ചേമ്പെ, ഇതിനൊരു കാമുകൻ വേറെയുണ്ട്. ‘
അങ്ങനെ പാടിക്കൊണ്ട് വർക്കിചേട്ടൻ എഴുന്നേറ്റു. ആരേലും പൈസ ചോദിച്ചാൽ വർക്കിചേട്ടൻ പാടുന്ന ഒരു പാട്ടാണിത്.
കൈ തുടയ്ക്കാനുള്ള തോർത്തുംഎടുത്ത് ചേട്ടത്തി പുറകെചെന്നു.
“എടീ, വെറുതെകളയാൻ എൻ്റെകയ്യിൽ കാശില്ലെന്ന് നീ അവനോട് പറഞ്ഞേരെ.”
ചേട്ടത്തി വർക്കിചേട്ടനെ വിടാൻ ഭാവമില്ല. നിങ്ങളെക്കൊണ്ട് ആർക്കെങ്കിലും ഉപകാരമുണ്ടോ? പിന്നെ നിങ്ങളെന്താണ് മനുഷ്യാ പള്ളിയിലച്ചൻ ചോദിച്ചിട്ട് പൈസ ഒന്നും കൊടുക്കാതിരുന്നത്?
“കർത്താവിനെന്തിനാടി പൈസ. ഈ പിരിവായ പിരിവെല്ലാം നടത്തിയിട്ട് കർത്താവിൻ്റെപേരിൽ ഇവന്മാർ ആകെ നമുക്കുതരുന്നത് ഒരുരൂപ നാണയത്തിൻ്റെ വലുപ്പത്തിലുള്ള കനംകുറഞ്ഞ ഒരു ചെറിയ അപ്പം അല്ലായോ.”
“ദൈവദോഷം പറയാതെ എഴുന്നേറ്റു പോ മനുഷ്യാ.” ചേട്ടത്തിക്ക് ദേഷ്യം വന്നു.
“ഹല്ല പിന്നെ, അവളുടെ ഒരു ഉപദേശം.”
അന്നാമ്മചേട്ടത്തിയുടെ തൊട്ടപ്പുറത്തുള്ള വീട്ടിലാണ് പിള്ളചേട്ടനും കുടുംബവും താമസിക്കുന്നത്. ഒരു മതിലിൻ്റെ വ്യത്യാസമേയുള്ളൂ രണ്ടു വീടുംതമ്മിൽ.
“മൂന്നുപെൺമക്കളാണ് പിള്ളചേട്ടന്.”
പണിയൊക്കെകഴിഞ്ഞ് പൂരപ്പാട്ടും പാടിയാണ് എന്നും പിള്ളചേട്ടൻ വരുന്നതെങ്കിലും കുടുംബത്തെ പട്ടിണിയില്ലാതെ നോക്കുന്നുണ്ട്.
മൂത്ത മകൾ പ്ലസ് ടൂ വിന് പഠിക്കുകയാണ്. പിള്ളചേട്ടൻ്റെ മക്കളെല്ലാം നന്നായി പഠിക്കും.
പ്ലസ്ടുവിനുശേഷം നഴ്സിംഗ് പഠിക്കാൻ വിടണം എന്നാണ് ആഗ്രഹം. ഒരാളെങ്കിലും പോയി രക്ഷപ്പെട്ടാൽ കുടുംബം രക്ഷപ്പെടുമല്ലോ!
അന്നാമ്മച്ചേട്ടത്തി എന്തുണ്ടാക്കിയാലും ഒരുവീതം അവർക്കുള്ളതാണ്. ആഹാരം കൊടുക്കുന്നതിന് ഒരിക്കലും വർക്കിചേട്ടൻ എതിർപ്പുപറയില്ല. “അങ്ങനെ ഒരു നന്മയുണ്ട് വർക്കിചേട്ടന്.”
ഇറച്ചിയും മീനുമൊക്കെ മേടിക്കുമ്പോൾ അവർക്കുകൂടി കഴിക്കാൻ പാകത്തിന് തൂക്കം മേടിച്ചുകൊണ്ടുവരും. അതുകാണുമ്പോഴേ ചേട്ടത്തിക്കറിയാം, അവർക്കുകൂടിയുള്ളതാണെന്ന്.
‘ വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതിനേക്കാൾ വലിയ പുണ്യം വേറെയില്ല ‘ എന്നതാണ് വർക്കിചേട്ടൻ്റെ വിശ്വാസം.
