എല്ലാ യാത്രകളും :ഒരു പ്രവാസമാണ്!
അത്
എത്ര
അടുത്തായാലും,
അകലേക്കായാലും ..ശരി.
ശാരീരികവും, മാനസികവുമായി ഏറെ അസ്വസ്ഥപെട്ടിരിക്കുവാണേൽ
തീർച്ചയായും,നിങ്ങൾ ഒരു യാത്ര പോകണം.
ഇനി പോകാൻ ഒരിടവും ഇല്ലങ്കിൽ _ വെറുതെയെങ്കിലും ഒരു ടിക്കറ്റ് എടുത്തു വല്ല ബസിലോ ട്രെയിനിലോ ചാടി കയറി ഒന്ന് റൗണ്ട് അടിച്ചു, ചുറ്റിക്കറങ്ങി വരണം. അതിനേക്കാൾ ദിവ്യഔഷധം മറ്റൊന്നില്ല.എന്നാണ് എന്റെ എളിയപക്ഷം. കാരണം : യാത്ര നമ്മുടെ മനസ്സിനെയും,ശരീരത്തിനെയും ആകെയൊന്നു,ഉഴിച്ചിലും പിഴിച്ചിലും നടത്തി ഒരയവ് വരുത്തി പുഷ്ടിപ്പെടുത്തുന്നു. ഒന്ന് പറയട്ടെ… യാത്രകളെ ഒട്ടുമേ ഇഷ്ടപെടാത്ത ഒരാളായിരുന്നു ഞാൻ.. ഏത് യാത്രയും, എനിക്ക് അരോചകം ആയിരുന്നു. ഞാൻ അതിജീവിക്കുന്ന ചുറ്റുപാടും,,, അവിടെയുള്ള നേർകാഴ്ചകളും ആ കൊച്ചു ലോകവും എനിക്ക് എന്നും എപ്പോഴും സ്വർഗ്ഗസമാനമായി തോന്നിയിരുന്നു…അതിനാൽ ഒരു നിമിഷം പോലും അതൊന്നും മിസ് ആക്കാൻ കുട്ടിക്കാലം മുതൽ ഇന്നോളവും ഞാൻ തയ്യാറല്ലായിരുന്നു…എന്ന് ഖേദത്തോടെ ഇപ്പോൾ പറയട്ടെ!! ആ ഞാൻ , വളരെ കാലങ്ങൾക്ക് ശേഷം,ഈയിടെ കുടുംബസമേതം ഒരു യാത്ര പോയി.

തീർത്ഥയാത്രയാണോഅല്ല വിനോദയാത്രഅല്ലെയല്ല
സാഹസികയാത്രമ്മ് ങ്ങും പിന്നെ…..? ഒരു സ്വപ്നയാത്ര! അന്നൊരു ശനിയാഴ്ച ആയിരുന്നു. റെയിൽവേ സ്റ്റേഷനിലേയ്ക്ക് നടക്കുമ്പോൾ, നേരം പരപരാന്ന് വെളുത്തു തുടങ്ങിയതേണ്ടായിരുള്ളൂ! ക്ഷേത്രദർശനം കഴിഞ്ഞു മൂന്നാല് സ്ത്രീകൾ,എതിരെ നടന്നു വരുന്നു…അവരെ തടഞ്ഞു നിർത്തി അവരുടെ കൈയിൽ നിന്നും പ്രസാദം വാങ്ങി നെറ്റിയിലിട്ടു. മീനു ‘വിന്റെ കുഞ്ഞമ്മയല്ലേ! അതിലാരോ ചോദിക്കുന്നു.സ്വന്തമെന്ന പദത്തിനെന്തർത്ഥം എന്നോർത്ത് ധൃതിയിൽ നടന്നു, മുന്നേ പോയവർക്കൊപ്പം സ്റ്റേഷനിൽ എത്തി. ട്രെയിൻ വരുന്നതും കാത്തു, ഒരു സഞ്ചാരിയുടെ അക്ഷമയോടെ തെക്കോട്ട് നോക്കി നിന്നു.. അതാ ‘വെട്ടൊന്നു മുറി രണ്ട് ‘ന്ന് മട്ടിൽ കണ്ണുരുട്ടി മീശ പിരിച്ചു പരശുരാമൻ മുന്നിൽ വന്നു തുമിച്ചു കിതച്ചു നിന്നു.. തിരക്ക് സ്വല്പം കുറവുണ്ടായിരുന്നു.. ഭാഗ്യം! പലേടത്തായാണെങ്കിലും എല്ലാർക്കും സീറ്റ്‌ കിട്ടി.. “വല്ല ഗോവിന്ദച്ചാമിയോ…? അവിടെ എവിടേലും ഒളിച്ചിരിപ്പുണ്ടോ…ന്ന് കടുകിനകത്തു നിന്നും പുറത്തു ചാടിയ മനസ്സ് എമ്പാടും ഒന്ന് പരതി. അപ്പോഴേക്കും ട്രെയിൻ നീങ്ങിതുടങ്ങി.. നാട് വിട്ട് അകന്നകന്നു പോകുമ്പോൾ : ആ പഴേ നോസ്റ്റു വന്നു എന്നെ പിടിച്ചു വലിച്ചു.

