രചന : അഞ്ചു തങ്കച്ചൻ.✍
ഒരു പുരുഷനെ മനസിലാക്കാൻ നീയടക്കമുള്ള ഒരു പെണ്ണിനും കഴിയില്ല.
സ്നേഹം, കരുതൽ,ഇതെല്ലാം നിങ്ങൾ പെണ്ണുങ്ങൾക്ക് വേണം. ഇതൊന്നും ഞങ്ങൾക്ക് ആവശ്യമില്ലല്ലോ, കല്ലാണല്ലോ ഞങ്ങളുടെ ഹൃദയത്തിന്റെ സ്ഥാനത്ത് അല്ലേ?
റിയാൻ ദേഷ്യത്തോടെ പറഞ്ഞു
ഇതെന്താ റിയാൻ ഇപ്പോൾ ഇങ്ങനെ ഒരു സംസാരം?
എനിക്ക് മടുത്തു ജിനി . വയ്യ… എത്രനാളെന്ന് വച്ചാണ് ഞാൻ ഇങ്ങനെ…??
ഇങ്ങനൊക്കെ പറയാൻ മാത്രം എന്താ ഇവിടെ ഉണ്ടായത്? അത് പറയൂ…
നോക്ക് ജിനി, നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷമായി. ഈ കാലത്തിനിടയിൽ നിന്നെ ഏതെങ്കിലും വിധത്തിൽ ഞാൻ നോവിച്ചിട്ടുണ്ടോ?
ഇല്ല.
നിന്റെ കാര്യങ്ങൾ നോക്കാറില്ലേ ഞാൻ?
ഉവ്വ്.
ഞാൻ നല്ലൊരു അപ്പനല്ലേ?
അതെന്ത് ചോദ്യമാ റിയാൻ? നമ്മുടെ മോളെ നീ പൊന്നു പോലെയല്ലേ നോക്കുന്നത്.
നിനക്ക് ഞാൻ നല്ലൊരു ഭർത്താവാണോ?
അതെ, എന്റെ ഭാഗ്യമാണ് നിങ്ങൾ.
ഞങ്ങൾ ആണുങ്ങൾ വണ്ടി വലിക്കുന്ന കാളയെ പോലെ ആണ്. എല്ലാഭാരങ്ങളും ആണുങ്ങളുടെ ചുമലിൽ.
കുടുംബം ഭാരമാണെന്നാണോ റിയാൻ പറഞ്ഞു വരുന്നത്. അവളുടെ കണ്ണുകൾ ചുരുങ്ങി ചെറുതായി.
അയാൾ ഒന്ന് ചിരിച്ചു.
അല്ല ജിനി, പക്ഷെ ജോലി കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ ഒരല്പം സ്നേഹം , ഒരിത്തിരി സമാധാനംഅതൊക്കെ ഞാൻ ആഗ്രഹിക്കുന്നുണ്ട്.
ഞാനും ജോലി കഴിഞ്ഞ് മടുത്തല്ലേ റിയാൻ വരുന്നത്
നോക്ക് ജിനി, രാവിലെ നമ്മൾ ഒരുമിച്ചാണ് കിച്ചണിലെ ജോലികൾ തീർക്കുന്നത്. വന്ന് കഴിഞ്ഞാലും ഈ വീട്ടിലെ ജോലികളിൽ എന്റെ സഹായം ഉണ്ടാകുന്നുണ്ട്.
അത് ശരിയാണ്.
എന്നിട്ടും ഉള്ളിയുടെയും, മസാലയുടെയും മണമില്ലാതെ നീയെന്നെങ്കിലും നമ്മുടെ ബെഡ് റൂമിൽ വന്നിട്ടുണ്ടോ, നല്ലൊരു ഡ്രസ്സ് എങ്കിലും വീട്ടിൽ ധരിക്കാറുണ്ടോ? ഒരിക്കൽ എങ്കിലും നീയെന്നെ നിന്റെ പങ്കാളിയായി പരിഗണിച്ചിട്ടുണ്ടോ??മോൾ ജനിച്ച് കഴിഞ്ഞപ്പോൾ മുതൽ നീയൊരമ്മ മാത്രമാണ്. എന്നിൽ നിന്നും എന്ത് ദൂരെയാണ് നീ.
റിയാൻ എന്തൊക്കെയാ ഈ പറയുന്നത്? ഇപ്പോൾ ഞാൻ പോരെന്നു തോന്നിത്തുടങ്ങിയോ?
കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ വേണ്ടി മാത്രമല്ല ഒരാണും പെണ്ണും ഒരുമിച്ച് ജീവിതം തുടങ്ങുന്നത്. സ്നേഹിക്കാൻ, പ്രണയിക്കാൻ, മോഹിക്കാൻ, സുഖത്തിലും ദുഃഖത്തിലും എനിക്ക് എന്റെ പങ്കാളിയുണ്ട്,
എനിക്കായി കാത്തിരിക്കാൻ ഒരാളുണ്ട് എന്ന തോന്നൽ വേണം.
