രചന : ഉണ്ണി കെ ടി ✍️
പടിപ്പുരയുടെ വാതിൽ ഊക്കോടെ തള്ളിതുറന്ന് അയാൾ മഠത്തിന്റെ മുറ്റത്തേക്ക് കയറി…
ഉമ്മറത്തെങ്ങും ആരെയും കാണാനില്ല. അകത്തളത്തിലും ഒച്ചയും അനക്കവുമൊന്നും കേൾക്കുന്നില്ല.
ഒരുനിമിഷം സംശയിച്ചുനിന്നു. പക്ഷേ, അടിയില്നിന്ന് മുടിയോളം പുകയുകയാണ്, ദേഷ്യമാണോ സങ്കടമാണോ വെറുപ്പാണോ ഒന്നുമറിയില്ല.
അറച്ചുനിന്നാൽ വന്നകാര്യം നടക്കില്ല, വിളിക്കുകതന്നെ…
അപ്പാ….
കുറെ നേരത്തേയ്ക്ക് അനക്കമൊന്നും കേട്ടില്ല. വല്ല പ്രതികരണവും അകത്തുനിന്ന് ഉണ്ടാകുന്നുണ്ടോ എന്ന് തെല്ലിട കാതോർത്തു. ഇല്ല…
ഓഹോ…അങ്ങനെ…
എന്നാ പിന്നെ കേൾച്ചിട്ടുതന്നെ കാര്യം!.
അച്ഛാ…
ഇപ്പോൾ അകത്തളത്തിൽ ഒരനക്കമുണ്ടായി…
യാര്…?
ഒരു സ്ത്രീ ശബ്ദം…
ഞാൻ തന്നെ കുട്ടീഷ്ണൻ…എവടെ അച്ഛൻ സാമി…
യാര്….
എന്താ അമ്മ്യാരെ ചെവി കേൾക്കില്ലേ?
എൻട്രാ മര്യാദയില്ലാമേ പേസർത്?
മര്യാദയോ… വിശക്കുമ്പോ ശാപ്പാടാണോ മര്യാദയാണോ വേണ്ടത്…?
ഓ… പസിക്ക്താ…, അങ്കേ തിണ്ണയിലെ ഉക്കാര്ടെ.. നാൻ എല മുറിക്കട്ടെ, സാദം സാപ്പിട്ട് പോ…
നിങ്ങടെ ചോറും സൽക്കാരോം ഒന്നുംവേണ്ട…, നിക്ക് ന്റെ അച്ഛനെ കാണണം…., അയ്നാ വന്നേ…
അപ്പാവാ….?!
അതേ…അകത്ത് കേറി ഒളിച്ചിരിക്കുന്നില്ലേ ആ കുടുമിക്കാരൻ, അയാളെക്കണ്ട് ചെലത് പറയാന്ണ്ട്, ണ്ടാക്കീട്ട് ണ്ടെങ്കിൽ തിന്നാനും കുടിക്കാനും കൊടുക്കണം. അല്ലെങ്കിൽ വാങ്ങാൻ നിക്കറിയാം..
പ്ഫാ…പോടാ അസിങ്കപ്പയലെ……അപരാധം ചൊല്ലാമേ എന്നോട ആത്തിലെയിരുന്ത് വെളിയെപ്പോടാ തിരുട്ടു നായേ…
അമ്മ്യാരേ…, ന്റെ തനിക്കൊണം കാണണ്ടെങ്കിൽ മര്യാദയ്ക്ക് പട്ടരെ വിളിക്കിൻ…
നീ പോയി ചെലവ്ക്ക് കെടക്കർത്ക്കാകെ കേസ് കൊട്റാ… പോ…പോ.. അകത്തേയ്ക്ക് കയറി അമ്യാര് വാതിൽ ഊക്കിലടച്ചു. തന്റെ മുഖത്തടിവീണപോലെ കുട്ടികൃഷ്ണന് തോന്നി.
മച്ച്യമ്മ്യാരേ, ചെവീല് നുള്ളിക്കോ, ന്റെ പേര് കുട്ടീഷ്ണൻ ന്നാണെങ്കിൽ പട്ടരെ ഞാൻ ജയിലിക്കേറ്റും. ഇന്ന് സന്ധ്യക്ക് വിളക്ക് വെക്കണേന്റെ മുമ്പേ ഞാനത് ചെയ്യും.