മനശാസ്ത്രത്തിൽ…..ഇതിന്,ഇതുവരേം ഒരു നല്ല പേര് കണ്ടുപിടിച്ചിട്ടില്ലത്രേ.. പിറകിലേയ്ക്ക് ഓടി മറിഞ്ഞു വീണ് കൊണ്ടിരിക്കുന്ന ന്റെ ഗ്രാമഭംഗി ഒന്നൂടിയൊന്നു തിരിഞ്ഞു നോക്കുമ്പോൾ, ബാലസൂര്യന്റെ പ്രഭാതകിരണങ്ങൾ എന്നെ,വന്നു തഴുകി യാത്രാമംഗളം നേർന്നു കൊണ്ട് കൈ വീശി കാണിച്ചു. അതിരാവിലെ തന്നെ യാത്രക്കാരെല്ലാം ജാഗ്രതയോടെ മൊബൈലിൽ ആണ്ടിരിക്കുന്നു… ചിലർ ഉറക്കം തൂങ്ങുന്നു.. അപ്പോഴും ഫോൺ കൈയിൽ തുന്നി ചേർത്തതു പോലുണ്ട്… എന്റെ അടുത്ത് രണ്ട് ഹോമിയോ സ്റ്റുഡന്റസ് ആയിരുന്നു. അവർ കളിചിരിയോടെ നർമ്മസംഭാഷണത്തിലും അതിനിടക്ക് മൊബൈയിലിലും ഊളിയിട്ട് നിവരുന്നുണ്ട്. സൈഡ് സീറ്റ്‌ കിട്ടാത്ത വിഷമത്തിൽ, അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കെയോ ഓർത്ത് ഞാൻ വെറുതെ കണ്ണടച്ചു കള്ളയുറക്കം നടിച്ചിരുന്നു…

ഒടുവിൽ യാത്ര അക്ഷരനഗരിയിലാണ് അവസാനിച്ചത്… ഞങ്ങൾ റോഡിലൂടെ ഇറങ്ങി അലക്ഷ്യമായി വഴുതി നടന്നു ജീവിതം ഒരു കാൽനട യാത്രയായി എനിക്കപ്പോൾ തോന്നി.. എങ്ങും വാഹനങ്ങളുടെ തിക്കും തിരക്കും ആളുകളുടെ പരക്കം പ്പാച്ചിലും… ബഹളങ്ങളും…ചില വക്കാണങ്ങളും.. നേരം പത്തുമണിയോട് അടുത്തു കൊണ്ടിരുന്നു. ആരും പ്രാതൽ ഒന്നും കഴിച്ചിരുന്നില്ല.ട്രെയിൻ കിട്ടില്ലെന്ന്‌ ഭയന്ന് രാവിലെ ഉണ്ടാക്കിയതെല്ലാം ഫ്രിഡ്ജിന്റെ ആമാശയത്തിൽ തള്ളി വീർപ്പിച്ചു , ചായ മാത്രം കുടിചേച്ചും ,ഒരോട്ടം ആയിരുന്നു:റയിൽവേസ്റ്റേഷനിലേയ്ക്ക്… അതാവും നല്ല ക്ഷീണം തോന്നി. അടുത്ത് കണ്ട ടീ സ്റ്റാളിൽ കയറി. ദോശയും ഗ്രീൻപീസ് കറിയും ഓർഡർ ചെയ്തു .ഞാൻ അതും ഒഴുവാക്കിയിട്ട് ഭർത്താവിന്റെ പ്ലേറ്റിൽ നിന്നും കയ്യിട്ട് വാരി കഴിച്ചു.. ശേഷം നല്ലൊരു കാപ്പിയും കുടിച്ചു യാത്രാക്ഷീണം അകറ്റി..

