“നിങ്ങളുടെ നെഞ്ചിന്റെ ചൂടേറ്റ്, ആ നെഞ്ചിടിപ്പറിഞ്ഞു കൊണ്ടു കിടന്നാലല്ലാതെ എനിയ്ക്ക് ഉറക്കം വരില്ല വിനുവേട്ടാ… അതിനി ഏതവസ്ഥയിൽ എവിടെയാണെങ്കിലും എനിയ്ക്ക് ഉറങ്ങാൻ നിങ്ങളെന്റെ അരികിൽ തന്നെ വേണം വിനുവേട്ടാ…”
വിനോദിന്റെ ശരീരത്തിലേക്കൊട്ടി ചേർന്നൊരൊറ്റ ശരീരമായ് പുണർന്നു കിടക്കുമ്പോൾ ഭാമ സ്നേഹത്തിലവന്റെ കാതോരം പറഞ്ഞ വാക്കുകൾ കേട്ടതും ഇറുക്കത്തിലവളെ തന്നോടു കൂടുതൽ ചേർത്തു പിടിച്ചു വിനോദ്
അവന്റെയാ പ്രവർത്തിയിലും വിരലുകളുടെ കുസൃതിയിലും ഭാമ കുണുങ്ങി കുറുകി ചിരിച്ചതും അവളുമായൊന്നുരുണ്ടു വിനോദാ ബെഡ്ഡിൽ…

“വേണ്ടാ ട്ടോ വിനുവേട്ടാ… ഞാൻ സമ്മതിക്കില്ല..
ചെറു നിശ്വാസചൂടോടെ തന്റെ കാതോരം പതിയുന്ന ഭാമയുടെ ശബ്ദം… ഒരു തരിപ്പുണർന്നു വിനോദിൽ…
“വിനോദേ… മോനെ ഇങ്ങനെ ഇരുന്നാലെങ്ങനെയാടാ ശരിയാവുന്നത്..?
ഇതിനൊരു തീരുമാനം വേണ്ടേ…?
തനിയ്ക്ക് അരികിൽ കേട്ട ചെറിയച്ഛന്റെ ശബ്ദത്തിൽ ഞെട്ടി വിനോദൊന്ന്
താനിപ്പോൾ ഉള്ളത് തന്റെ ബെഡ്റൂമിൽ അല്ലായെന്ന ബോധം വന്നതും ഒന്നും ചുറ്റും നോക്കിയവൻ…
അതെ, ഇത് വീടല്ല… പോലീസ് സ്റ്റേഷനാണ്..

ഇന്നലെ രാത്രി തന്റെ നെഞ്ചിലെ ചൂടിൽ പതുങ്ങി ,തന്നോടു കിന്നാരം പറഞ്ഞു കിടന്ന തന്റെ ഭാര്യ ഭാമ ഒരു രാത്രി മാഞ്ഞ് പകലായപ്പോൾ തനിയ്ക്കൊപ്പമില്ല, തന്റെ ആത്മമിത്രം സുനീറിന്റെ കൂടെയാണ്..
അവന്റെ കണ്ണുകൾ തനിയ്ക്ക് എതിർവശത്ത് സ്റ്റേഷൻ ചുമരിൽ ചാരി നിൽക്കുന്ന സുനീറിലെത്തി…
വിനോദിന്റെ കണ്ണുകൾ തന്നിലാണെന്ന് കണ്ടതും സുനീറിന്റെ ഇടം കൈ ഭാമയുടെ വലം കയ്യിൽ കൊരുത്തു പിടിച്ചു, വിട്ടുതരില്ലെന്ന പോലെ…
ഒരു പുശ്ചചിരി തെളിഞ്ഞു വിനോദിലെങ്കിലും അവന്റെ കണ്ണുകൾ സുനീറിനെയും താണ്ടി ഭാമയിലെത്തി..

