രചന : ബിനോ പ്രകാശ് ✍️
ഒന്ന് മയങ്ങാമെന്നു കരുതി കിടന്നപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്. തിരക്കുകൾക്കിടയിൽ അതിന്റെ ചിലമ്പിച്ച ശബ്ദം മനസിനെ അലോസരപ്പെടുത്താറുണ്ട്.
പകൽമയക്കം നഷ്ടപ്പെടുത്തുന്ന കാളിങ് ബെല്ലിനോട് ദേഷ്യം തോന്നിയെങ്കിലും ആരാണ് അത് മുഴക്കി യതെന്നറിയാൻ ഞാൻ വാതിൽ തുറന്നു.
കുറെ പാത്രങ്ങളും സോപ്പ്പ്പൊടിയുമൊക്കെ വിൽക്കുന്ന ഒരു പയ്യൻ. അവൻ പോകാൻ മടിക്കുന്നു
എന്തെങ്കിലുമൊന്നു മേടിക്കു ചേച്ചി
എനിക്കു മാർക്ക് കിട്ടുന്നതാണ്.
ദേഷ്യം തോന്നി. ഇവിടെ ഇതെല്ലാമുണ്ട്.വാതിൽ ചാരി അകത്തേയ്ക്ക് പോന്നപ്പോൾ വാടിയ മുഖത്തോടെ ഗേറ്റ് തുറന്നു പോകുന്ന
ആ പയ്യനെ സിറ്റ്ഔട്ടിന്റെ കറുത്ത ഗ്ലാസിൽ കൂടി കണ്ടു.
വന്ന ഉറക്കം പോയി.
വീണ്ടും അടുക്കളയിലേയ്ക്ക് പോയി.
വനിതയിൽ കണ്ട പുഡിങ് ചെയ്യാൻ ഒരുങ്ങുമ്പോൾ വീണ്ടും കാളിങ് ബെൽ ശബ്ദമുണ്ടാക്കി.
ശല്യം.. ആ കുന്തം ഇല്ലാതി രുന്നുവെങ്കിൽ.. മനസിലോർത്ത് വീണ്ടും ഗ്ലാസിനുള്ളിൽ കൂടി വെളിയിലേയ്ക്ക് നോക്കി.
ആരോ കുറേപ്പേർ.
പിരിവ് കാരാണെന്ന് തോന്നുന്നു.
ഈ പൊരിവെയിലത്താണോ ഇവരുടെ പിരിവ്…
ശബ്ദമുണ്ടാക്കാതെ മെല്ലെ തിരികെ നടന്നു.
ആരെങ്കിലും ഇറങ്ങി ചെല്ലുമെന്ന് കരുതി അവർ വീണ്ടും വീണ്ടും കാളിങ് ബെല്ലിൽ അമർത്തികൊണ്ടിരുന്നു.
ദേഷ്യം വന്നു… എന്തൊരു ശബ്ദമാണ്
ഈ പണ്ടാരത്തിനു.. മനസ്സിൽ കാളിങ് ബെല്ലിനെ പ്രാകി.
അല്പം കഴിഞ്ഞു കാളിങ് ബെൽ നിശ്ചലമായി.
അവർ പോയെന്ന് മനസിലാക്കി.
വൈകുന്നേരം ബാത്‌റൂമിൽ നിൽക്കുമ്പോൾ കാളിങ്ബെൽ ശബ്ദമുണ്ടാക്കി. നഗ്നമായ മേനിയിലൂടെ തണുത്ത വെള്ളം ഒഴുകുന്ന സുഖത്തിൽ
കാളിങ് ബെൽ ഇങ്ങനെ ചിലച്ചാൽ അയ്യോ കഷ്ടം..
എന്തായാലും കുളി കഴിയട്ടെ.
കുളി തീർത്തു വെളിയിൽ വരുമ്പോഴും കാളിങ്ബെൽ മുഴങ്ങി കൊണ്ടിരുന്നു.