വീണ്ടും കൊടും വെയിലത്തൂടെ,വഴിപോക്കൻ പറഞ്ഞു തന്ന പാലത്തിന് അക്കരെയുള്ള ബസ് സ്റ്റോപ്പ്‌ൽ എത്തി _ __ബസ് വരുന്നതും കാത്ത് അന്യഗ്രഹജീവിളെപ്പോലെ ആ വഴിയരികിൽ പമ്മി നിന്നു… “അവിടേയ്ക്ക് എപ്പിഴും ബസ് ഉണ്ട് ‘ട്ടോ’ അടുത്ത് നിന്ന യാത്രക്കാരി നൽകിയ ഗുഡ് സർട്ടിഫിക്കറ്റ് ൽ സമാശ്വസിച്ചെങ്കിലും: അരമണിക്കൂർ കഴിഞ്ഞിട്ടും ബസ് ഒന്നും കണ്ടില്ല! ഞാൻ അവരെ സംശയത്തോടെ ഒന്ന് നോക്കി. ‘ദേ, ആ വരുന്ന ബസ് അങ്ങോട്ടേക്കാണ്! പക്ഷേ ചുറ്റിക്കറങ്ങിയാണ് പോകുന്നത്! ഉടനെ ഇനിം വരുംട്ടോ!’ ‘ആയിക്കോട്ടെ!ന്ന് മട്ടിൽ നിരാശയോടെ ഞാൻ തലയാട്ടി.. ഏതായാലും കാത്തു നിൽപ്പിനൊടുവിൽ മുന്നിൽ വന്നു നിന്ന ആന വണ്ടിയിലേയ്ക്ക് : എമ്പുരാനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് മറുകര പിടിച്ചു…

ബസിൽ നല്ല തിരക്കായിരുന്നെങ്കിലും, ദയാപരനായ കണ്ടക്ടർ സീറ്റിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ എടുത്തു മടിയിൽ വയ്‌ക്കാൻ കുഞ്ഞിന്റെ അമ്മയോട് പറഞ്ഞു ന്ക്ക്‌ സ്ഥലം ഒരുക്കിത്തന്നു.. ഉറക്കം ഞെട്ടി ഉണർന്ന കുട്ടി രൂക്ഷമായി എന്നെ നോക്കി ഒന്ന് മുരണ്ടു.ഞാൻ പേടിച്ചതായി ഭാവിച്ചു കൊണ്ട് പതുങ്ങി ഇരുന്നു.. ആ സമയം ബസിനൊപ്പം സഞ്ചരിച്ച സൂര്യൻ,ചൂട് പോരാഞ്ഞു കുറച്ചൂടി കത്തി’ജ്വലിക്കാൻ തുടങ്ങി. അങ്ങിനെയിങ്ങനെ, ഉല്ലാസത്തോടെ മുന്നോട്ട് പോയ ബസ് പൊടുന്നനെ മുടിഞ്ഞ ട്രാഫിക് നിമിത്തം ഇരുപത് മിന്നിട്ട് പെരുവഴിയിൽ കുരുങ്ങിക്കിടന്നു.. അതിനിടയിൽ, മറ്റൊരു സ്വകാര്യ ബസ്സിന് കടന്ന് പോകാൻ വഴി കൊടുത്തതിന്റെ പേരിൽ കണ്ടക്ടർ ഡ്രൈവറോട് ദയയില്ലാതെ വക്കാണവും തുടങ്ങി… “നിങ്ങൾ രണ്ട് പേരും എപ്പിഴും ഇങ്ങിനെ വഴക്കാണോ…? സ്ത്രണ ശബ്‌ദത്തിൽ ആരോ ചോദിക്കുന്നു. കണ്ടക്ടർ ചോദ്യകർത്താവിനെ രൂക്ഷമായി നോക്കി ടിക്കറ്റ് നൽകി തിരക്കിലേയ്ക്ക് ഊളിയിട്ട് പോയി.