മക്കളില്ലാത്ത വിഷമം അന്നാമ്മച്ചേട്ടത്തി തീർക്കുന്നത് ആ പെൺമക്കളെ സ്നേഹിച്ചാണ്. ആഹാരം ഉണ്ടാക്കി, മതിലിനിപ്പുറംനിന്ന് ‘മക്കളേ’ എന്നുവിളിച്ചാൽ മൂന്നുപേരും ഓടിവരും . അവരുടെ അമ്മ കുറെ നാളുകൾക്കുമുൻപുതന്നെ മരിച്ചുപോയി. പിള്ളേരുടെ അമ്മ മരിച്ചതിൽപ്പിന്നെ മക്കളുടെ എല്ലാകാര്യവും നോക്കുന്നത് പിള്ളേചേട്ടൻ തന്നെയാണ്.
പിള്ളചേട്ടൻ ഒരു കടയിൽ നിൽക്കുകയാണ്. അത്യാവശ്യം മക്കളുടെ കാര്യങ്ങളെല്ലാം ഭംഗിയായിതന്നെ നോക്കും. വൈകുന്നേരമാകുമ്പോൾ, ഷാപ്പിൽ ഒന്നുപോയി മിനുങ്ങുന്നശീലം പിള്ളേരുടെ അമ്മയുള്ളകാലംതൊട്ടേ പിള്ളേച്ചനുള്ളതാണ്. ഷാപ്പിൽ പോയിവരുമ്പോൾ ഉച്ചത്തിൽ പാട്ടൊക്കെ പാടികൊണ്ടാണ് വരുന്നത്. അതുകേൾക്കുമ്പോഴേ എല്ലാവർക്കും മനസ്സിലാകും പിള്ളച്ചേട്ടൻ വരുന്നുണ്ട് എന്ന്. അങ്ങേരെക്കൊണ്ട് വേറെ ആർക്കും ഒരു ശല്യവുമില്ല.
പതിവുപോലെ ഒരു വൈകുന്നേരം അന്നാമ്മച്ചേട്ടത്തിയും വർക്കിച്ചേട്ടനുംകൂടി അത്താഴം കഴിക്കാനിരുന്നു. കഞ്ഞിയും, എന്തേലും തൊടുകറിയുംമതി വർക്കിച്ചേട്ടന്.
അങ്ങനെ നിർബന്ധങ്ങളൊന്നും ഇല്ല രണ്ടുപേർക്കും.
പറമ്പിലൊരു നല്ല പുളിയൻമാങ്ങകിട്ടുന്ന മാവ് നിൽപ്പുണ്ട്. അതിൽനിന്നും ഒരെണ്ണംപൊട്ടിച്ച് ചുവന്നുള്ളിയും, കാന്താരിയും, തേങ്ങയും, ഉപ്പുംചേർത്ത് നല്ല ഒന്നാന്തരം ഒരു മാങ്ങാച്ചമ്മന്തി ചേട്ടത്തി അരച്ചിട്ടുണ്ടായിരുന്നു. അതുകൂട്ടി സുഖമായി, കഞ്ഞികുടിയുംകഴിഞ്ഞ് ഉമ്മറത്ത് സൊറ പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് അപ്പുറത്തുനിന്ന് ഒരു നിലവിളികേട്ടത്.
പിള്ളചേട്ടൻ്റെ വീട്ടിൽനിന്നുമാണ്.
എന്താ പറ്റിയത്? രണ്ടുപേരും അങ്ങോട്ടേക്ക് ഓടി. ചേട്ടത്തിയെ കണ്ടതും, അമ്മച്ചീ എന്നുംവിളിച്ച് കരഞ്ഞുകൊണ്ട് പെൺകുഞ്ഞുങ്ങൾ ഓടി വന്നു.
എന്താ മക്കളെ… എന്ത് പറ്റി?
“അമ്മച്ചി അച്ഛൻ പോയി…”
അപ്പോഴേക്കും അവിടെ ആളുകൾ കൂടിയിരുന്നു. പിള്ളച്ചേട്ടന് ഷാപ്പിൽവച്ച് ഒരു നെഞ്ചുവേദനവന്നതാണ്. ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നവഴിതന്നെ മരിച്ചു.
“എൻ്റെ കർത്താവേ, നീ ഇത് എന്തോ ഭാവിച്ചാ. ഈ കുഞ്ഞുങ്ങൾക്ക് ഇനി ആരുണ്ട്? ചേട്ടത്തി നെഞ്ചത്തടിച്ച് നിലവിളിച്ചു.”
ചടങ്ങുകളെല്ലാം കഴിഞ്ഞ്, അവരുടെ ബന്ധുക്കളുടെ ഇടയിൽ തളർന്നിരിക്കുന്ന കുട്ടികളെ ആശ്വസിപ്പിച്ച് അവർ തിരിച്ചുവന്നു.