അവളുടെ ഇക്കഴിഞ്ഞ പിറന്നാളിന് താൻ വാങ്ങിക്കൊടുത്ത തന്റെ ഫേവറേറ്റു കളർ ചുരിദാറാണവൾ അണിഞ്ഞിരിക്കുന്നതെന്ന് അത്ഭുതത്തോടെ നോക്കിയവൻ..
വാങ്ങി നൽകിയ അന്നു മുതൽ എത്രയോ തവണ അവളത്തിട്ടു കാണാൻ താൻ ആഗ്രഹിച്ചെങ്കിലും തനിക്കേറ്റവും സന്തോഷമുള്ള നാളിൽ മാത്രമേ അതണിയൂവെന്നവൾ വാശി പിടിച്ചു…
ഇന്നായിരുന്നോ അവൾക്കേറ്റവും സന്തോഷമുള്ള ആ ദിവസം…?
“അവൾക്കായ് ജീവിച്ച ഭർത്താവിനെ ഉപേക്ഷിച്ച് ഭർത്താവിന്റെ കൂട്ടുക്കാരനൊപ്പം പോയ ഈ ദിവസമായിരിക്കും ചിലപ്പോഴവൾക്ക് ഏറ്റവും സന്തോഷം.. ”
തന്റെ ചോദ്യത്തിനുള്ള ഉത്തരവും അവൻ തന്നെ കണ്ടെത്തിയതും അവരെ നോക്കിയൊന്ന് ചിരിച്ച് ഇരുന്നിടത്തു നിന്നെഴുന്നേറ്റവൻ..

“ഞാനെന്നാൽ പൊക്കോട്ടെ സാറെ, ഇവിടെയിനി ഇരിക്കേണ്ട കാര്യമില്ലല്ലോ…?
വേദനയൊളിപ്പിച്ചൊരു ചിരിയോടെ വിനോദ് ചോദിച്ചതും അവിടെ കൂടിയിരുന്നവരുടെയെല്ലാം സഹതാപം പുരണ്ട നോട്ടമവനിൽ തങ്ങി..
രാത്രി തനിയ്ക്കൊപ്പം ഉറങ്ങിയ ഭാര്യയെ രാവിലെ മുതൽ കാണാനില്ലെന്ന പരാതിയുമായ് പതറി പകച്ച് സ്റ്റേഷനിലേക്കു കയറി വന്നു പറഞ്ഞവന്റെ മുഖം അവരാരും ഒരിക്കലും മറക്കില്ല…
ഭരായെ കുറിച്ച് പറയുമ്പോൾ അയാളുടെ കണ്ണിൽ നിന്നടർന്നു വീണ ഓരോ തുള്ളി കണ്ണുനീരും വന്നു പതിച്ചത് അവിടെ കൂടിയിരുന്നവരുടെ നെഞ്ചിലാണ്…
കാണാതെ പോയ ഭാര്യയെ കൂട്ടുകാരന്റെയൊപ്പം റിസോർട്ടിൽ നിന്ന് പോലീസുകാർ കണ്ടെത്തിയെന്ന വാർത്തയറിഞ്ഞപ്പോൾ അവൻ ഞെട്ടിയ ഞെട്ടലിൽ വിറച്ചു പോയത് അവനൊപ്പമുള്ളവരാണ്…

“തനിയ്ക്കെന്തെങ്കിലും പറയാനോ മറ്റോ ഉണ്ടോ വിനോദേ…?
അല്പം പ്രായമുള്ള സ്റ്റേഷൻ എസ് ഐ അലിവോടെ തിരക്കിയതിന് നിറക്കണ്ണോടെ തല ചലിപ്പിച്ചവൻ
“എനിയ്ക്കിനി ഒന്നും പറയാനില്ല സാറെ.. ഞാനെന്തു പറയാനാണ്, എന്നെ വേണ്ടെന്നു പറഞ്ഞ് അവളായ് കണ്ടെത്തിയ ഒരുവനൊപ്പം അവൾ പോയ്.. മറ്റൊരുവനൊപ്പം പോയവന് മനസ്സും ശരീരവും നൽകിയൊരു പെണ്ണിനെ തിരികെ എന്റെ ജീവിതത്തിലേക്ക് കൂട്ടാൻ മാത്രം വലിയ മനസ്സൊന്നും എനിയ്ക്കില്ല സാറേ.. അവരു ജീവിച്ചോട്ടെ… സന്തോഷമായ്..”