വെള്ളം വാർന്നോഴുകുന്ന മുടിയിൽ തോർത്ത് ചുറ്റി വാതിൽ തുറക്കാൻ വന്നപ്പോൾ ദീപു ആയിരുന്നു വെളിയിൽ
എത്ര നേരം ബെല്ലടിച്ചു ഇത്രയും നേരം എവിടെ ആയിരുന്നു?
കുളിക്കുക ആയിരുന്നു. ദേഹത്തോട്ട് വെള്ളം ഒഴിച്ചതെയുള്ളായിരുന്നു.
ഇന്ന് നേരത്തെ വന്നല്ലോ.
ബാഗ് കയ്യിലെടുത്തു മുറിയിലേയ്ക്ക് നടക്കുമ്പോൾ അവൾ പറഞ്ഞു.
നമുക്ക് കാളിങ് ബെൽ വേണ്ട.
അതുണ്ടെങ്കിൽ എനിക്ക് ഒരു പണിയും നടക്കുവേല..
എപ്പോഴും ആരെങ്കിലും വന്നുകൊണ്ടേയിരിക്കും..
വരുന്നതോ ഒരു പ്രയോജനവുമില്ലാത്ത മാർക്കെറ്റിങ് പിള്ളേരും
പിരിവുകാരും
ഭിക്ഷക്കാരും.
ദയവു ചെയ്തു അതു ഊരി മാറ്റണം.
ദീപു ജോലി കഴിഞ്ഞു വരുമ്പോൾ ഫോണിൽ വിളിച്ചാൽ മതി. ഞാൻ വാതിൽ തുറന്നു കൊള്ളാം.
രാത്രിയിൽ കിടക്കാൻ നേരവും കാളിങ് ബെൽ ഊരി മാറ്റുന്നതായിരുന്നു വിഷയം.
രാവിലെ ഒരു സ്ക്രൂഡ്രൈവർ എടുത്തു ദീപു അത് ഊരി മാറ്റുന്നത് കണ്ടപ്പോഴാണ് സമാധാനമുണ്ടായത്.
പകലിന്റെ പകുതിയും ഇന്ന് തനിക്കു
ശാന്തമായിരിക്കുമെന്ന് കരുതി.
ഉച്ചമയക്കത്തിന്റെ നേരമാത്രമുള്ള
ആരുമല്ലാത്ത അതിഥികളുടെ ശല്യം ഒഴിവായല്ലോ എന്ന് കരുതി വീണ്ടും കിടന്നു.
വൈകുന്നേരം വേനൽ മഴയാണെന്ന് തോന്നുന്നു.
പുറത്തു കാറ്റും മഴയും.
മുറ്റത്തു ടൈൽസിൽ നിന്നും ആവി പറക്കുന്നുണ്ട്.
ഇടി വെട്ടുന്നത് കൊണ്ട് എ സി ഓഫ് ചെയ്തു.
കാറ്റും മഴയും ഇടിയുമൊക്കെ ഉള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ദീപു പറഞ്ഞിട്ടുണ്ട്.
അത് സ്വിച്ച് ഓഫ് ചെയ്തു വെച്ചു.
വരുമ്പോഴേ ചായ കൊടുക്കണം.
ഭയങ്കര പരവേശമാണ്.
എല്ലാം മേശപ്പുറത്തു എടുത്തു വെച്ചു.
ഇത്രയും ഇരുട്ടിയിട്ടും ദീപു വന്നിട്ടില്ല
കറന്റ് പോകുകയും ചെയ്തു. ഇൻവെർട്ടർ ആണിപ്പോൾ വർക് ആകുന്നത്. എല്ലായിടത്തും ഫാനും ടീവിയുമൊക്കെ ഇൻവെർട്ടറിൽ വർക്ക് ചെയ്യിക്കരുതെന്ന് ദീപു താക്കീത് ചെയ്തിട്ടുണ്ട്. അതുകൊണ്ട് മുറിയിൽ മാത്രം ലൈറ്റ് ഇട്ടു.
പുറത്തു… ഇരുട്ട്..
ദീപു വരേണ്ട സമയം കഴിഞ്ഞു.