രണ്ടുപേർക്കും, ഒരു വറ്റുപോലും ഇറങ്ങുന്നില്ലായിരുന്നു.
“ഇച്ചിരി കഞ്ഞി തരട്ടായോ, രാവിലെമുതൽ ഒന്നും കഴിച്ചില്ലല്ലോ.”
“ഒന്നും വേണ്ടടി, നീ പോയി കിടന്നോ..വിശപ്പില്ല.”
രണ്ടുദിവസത്തെ ക്ഷീണമുണ്ട് ചേട്ടത്തിക്ക്. കിടന്നയുടനെതന്നെ ഉറങ്ങിപ്പോയി. വർക്കിച്ചേട്ടൻ ഉമ്മറത്തെ ചാരുസേരയിൽ മലർന്നുകിടന്നു.
തൂമ്പ കൊണ്ട് എന്തോ പൊട്ടിക്കുന്ന ശബ്ദംകേട്ടാണ് ചേട്ടത്തി ഉണർന്നുവന്നത്. പുറത്തിറങ്ങിനോക്കുമ്പോൾകണ്ടത് പിള്ളച്ചേട്ടൻ്റെ വീട്ടിലോട്ടുള്ള മതിൽ വർക്കിച്ചേട്ടൻ തൂമ്പകൊണ്ട് പൊട്ടിച്ചുമാറ്റുകയാണ്.
അയ്യോ, നിങ്ങൾ ഇതെന്തോന്നാ മനുഷ്യാ ഈ കാണിക്കുന്നത്? നടുവേദനയുള്ള മനുഷ്യനല്ലേ നിങ്ങള്.
അല്ലാ, നിങ്ങളിതെന്തിനുള്ള പുറപ്പാടാ, നിങ്ങളെന്തിനാ മനുഷ്യാ ഈ മതിലു കുത്തിപൊളിയ്ക്കുന്നത്?
“നീ എന്നതാടി കിടന്ന് ബഹളംവെക്കുന്നത്, പിള്ളേര് അവിടെ ഒറ്റയ്ക്കല്ലായോ, ഇനി അവർക്കാരാ ഉള്ളത്? ഇവിടെയിനി ഈ മതിൽ വേണ്ടാ.”
അതൊക്കെ സമ്മതിച്ചു, നിങ്ങൾ ഈ വയസ്സാൻകാലത്ത് നടുവ് കളയാതെ, ആരെയെങ്കിലുംനിർത്തി മതിലുപൊളിക്ക് മനുഷ്യാ.
എടീ അന്നാമ്മേ, ഒരാളെനിർത്തിയാൽ കൂലി കൊടുക്കണ്ടായോ. നിൻ്റെ അപ്പൻ കൊണ്ടുതരുമോ പൈസ?
“ഇനി പൈസാ ഒന്നും കളയാതെ സൂക്ഷിച്ചുവെക്കണം.”
എന്തിനാ മനുഷ്യാ?
“എടീ, ഇനി നമുക്കു മൂന്നുപെൺമക്കളാണുള്ളത്. അവരെ പഠിപ്പിക്കണ്ടെ, നല്ല രീതിയിൽ കെട്ടിച്ചയക്കണ്ടെ, കാശ് എത്രയാകുമെന്നാ നിൻ്റെ വിചാരം?”
ഒരപ്പൻ്റെ, വേവലാതിമുഴുവൻ വർക്കിച്ചേട്ടനുണ്ടായിരുന്നു.
അന്നാമ്മച്ചേട്ടത്തി വർക്കിച്ചേട്ടനെത്തന്നെ നോക്കി നിൽക്കുകയാണ്, അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“എൻ്റെ കർത്താവേ, ഈ കുഞ്ഞുങ്ങളുടെ അപ്പനും അമ്മയും ആകാൻ വേണ്ടിയായിരുന്നോ നീ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരാതെ നോക്കിയിരുന്നത്?”
“വർക്കിച്ചേട്ടൻ്റെ തലക്കുമുകളിൽ മാലാഖമാർ വട്ടമിട്ടുപറക്കുന്നതുപോലെ ചേട്ടത്തിക്കുതോന്നി.”
നീ എന്തോന്നാടി കണ്ണുംമിഴിച്ച് നോക്കിനിൽക്കുന്നത്? വേഗം പോയി പിള്ളേർക്കു കഴിക്കാൻ വല്ലതും ഉണ്ടാക്കാൻ നോക്ക്.
അന്നാമ്മച്ചേട്ടത്തി വേഗം അടുക്കളയിലേക്കോടി. രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകളുടെ നെയ്ത്തിരിവെളിച്ചം അവിടെ തെളിയുകയായിരുന്നു.