നിറഞ്ഞുതൂവുന്ന കണ്ണുകൾ തുടച്ചവൻ പറഞ്ഞതും ആശ്വാസഭാവം തെളിഞ്ഞു ഭാമ യിലും സുനീറിലും..
“താങ്കളുടെ പണമോ സ്വർണ്ണമോ മറ്റോ അവളെടുത്തിട്ടുണ്ടെങ്കിൽ അതിപ്പോൾ പറയാം, തിരികെ മേടിച്ചു തരാം ഞങ്ങൾ..”
“ഞാൻ ആരുടേം ഒന്നും എടുത്തിട്ടില്ല സാറേ.. ഞാനെടുത്തത് എനിയ്ക്ക് എന്റെ വീട്ടീന്ന് കിട്ടിയ സ്വർണ്ണം മാത്രമാണ്, എന്റെ അവകാശം.. വിനുവേട്ടന്റെ ഒന്നും ഞാനെടുത്തിട്ടില്ല, കെട്ടിയ താലി വരെ ആ വീട്ടിൽ ഊരിവെച്ചിട്ടുണ്ട് ഞാൻ…
എസ് ഐ പറഞ്ഞു നിർത്തും മുമ്പേ ഭാമയുടെ ഗർവ്വുള്ള ശബ്ദം മുഴങ്ങി സ്റ്റേഷനിൽ..
അതിനൊരു മറുപടി എസ് ഐ ഭാമയ്ക്ക് നൽക്കും നേരം സ്റ്റേഷൻ വിട്ട് പുറത്തേക്കിറങ്ങിയിരുന്നു വിനോദും കൂട്ടരും…
ദിവസങ്ങൾ ആഴ്ചകളായ് കടന്നു പോയ്…

ഭാമ വിനോദിനെ ഉപേക്ഷിച്ച് പോയിട്ടിപ്പോൾ രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു…
തന്റെ ജീവിതവുമായ് വിനോദും പൊരുത്തപ്പെട്ട് തുടങ്ങിയിരിക്കുന്നു..
“നിങ്ങളൊരു പാവത്തിനെ പോലെ നിന്ന് എന്നെ പറ്റിക്കുകയായിരുന്നല്ലേ….?
ഒട്ടും പ്രതീക്ഷിക്കാതൊരു ദിവസം വിനോദിന്റെ വീട്ടിലെത്തി ഭാമ അലറിയതും വിനോദവളെ കാര്യമറിയാതെ പകച്ചു നോക്കി..
”ഞാനെങ്ങനെയാണ് ഭാമേ നിന്നെ പറ്റിച്ചത്..? നീയല്ലേ എന്നെ പറ്റിച്ച് എന്റെ കൂട്ടുക്കാരനൊപ്പം പോയത്..?

വിനോദ് ചോദിച്ചതും ഭാമയവന്റെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു
“എനിയ്ക്കെന്റെ വീട്ടിൽ നിന്ന് തന്നത് നല്ല ഒറിജിനൽ സ്വർണ്ണമാണ്, താനാണ് അതെടുത്തിട്ട് പകരം അതേപോലെയുള്ള മുക്കുപണ്ടം വെച്ചത്..”
അലറുക തന്നെയായിരുന്നു അതു പറയുമ്പോൾ ഭാമ സത്യത്തിൽ…
ഒച്ചപ്പാടും ബഹളവും കൂടിയതും പോലീസെത്തിയവിടെ
വിനോദിനോട് കയർക്കുന്ന സുനീറിനെയും ഭാമയേയും അടക്കി നിർത്തി എസ് ഐ
“സാറേ സുനിയേട്ടന്റെ കയ്യിലെ പൈസ തീർന്നപ്പോൾ തൽക്കാലം എന്റെയൊരു വള വിൽക്കാന്ന് കരുതി ഞങ്ങൾ സ്വർണ്ണക്കടയിൽ ചെന്നപ്പഴാ അറിഞ്ഞത് എന്റെ കയ്യിലുള്ളതെല്ലാം വ്യാജ സ്വർണ്ണമാണെന്ന്, ഒറിജിനൽ ഇയാളെടുത്ത് മാറ്റി സാറേ… ”
കരച്ചിലോടെ ഭാമ പറഞ്ഞതും വനിതാ പോലീസിന്റെ കൈയവളുടെ കവിളിൽ ശക്തമായ് പതിഞ്ഞിരുന്നു..