മഠത്തിന്റെ പടിയിറങ്ങി തോട്ടുവരമ്പിൽ അയാൾ തെല്ലിട നിന്നു. തറവാട്ടുപേരെ ഉള്ളൂ. അമ്മയെക്കണ്ടു മയങ്ങിയ പട്ടര് ചിറ്റംകൂടി മൂന്നാല് മക്കളേംകൊടുത്ത് മൂടുംതട്ടി നടക്ക്വാണ്….
വെല്ലുവിളിച്ചുവെങ്കിലും എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും ഒരു രൂപവുമില്ല. ആരെ സമീപിച്ചാലാണ് ശരിയായ മാർഗ്ഗനിർദ്ദേശം കിട്ടുക. പരിചയമുള്ള മുഖങ്ങൾ ഓരോന്നായി മനസ്സിലൂടെ ഓടിമറഞ്ഞു. ഒടുവിൽ ഒരുമുഖം സ്റ്റിൽ അടിച്ചുനിന്നു.
നാരായണൻ…,അതേ, അവനേക്കാണാം. ഒരുപോംവഴി അവൻ പറയും. തോട്ടുവരമ്പിലൂടെ നേരെ കിഴക്കോട്ട് ഒട്ടുനടന്ന് ഇടത്തോട്ട് തിരിയുന്ന ഇടവഴിയിലേക്ക് കയറി.
വീടിന്റെ പടിക്കൽനിന്ന് വിളിച്ച ആദ്യ വിളിക്കുതന്നെ മുട്ടൊപ്പമെത്തുന്ന തോർത്തുടത്ത അർദ്ധനഗ്നനായ കൂട്ടുകാരൻ പ്രത്യക്ഷപ്പെട്ടു.
ആ…ങ്ങളോ…?! എന്തേ ഈ വെയില് മൂത്തനേരത്ത്? അയാൾ അതിശയംകൂറി…
ഒന്നിങ്ങോട്ട് ഇറങ്ങിവാ, ഒരാവശ്യമുണ്ട്. കുട്ടികൃഷ്ണൻ അക്ഷമനായി.
ദാ.. വരാണ്, ഉമ്മറപ്പടിക്കുതാഴെക്കിടന്ന ചെരിപ്പിട്ട് കാലിലപ്പടി ആണിയുള്ള അയാൾ കോമരത്തിന്റെ നടപ്പിനെ അനുസ്മരിപ്പിച്ച് നടന്നുവന്ന്, കടമ്പായ കവച്ചുവച്ച് ഇടവഴിയിൽനിൽക്കുന്ന കൂട്ടുകാരന് അരികിലെത്തി…ഉം…എന്താ ഇത്രയ്ക്കു തിരക്കു കൂട്ടണത്?
മുഖവുരകൂടാതെ വീട്ടിലെ അവസ്ഥയും ഇതുവരെ നടന്നതുമായ കാര്യങ്ങൾ അയാൾ കൂട്ടുകാരനോട് വിസ്തരിച്ചു പറഞ്ഞു.
നിനക്കറിയാല്ലോ നാരേണാ, നമ്മളൊന്നിച്ച് വാണിയകുളം ചന്തയില് വ്യാഴാഴ്ച്ച എന്തൊക്കെ കാട്ടിക്കൂട്ടിയിട്ടാണ് അഞ്ചെട്ടെണ്ണത്തിന്റെ വയറ് നെറക്കണതെന്ന്… പട്ടര് നേരാംവണ്ണം ഒന്നും തരില്ല. ഒന്ന് പേടിപ്പിക്കണം, എന്നാലേ കാര്യംനടക്കൂ…
എല്ലാം കേട്ടുകഴിഞ്ഞു അൽപനേരം ഒന്നുംപറയാതെ നാരായണൻ ഇടവഴിക്കപുറത്തെ തുറസ്സിലേക്ക് നോക്കി ചിന്താമഗ്നനായി.
കാര്യം ന്യായം ങ്ങടെ ഭാഗത്തന്നെ. സ്വാമിയോട് ഒന്നുകൂടി സംസാരിച്ചിട്ട് പോരേ, ഞാനും വരാം…, എന്നിട്ടും അയാൾ കൂട്ടാക്കുന്നില്ലെങ്കിൽ മ്മക്ക് വേണ്ടത് ആലോയ്ക്കാം.
കുട്ടികൃഷ്ണൻ മനസ്സില്ലാമനസ്സോടെ ചങ്ങാതിയുടെ നിർദ്ദേശത്തിനു സമ്മതംമൂളി.