എനിക്ക് കിട്ടുന്ന സാലറി നമ്മുടെ കുടുംബം നോക്കാനും, വീടിന്റെ ലോൺ അടക്കാനും മാത്രേ തികയുന്നുള്ളൂ. എന്നിട്ടും ഇന്നേ വരെ നീ ഒരു കടുക് മണി പോലും ഇവിടേക്ക് വാങ്ങാറില്ല.വീട്ട് ചെലവുകൾ നോക്കേണ്ടത് ഞങ്ങൾ ആണുങ്ങൾ മാത്രമാണല്ലോ അല്ലേ?
സമത്വം വേണമെന്നൊക്കെ നിങ്ങൾ പെണ്ണുങ്ങൾ നാഴികയ്ക്ക് നാല്പത് വട്ടം പറയാറുണ്ടല്ലോ അതൊക്കെ വെറുതെ പറയാനേ കൊള്ളൂ… കുടുംബത്തിലേക്ക് ഒരു രൂപ എടുക്കാനൊന്നും പറ്റില്ല.
ഇപ്പോൾ എന്റെ സാലറി കൂടെ ഈ വീട്ടിലേക്ക് മുടക്കാൻ വയ്യ റിയാൻ. എന്തെങ്കിലും ഒരു നീക്കിയിരുപ്പ് വേണ്ടേ.
നമ്മുടെ ഒരാളുടെ എങ്കിലും സാലറി സേവ് ചെയ്യാൻ പറ്റുമല്ലോ എന്ന് കരുതിയാണ് ഞാൻ പണം ചിലവഴിക്കാത്തത്.
നീക്കിയിരുപ്പ്… അയാൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു. നിനക്ക് വയ്യാതായി എട്ട് ദിവസം ഹോസ്പിറ്റലിൽ കിടന്നതു നീ ഓർക്കുന്നുണ്ടോ?അന്ന് ബില്ലടക്കാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ.
അന്നെങ്കിലും നിന്റെ അക്കൗണ്ടിൽ നിന്നും പണം നീ എടുത്തോ? ഒരാവശ്യം വരുമ്പോൾ എടുക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് പണം?
ഇത്ര നാൾ നീ പണം സേവ് ചെയ്തില്ലേ, ഇനി നിനക്കുള്ള അവശ്യവസ്തുക്കൾ മേടിക്കാനെങ്കിലും നിന്റെ പണം ഉപയോഗിക്കണം. കടമകൾ എനിക്ക് മാത്രമല്ല. എല്ലാം എന്റെ മാത്രം തലയിൽ കെട്ടിവച്ചിട്ട് എങ്ങനെ നിനക്ക് ഇങ്ങനെ സന്തോഷമായി ജീവിക്കാൻ കഴിയുന്നു ജിനി?
എല്ലാ വീടുകളിലും ആണുങ്ങൾ അല്ലേ കുടുംബം നോക്കുന്നത്? ജിനി ചോദിച്ചു.
അങ്ങനെ വല്ല നിയമവും ഉണ്ടോ? അതൊക്കെ സംഭവിച്ചു പോകുന്നതാണ്. ഞാനടക്കമുള്ള ആണുങ്ങൾ കുടുംബം നന്നായി കൊണ്ടുപോകുന്നത് ഞങ്ങളുടെ പ്രിയപ്പെട്ടവർ കഷ്ടപ്പെടാതിരിക്കാനാണ്, അതൊക്കെ സ്നേഹത്തിന്റെ പുറത്ത് സംഭവിക്കുന്ന കാര്യങ്ങളാണ്.
ദമ്പതികൾക്കുടയിൽ സ്നേഹം കുറയുമ്പോൾ, ജീവിതത്തിൽ മടുപ്പ് തുടങ്ങും. ഞാനയത് കൊണ്ട് മാത്രമാണ് നമ്മുടെ വീട് ഇങ്ങനെ കൊണ്ടുപോകുന്നത് വേറെ വല്ലവരും ആയിരുന്നെങ്കിൽ എന്നേ ഇട്ടേച്ചു പോയേനെ.
സ്വന്തം ഭാര്യക്ക് അസുഖം വന്നപ്പോൾ നോക്കിയതിന്റെ കണക്കാണോ നിങ്ങൾ ഇപ്പോൾ പറയുന്നത്? എന്നെ നോക്കേണ്ടത് നിങ്ങളല്ലേ?
അല്ല. അങ്ങനെയല്ല. ഇത്രേം കാലത്തിനിടയിൽ നിനക്ക് സ്വയം തോന്നിയിട്ടില്ലല്ലോ ഇതെന്റെ പുരുഷനല്ലേ, ഇത് ഞങ്ങളുടെ വീടല്ലേ, എന്തെങ്കിലും ഒക്കെ ഇവിടേക്ക് വാങ്ങി വരാം എന്ന്.പിശുക്കന്റെ കൈയിലെ നാണയശേഖരം പോലെ അതവിടിരിക്കട്ടെ അല്ലേ?