“സമ്പൂർണ്ണ ചാച്ചരത !” വിദൂരതയിൽ ഒരു കാക്ക കരഞ്ഞു പറയുന്നു..! പച്ച പട്ടു വിരിച്ച മുണ്ടകൻ പാടങ്ങളും, വളഞ്ഞു പുളഞ്ഞു ഒഴുകുന്ന പുഴകളും തോടുകളും നേർത്ത കുഞ്ഞരുവികളും,ആമ്പൽ പൊയ്കകളും : ഇത് ഒന്നും കണ്ടില്ലെങ്കിലും റബർ കാടുകളും അതിപുരാതന പള്ളികളും കുരിശ്ടികളും മഹാക്ഷേത്രങ്ങളും പിന്നിട്ട് : ആ യാത്ര ജീവിതത്തിൽ ആദ്യമായി കാണുന്ന ഒരു കൂട്ടം ആൾക്കാരുടെ നടുവിലാണ് ചെന്ന് അവസാനിച്ചത്.. അവിടെ ഒരമ്മ കാത്ത് നിൽപ്പ് ഉണ്ടായിരുന്നു! നൂറ് വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ മുജ്ജന്മബന്ധം പോലെ…പരസ്പരം നോക്കി ഞങ്ങൾ മതിയാവോളം പൊട്ടിച്ചിരിച്ചു.. അതെ! നിറഞ്ഞ സ്നേഹത്തിന്റെ വിശാലമായൊരു മായാലോകത്തിലേയ്ക്കാണ് ഞാൻ ഇറങ്ങി ചെന്നത് …

അവിടെ ഒരു വിശേഷാൽ ചടങ്ങ് നടക്കുന്നു.. പക്ഷേ അത് ഒന്നും ഞാൻ കണ്ടില്ല! ശ്രദ്ധിച്ചില്ല..! ഞാൻ അമ്മയുടെ വിരൽത്തുമ്പിൽ തൂങ്ങി..അങ്ങിനെ.. ആ അമ്മയുടെ വാക്കുകളും, നിറഞ്ഞ സ്നേഹവും, ലാളനയും ആവോളം കോരി കുടിച്ചിട്ടും അത്രയ്ക്ക് അങ്ങട് മത്യായില്ല എന്ന് തന്നെ പറയാം.. കാലം :നിരാലാംബയും, തഴയപ്പെട്ടവളുമാക്കിയ ഞാൻ ആ അമ്മതൊട്ടിലിൽ അത്യാശയോടെ പറ്റിച്ചേർന്നു കിടക്കുന്ന കുഞ്ഞായി, അത്രേം സമയവും നിർവൃതിയിൽ ലയിച്ചു നിന്നു. അമ്മ എന്റെ കൈയും പിടിച്ചു അവിടെയെല്ലാം ചുറ്റി നടന്നു. ഓരോന്നും കാണിച്ചു തന്നു….എല്ലാരേം പരിചയപ്പെടുത്തി. അവിടെ കണ്ട മനുഷ്യർ എല്ലാം ഏതോ അവതാരകഥകളിലെ നന്മ നിറഞ്ഞ കഥാപാത്രങ്ങളായി എന്റെ മുന്നിൽ നിരന്നു നിന്നു.. എവിടെയോ കൈ വിട്ട് പോയ കുട്ടിയെ വർഷങ്ങൾക്ക് ശേഷം തിരിച്ചു കിട്ടിയ പോലെ അവരെല്ലാം എന്നെ ആലിംഗനം ചെയ്തു… അമ്മ വിളമ്പിയ നന്മയുള്ള കറികൾ കൂട്ടി ഉച്ച ഊണ് കഴിച്ചു..ഒപ്പം ആ സ്പെഷ്യൽ ചക്കക്കുരു പച്ചമാങ്ങാക്കറിയും കൂടി ആയപ്പോൾ കുശാലായി…