“നുണ പറയുന്നോടി കള്ളീ നീ…
ഒരു രാവ് പുലർന്നപ്പോൾ നിന്നെ കാണാതെ ലോകം മുഴുവൻ തിരഞ്ഞു നടന്ന ഇവനെപ്പോഴാണെടീ നിന്റെ സ്വർണ്ണം മാറ്റുന്നത്..?
“കയ്യിലുള്ളതെല്ലാം കൂതാടി നടന്ന് വിറ്റു തുലച്ച് തിന്നിട്ടവള് പിന്നേം ഒന്നുമറിയാത്തയാ പാവത്തിന്റെ മേൽ പഴിച്ചാരുന്നോ ക#$#$ മോളെ… ”
വായിൽ വന്നൊരു മുഴുത്ത തെറിപറയുന്നതിനൊപ്പം തന്നെ പിന്നെയും കൈ ഉയർന്നു താഴ്ന്നു പോലീസിന്റെ…

“ഒരുവന്റെ ഭാര്യയായ് ജീവിച്ചപ്പോൾ നിനക്ക് അടുത്തവനോട് കമ്പം.. ഇപ്പോ അവന്റെയൊപ്പം പോണ്ട പൂതി തീർന്നപ്പോഴാണോ ടീ നിനക്ക് പുതിയ കഥയുമായിട്ടിറങ്ങാൻ തോന്നിത്… നീ ആള് കൊള്ളാലോ…?
“ഇക്കഴിഞ്ഞ രണ്ടു കൊല്ലം ഈ പാവം ചെക്കന്റെ വിയർപ്പിന്റെ ഉപ്പ് തിന്ന് സുഖിച്ച് ജീവിച്ചിട്ടതിനേം പറ്റിച്ചു പോയതും പോര പുതിയ തട്ടിപ്പും കൊണ്ടിറങ്ങിയേക്കാണ് രണ്ടെണ്ണം..നാണമില്ലല്ലോടാ നിനക്ക് വീണ്ടും ഇവളേം കൊണ്ട് ഇവന്റെ അടുത്ത് തെണ്ടാൻ വരാൻ…”

ചുറ്റും കൂടിയ കാഴ്ചക്കാർക്കിടയിൽ നിന്ന് തൊലിയുരിക്കുന്ന സംസാരങ്ങൾ ഒരു പാട് ഉയർന്നതും നാണക്കേടുകൊണ്ട് ഒളിക്കാൻ സ്ഥലം തേടിയലഞ്ഞു ഭാമയുടെ മിഴികൾ..
‘ഇനിയിതുപോലെ കള്ളക്കഥയുണ്ടാക്കി ആ പാവം ചെക്കനെ നിങ്ങൾ ബുദ്ധിമുട്ടിച്ചെന്ന് ഞാനറിഞ്ഞാൽ പിന്നെ ജയിലും കോടതിയുമായ് നടക്കാൻ പോവുന്നത് നിങ്ങളായിരിക്കും. അതിനുള്ള പണി തരും ഞാൻ രണ്ടിനും…”
പിരിഞ്ഞു പോവാൻ നേരം എസ് ഐ പറഞ്ഞ വാക്കുകൾ കേട്ട് ഭയന്നു ഭാമയും സുനീറും.
ഇനിയെന്ത് ചെയ്യുമെന്നറിയാതെ വിനോദിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ ആകെ അസ്വസ്ഥ ആയിരുന്നു ഭാമ..

പുറമെജോലിക്ക് പോവാൻ മടിയാണ് സുനീറിന്, തന്റെ സ്വർണ്ണം വിറ്റിട്ടാ പണം കൊണ്ടൊരു വണ്ടി വാങ്ങി ടാക്സിയായ് ഓടാനായിരുന്നു അവന്റെ പ്ലാൻ…
സ്വർണ്ണം നഷ്ടപ്പെട്ടു, പക്ഷെ എങ്ങനെ…?
ചോദ്യം ഉയർന്നു കൊണ്ടിരുന്നു ഭാമയ്ക്കുള്ളിൽ…
“നിന്റെ വീട്ടുകാർ നിന്നെ മുക്കുപണ്ടം തന്ന് പറ്റിച്ചതാടി… അതു കണ്ട് നിന്നെ കൂടെ കൂട്ടിയ ഞാനിപ്പോ വെറും വിഡ്ഢിയായ്…