പിന്നെ എന്താ ഞാൻ ചെയ്യണ്ടത്?
ഞാനൊരു സാധാരണ മനുഷ്യനാണ്. കുടുംബത്തെ വില കല്പ്പിക്കുന്ന മനുഷ്യൻ.
അയാളുടെ സംസാരം ഇനിയും കേൾക്കാൻ വയ്യെന്ന മട്ടിൽ അവൾ അയാളുടെ അടുത്തുനിന്നും എഴുന്നേറ്റ് പോയി.
അയാൾ കൈ ചുരുട്ടി മേശയിൽ ഇടിച്ചു.
ഒരു ഘട്ടം കഴിഞ്ഞപ്പോൾ മുതൽ വെറും വീട്ടുകാര്യങ്ങൾ നോക്കാനുള്ള ഒരാൾ മാത്രമായി പോയി താൻ.
പലവട്ടം ദേഷ്യം തോന്നിയിട്ടുണ്ട്, കുടുംബം കൈവിട്ട് കളയാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ട് ജീവിച്ച് പോകുന്നു. അത്രതന്നെ.
ഇതാണോ ജീവിതം.
ഭാര്യയുടെ സ്വാതന്ത്രത്തിൽ കൈ കടത്തുന്ന ഒരു പുരുഷനൊന്നും അല്ല താൻ. അവൾക്ക് അവരുടേതായ ജീവിതമുണ്ടെന്നും അതൊരിക്കലും ഭർത്തവുണ്ടെന്നോ കുഞ്ഞുണ്ടെന്നോ കരുതി മാറ്റി വയ്ക്കേണ്ടതില്ലെന്നുമാണ് താനെന്നും പറഞ്ഞിട്ടുള്ളത്. അവളെ താൻ മനസ്സിലാക്കിയതിന്റെ നൂറിൽ ഒരംശം പോലും അവൾ എന്നെ മനസിലാക്കുന്നില്ല.
എന്നിട്ടും ഇങ്ങനെ കടിച്ചു തൂങ്ങി ഈ ജീവിതത്തിൽ നിൽക്കുന്നത് എന്തിനാണെന്ന് തോന്നിപോകുന്നു.
വിട്ടെറിഞ്ഞു പോകാൻ തോന്നുന്നു.
അവൾ ജോലിയെടുക്കുന്നുണ്ട്, എങ്കിലും ഒരഞ്ചു രൂപ ചിലവാക്കില്ല.
എന്തിനും ഏതിനും ഞാൻ പണം മുടക്കണം.
എന്തെങ്കിലും പറഞ്ഞാൽ പിന്നെന്തിനാണ് എന്നെ കെട്ടിയത് എന്ന ചോദ്യവും
സത്യം പറഞ്ഞാൽ മോൾ ഉള്ളത് കൊണ്ട് മാത്രം ഈ ജീവിതം ഇങ്ങനെ മുന്നോട്ട് പോകുന്നു.
ഇല്ലെങ്കിൽ കഷ്ടപ്പാടും നിരാശയും മാത്രം തരുന്ന ഈ വിവാഹജീവിതം പണ്ടേ ഉപേക്ഷിച്ചു കളഞ്ഞേനെ.
എന്റെ കുഞ്ഞിനെ പിരിഞ്ഞു ജീവിക്കാൻ എനിക്കാവില്ലെന്നവൾക്കറിയാം.കുഞ്ഞിനെ വച്ച് വിലപേശുന്ന ഭാര്യമാർ ഉണ്ടെങ്കിൽ ജീവിതം നശിച്ചത് തന്നെ.
വെറുമൊരു മണക്കുണാഞ്ചൻ ഭർത്താവായി ജീവിക്കുന്ന എന്നെപ്പോലുള്ള എത്രയധികം പുരുഷന്മാർ ഉണ്ടാകും?
കാണുന്നവർക്ക് എളുപ്പം പറയാൻ പറ്റും ആണത്തമില്ലാത്തവനെന്ന്.പക്ഷെ… കുഞ്ഞിനെ ഓർക്കുമ്പോൾ ഒന്നും കൈവിട്ട് കളയാൻ വയ്യ.തൊണ്ടയിൽ പുഴുത്താൽ ഇറക്കാനല്ലാതെ എന്ത് ചെയ്യാൻ പറ്റുമെന്ന് തോന്നും. കാണുന്നവന് നിസ്സാരമെന്ന് തോന്നിക്കും വിധം എത്ര ആഴത്തിലുള്ള നോവുകളാണ് ചില പുരുഷന്മാരെങ്കിലും അനുഭവിക്കേണ്ടി വരുന്നത്……
കുടുംബജീവിതത്തിൽ ഏറ്റെടുക്കേണ്ടി വരുന്ന കടമകളുടെ ഭാരം താങ്ങാൻ പങ്കാളിയുടെ സഹായം കൂടെയില്ലെങ്കിൽ ജീവിതമെത്രമേൽ അർത്ഥശൂന്യമായിരിക്കും അല്ലേ??
❤️❤️❤️❤️ ❤️❤️❤️