ന്നാ ഒരു മിനിട്ട് ബടെ നിക്കിൻ, ഞാനീ വേഷമൊന്നു മാറട്ടെ…
തോട്ടുവരമ്പിലൂടെ രണ്ടുപേരും ഒന്നും സംസാരിക്കാതെ നടന്നു. മഠത്തിന്റെ പടികയറുമ്പോൾ നാരായണൻ സംയമനം വിടാതിരിക്കാൻ കൂട്ടുകാരനെ ഉപദേശിച്ചു. ഞാൻ സാമിയോട് സംസാരിക്കാം. ങ്ങള് ദേഷ്യടക്കിപിടിക്കണം. അവമാനം പേടിച്ച് സാമി സമ്മയ്ക്കും ന്ന ന്ന്യാണ് ന്റെ മനസ്സ് പറയണത്.
നാരായണൻ മുറ്റത്തുനിന്ന് വിളിച്ചപ്പോൾ വാതിൽതുറന്ന് പിൻകുടുമകാരനായ, വെളുത്തുരുണ്ട ഒരു കുടവയറൻ പ്രത്യക്ഷപ്പെട്ടു. ഉമ്മറക്കോലായയിലെത്തിയപ്പോഴാണ് പട്ടർ അയ്യടാന്നായത്.
എന്താ…,എന്നുവേണം?
നാരായണൻ, കുട്ടികൃഷ്ണന്റെ വീട്ടിലെ ദയനീയാവസ്ഥയും സ്വാമി സഹായിക്കേണ്ടുന്നത് അദ്ദേഹത്തിന്റെ കടമയാണെന്നും വാദിച്ചുനോക്കി.
നീയാരെടാ, പെരിയ വക്കീലാ…, പോയി നിന്റെ വേല നോക്കെടാ കമ്മാളാ…!
അയ്യർ അമ്പിനും വില്ലിനും അടുക്കുന്ന കൂട്ടത്തിലായിരുന്നില്ല.
ഒടുവിൽ പരാജിതനായി പിന്മാറുമ്പോൾ അയാൾ ഓർമ്മിപ്പിക്കാൻ മറന്നില്ല. “ന്നാ നി ണ്ടാവണ അവമാനം സഹിക്കാൻ തയ്യാറായിക്കോളിൻ”, തിരിഞ്ഞു കുട്ടികൃഷ്ണനെനോക്കി ങ്ങടെ വഴി നോക്കിൻ…എന്നാലേ ഇയാള് ശരിയാകൂ വരീൻ പോവ്വാം…
അവർ രണ്ടുപേരുംകൂടെ നേരെപോയത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു. പരാതി എഴുതിക്കൊടുത്ത് നിറകണ്ണുകളോടെ കുട്ടികൃഷ്ണൻ ഇൻസ്പെക്ടറെ തൊഴുതു. “ഏമാനെ ഒരു നീക്കുപോക്കുണ്ടാക്കിത്തരണം”.കൂടെ പോക്കറ്റിൽ ആകെയുണ്ടായിരുന്ന അഞ്ചുരൂപ പരാതിക്കടലാസിന്റെ അടിയിലേക്ക് തിരുകിവയ്ക്കാനും മറന്നില്ല!
ഒരാഴ്ച്ചത്തേയ്ക്ക് വീട്ടുചിലവിനുള്ള പണമാണ് പോയത്. പട്ടിണികിടന്നാലും സാരമില്ല, അയാൾ മനസ്സിലോർത്തു. അച്ഛനെന്നു പറയുന്ന ആ മനുഷ്യനെ ഒരുപാഠം പഠിപ്പിക്കണം.
കാശ് കൈപ്പറ്റിയതിന്റെ നന്ദി ഇൻസ്പെക്ടർ കൈയോടെ കാണിച്ചു. രണ്ടു കോൺസ്റ്റബിൾസിനെ അപ്പോൾത്തന്നെ അവരുടെകൂടെ അയച്ചു.
യാരോ കൂപ്പ്ട്ർത്, യാരെന്ന് കൊഞ്ചം പാരടി, അയ്യർ അമ്യാരോട് പറഞ്ഞു.
സന്ധ്യയ്ക്ക് വിളക്കുകൊളുത്താൻ വേണ്ട തയ്യാറെടുപ്പുകളിൽ വ്യാപൃതയായിരുന്ന അമ്യാർ പുറത്തുവന്നപ്പോൾ കണ്ടത് തൊപ്പിയും ലാത്തിയുമൊക്കെയായി നിൽക്കുന്ന പോലീസിനെയും കുട്ടികൃഷ്ണനെയും നാരായണനെയുമായിരുന്നു!