” ഒരുത്തൻ ഒന്നു രണ്ടു കൊല്ലം കൂടെ കിടത്തിയ നിന്നെ നിന്റെ സ്വർണ്ണം കണ്ടിട്ടു തന്നെയാണ് ഞാൻ കൂടെ കൂട്ടിയത്, പല ലക്ഷ്യങ്ങളും വെച്ച്, ആ സ്വർണ്ണമോ അതിനുള്ള പണമോ ഇല്ലാതെ നീ എന്റെ കൂടെ ജീവിക്കാന്ന് കരുതണ്ട ഭാമേ…’
ദേഷ്യത്തിൽ ഭാമയോടു പറഞ്ഞ് പെരുവഴിയിൽ അവളെ ഒറ്റയ്ക്കാക്കി സുനീർ പോയതും പകച്ചു ഭാമ…
തന്റെ കയ്യിലുണ്ടായിരുന്നത് സ്വർണ്ണം തന്നെയാണ്, പക്ഷെ ഇപ്പോഴുള്ളത് മുക്കുപണ്ടവും… അതെങ്ങനെ വന്നു…
“വിനോദേട്ടൻ ചതിച്ചെന്ന് തന്നോട് പറഞ്ഞത് സുനീറാണ്… ഇനിയൊരുപക്ഷെ താനറിയാതെ അതെടുത്തത് സുനീർ തന്നെയാണോ..?
അതാവുമോ കാര്യം നേടി കഴിഞ്ഞപ്പോൾ തന്നെയിത്ര നിസ്സാരമായവൻ വലിച്ചെറിഞ്ഞത്…?

ഭാമയിൽ ചിന്തകൾ കടന്നൽകൂടിളക്കും നേരം തന്നെയാണ് അവൾക്കടുത്തായ് വിനോദിന്റെ ബൈക്ക് വന്നു നിന്നത്..
‘സുനീർ നിന്നെ കളഞ്ഞു പോയോ ഭാമേ..?
വിനോദിന്റെ ചോദ്യത്തിൽ തല താഴ്ത്തി ഭാമ..
“ഈ പെരുവഴിയിൽ നീ നിൽക്കുന്നത് കാണുമ്പോൾ വിഷമം ഉണ്ടെനിയ്ക്ക്, വേണോങ്കി നീയെന്റെ കൂടെ പോരെ, ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് എന്റെ ആവശ്യം തീർത്തിട്ട് നിന്നെ ഞാനിവിടെ തന്നെ കൊണ്ടാക്കാം,
നീ ചെയ്യുന്ന പണിക്ക് കൂലിയും തരാടീ..
“ഇനിയിപ്പോ ഇതു തന്നെയാകും മുന്നോട്ടു ജീവിക്കാൻ നിനക്കുള്ള വഴി…. പോരുന്നോ..? തുടക്കം എന്റെ അടുത്ത്ന്ന് ആവാം…”

പരിഹാസം അങ്ങേയറ്റമായിരുന്നു വിനോദിൽ, അവനുമുമ്പിൽ നിൽക്കാൻ കഴിയാതെ ദൂരേക്ക് ഭാമ ഓടിയകലുമ്പോൾ അവൾക്ക് നഷ്ടമായ സ്വർണ്ണമത്രയും ഭദ്രമായ് വിനോദിന്റെ കയ്യിൽ തന്നെയുണ്ടായിരുന്നു
ഭാമയുടെയും സുനീറിന്റെയും പ്രണയം അവളുടെ ഒളിച്ചോട്ടത്തിനും എത്രയോ മുമ്പ് തിരിച്ചറിഞ്ഞിരുന്നു വിനോദ്…
സുനീറിന്റെ കണ്ണ് ഭാമയുടെ സ്വർണ്ണത്തിലാണെന്നു തിരിച്ചറിഞ്ഞുതന്നെയാണ് അങ്ങനൊരു പണി അവർക്കിട്ടു കൊടുത്തതും പാവത്താനായ് നിന്നതും…
അവൾക്കു വേണ്ടി മാത്രം ജീവിച്ച തന്നെ ചതിച്ചവളോട് അവനു ചെയ്യാൻ കഴിയുന്ന പ്രതിക്കാരം…

തന്റെ ഇത്രയും വർഷത്തെ സമ്പാദ്യങ്ങൾ ആഢംബരങ്ങൾക്ക് വേണ്ടി ചിലവഴിച്ച് ,തന്നെ ചതിച്ചു പോയവളോട് അവനു ചെയ്യാവുന്ന ഏറ്റവും ചെറിയ വലിയ പ്രതികാരം…
തോറ്റു പോയവനായ് വിനോദിനെ മറ്റുള്ളവർക്ക് തോന്നുമെങ്കിലും സത്യത്തിലവൻ ജയിച്ചു നിൽക്കുകയാണ്… അവന്റേതു മാത്രമായ ജയം…

By ivayana