ആകെ ഒരു ഭയം.. ഫോൺ ഓൺ ചെയ്തു വിളിച്ചു നോക്കി റിംഗ് ഉണ്ട്
കാൾ റെസിവ് ചെയ്യുന്നില്ല.
എങ്ങും കറന്റ് ഇല്ല.. നല്ല ഇരുട്ട്.
വെളിയിലെ ലൈറ്റ് ഇട്ടു ഒന്ന് നോക്കാം
അവൾ കണ്ടു ദീപു വെളിയിൽ വാതിൽക്കൽ ചാരിയിരിക്കുന്നു
ഭയത്തോടെ വാതിൽ തുറന്നു.
വിയർത്തു കുളിച്ചിരിക്കുന്നു. മൂക്കിൽ കൂടി ചോര…
മാറി മാറി വിളിച്ചിട്ട് അനക്കമില്ല.
ചാറ്റ്മഴ ആണെന്ന് ഓർത്തില്ല
അടുത്ത വീട്ടിലേക്ക് ഓടി..
അവിടുത്തെ കാളിങ് ബെൽ അമർത്തി പ്രതികരണം ഒന്നും ഉണ്ടായില്ല.
വീണ്ടും… അമർത്തികൊണ്ടേയിരുന്നു.
ആരാ ഉടമ വാതിൽ തുറന്നു ചോദിച്ചു
ഞാൻ അപ്പുറത്തെ വീട്ടിലെ….
ഒന്ന് വരുമോ?
ഞങ്ങൾ പ്രാർത്ഥിക്കുകയായിരുന്നു. കാളിങ് ബെല്ലിന്റെ നിർത്താതെയുള്ള ശബ്ദം കേട്ട് എഴുന്നേറ്റു വന്നതാ
സത്യത്തിൽ അപ്പോൾ കാളിങ് ബെല്ലിനോടൊരു ബഹുമാനം തോന്നി
അവരുടെ സഹായത്തോടെ ദീപുവിനെ ഹോസ്പിറ്റലിൽ എത്തിച്ചു.
ഞാൻ നേരത്തെ വന്നിരുന്നു
ഫോണിൽ വിളിച്ചു സ്വിച്ച് ഓഫ് ആയിരുന്നു.
നിർത്താതെ വാതിലിൽ മുട്ടി.
എനിക്ക് തീരെ വയ്യായിരുന്നു.
തലകറങ്ങുന്നത് പോലെ തോന്നി പിന്നെ ഒന്നും അറിയില്ല.
ദീപുവിനെ ഡിസ്ചാർജ് ചെയ്തു.
പരിചയമുള്ള ഒരു പ്ലമ്പർ പയ്യനെ വിളിച്ചു വീണ്ടും കാളിംഗ് ബെൽ പഴയ സ്ഥലത്ത് ഫിറ്റ് ചെയ്യിച്ചു.
വീണ്ടും കാളിങ് ബെൽ മുഴങ്ങി.
പക്ഷേ അതിന്റെ ശബ്ദം ഒരു സംഗീതംപ്പോലെ തോന്നി.
വാതിൽ തുറന്നു…
അപരിചിതൻ വഴി ചോദിക്കുവാൻ വന്നതാ.
വഴി പറഞ്ഞു കൊടുത്തു വാതിൽ അടച്ചു.. ദീപുവിന്റെ അരികിൽ ഇരുന്നതേയുള്ളു. വീണ്ടും കാളിങ് ബെൽ മുഴങ്ങി… മധുരമുള്ള ഒരു സംഗീതംപ്പോലെ വാതിൽ തുറന്നു
ആമസോണിൽ നിന്നും ബുക്ക് ചെയ്ത സാധനവുമായി വന്ന ഡെലിവറി ബോയ് ആയിരുന്നു.
കാളിങ് ബെല്ലിന്റെ അലോസരപ്പെടുത്തുന്ന ശബ്ദം എവിടെപ്പോയി….
ആലോചിച്ചു നോക്കി…
തന്റെ മനസിൽ നിന്നുമാണ്…
എപ്പോഴും ചിലയ്ക്കുന്ന ചിലമ്പിച്ച ശബ്ദം മാഞ്ഞു പോയത്.