എവിടെ സാമി….? പരുക്കൻ സ്വരത്തിൽ ഒരു പൊലീസുകരൻ ചോദിച്ചു…
അമ്യാർ നെഞ്ചത്തടിച്ച് വലിയവായിൽ കരയാൻതുടങ്ങി…എടാ പടുപാവി നീ സൊന്നപടി സൈഞ്ചിയാ…ടേയ് നിത്യവും തേവാരവുമുള്ള അന്ത ആളെ ഉള്ളെത്തള്ളി പാവം പണ്ണാതെടാ…കാലേലെ പൂജ മുടിക്കാമെ അന്ത ആള് ദാഹിച്ച തണ്ണിക്കൂടെ സാപ്പിടമാട്ടേൻ… കൊടുമൈ പണ്ണാതേടാ…, നീ മുടിഞ്ചു പോകും ടാ…
നിങ്ങടെ നിലോളീം പായാറോം കേക്കാൻ നേരല്ല്യ, സാമിയേ വിളിക്കിൻ…, ഇതിനിടെ ഭാര്യയുടെ നിലവിളിയും പ്രാക്കുംകേട്ട് അയ്യർ വെളിയിൽ വന്നു.
പൊലീസുകരെക്കണ്ടപ്പോൾ ഒന്നു വിരണ്ടെങ്കിലും അയാൾ വിപദിധൈര്യം വീണ്ടെടുത്തു.
അഴാതെടീ, ഉള്ളെപ്പോ, സന്ധ്യയാകർത്…പോയി വിളക്ക് വെക്കർത്ക്ക് റെഡിപണ്ണ്…
പോലീസുകാർക്ക് നേരെത്തിരിഞ്ഞു, വാ പോഹലാം…
അല്ല സാമീ വേണമെങ്കിൽ വസ്‌ത്രം മാറ്റിക്കൊള്ളു, ഷർട്ടോ തോൾമുണ്ടോ എന്താച്ചാ എടുത്തോളൂ…പോലീസുകാരൻ ഉദാരനായി…
ഒരുമണ്ണും വേണ്ടാ, ഞാനെന്നാ കല്യാണം കൂടാൻ പോവ്വാണോ? വാങ്കോ, പോകാം…
അയ്യർ മുന്നേ നടന്നു. പൊലീസുകാർ പിറകിലും അതിനുപിറകിൽ കുട്ടികൃഷനും കൂട്ടുകാരനും. ഒരു ജാഥപോലെയുള്ള അവരുടെ പോക്കുനോക്കി ജനം വേലിക്കലും വഴിയൊരത്തും മൂക്കത്ത് വിരൽവച്ചുനിന്നു!
കുളിയും തേവാരവും കഴിയാതെ പച്ചവെള്ളം നാക്കിലിറ്റിക്കാത്ത അയ്യർ ലോക്കപ്പിലും ചിട്ടതെറ്റിച്ചില്ല. രണ്ടുദിവസം കുളിക്കാതെ, ഉണ്ണാതെക്കിടന്ന് അവശനായ അയാളെ മൂന്നാംപക്കം പോലീസ് വിട്ടയച്ചു.
അയ്യരുടെ ധാർഷ്ട്യത്തിന് ഒട്ടും അയവുവന്നില്ല. ഒരു ചില്ലിക്കാശ് ഞാനവന് കൊടുക്കില്ല, മൂന്നു നാൾ ഞാൻ സാപ്പിടാമെ തന്നിക്കൂടെ കുടിക്കാമെ അന്ത ലോക്കപ്പില് കഴിഞ്ഞ ഓരോ നിമിഷവും മനസ്സുനൊന്ത് ശപിച്ചിട്ടുണ്ട്. അവൻ ഏതൊക്കെ ഉയരത്ത് കേറിയാലും ഗുണംവരില്ല.
കുട്ടികൃഷ്ണനോ കുടുംബത്തിനോ അയാൾ ഒരു സഹായവും ചെയ്തതുമില്ല. വീണ്ടും പ്രശ്നങ്ങളുണ്ടാക്കുന്നതിൽനിന്ന് കുട്ടികൃഷ്ണനെ അയാളുടെ അമ്മ വിലക്കി. അവർ ബ്രാഹ്മണശാപത്തെ ഭയപ്പെട്ടു.