തൃപ്തിയോടെ ഞങ്ങൾ ഉണ്ടെഴുന്നേറ്റു. പിന്നെ അവിടെ നിന്നും ശംഖുപുഷ്പത്തിന്റെ ചെടികളും, കുടതെറ്റിയുടെ തൈയും വാങ്ങി.. തിരിച്ചു പുറപ്പെടാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് .. കാവിൽ ‘പാട്ട് മത്സരത്തിന് ‘പോയ മൂന്ന് പേർ മത്സരം പാതിക്ക് ഉപേക്ഷിച്ചിട്ട് എന്നെ ഒന്ന് കാണുവാൻ ഏറെ ആഗ്രഹിച്ചത് പോലെ ഓടിയെത്തിയത്.. എന്റെ പുസ്തകത്തെക്കുറിച്ചും അതിലെ എല്ലാ കഥകളും ഇഷ്ടമായീന്നു.. അടുത്ത പുസ്തകം അച്ചടിച്ചോ. .. എന്ന് വേണ്ട എന്റെ അക്ഷരങ്ങളെ അത്രേം ഇഷ്ടപെട്ട പോലെ…അവർ സംസാരിച്ചു കൊണ്ടേയിരുന്നു..

അവരുടെ പേരൊക്കെ ഞാൻ മറന്നു പോയി.. അല്ലേലും ആരോടും ഇപ്പൊ ഞാൻ പേര് ചോദിക്കാറില്ല…ഓരോ സ്നേഹമുഖങ്ങളും മനസ്സിൽ പതിപ്പിക്കാറേ ഉള്ളൂ…
അവരോട് മിണ്ടിം പറഞ്ഞും നിൽക്കുമ്പോൾ…
എന്റെ ഭർത്താവ് പറയുന്നു
‘ഒക്കെ ഇവൾ കഥ ആക്കാനാണെ ‘..’
അതു കേട്ടവരെല്ലാം ചിരിച്ചു
‘എഴുതട്ടെ!
ഞങ്ങളെക്കുറിച്ചും എഴുതണേ!’
അവർ കാവിൽ നിന്നും
വാങ്ങി കൊണ്ട് വന്ന പലഹാരപ്പൊതി അതീവസ്നേഹത്തോടെ എനിക്ക് നൽകി..
ഈ സ്നേഹക്കടങ്ങൾ ഞാൻ എന്നിനി വീട്ടാനാണ്…..??
കണക്ക് കൂട്ടിയാലാണ് :ഇവിടെ ഒന്നിനും വില ഇല്ലാതാകുന്നത്! അല്ലേ?
ഈ ലോകം ഇത്രയേറെ മനോഹരം ആയിരുന്നോ..??
പക്ഷികൾ പാടുന്നതായും
പൂക്കൾ സുഗന്ധം പൊഴിക്കുന്നതായും പൂമ്പാറ്റകൾ ചുറ്റും നൃത്തം വയ്ക്കുന്നതായും അന്ന് ആദ്യമായി
എനിക്ക് തോന്നി.

ഇതുപോലെ നന്മയും കരുതലും സ്നേഹവും ഉള്ള ആളുകൾ ഈ ലോകത്ത് എല്ലായിടത്തും ഉണ്ടായിരുന്നെങ്കിൽ…ഹാ
എത്ര നന്നായിരുന്നു.ഇവിടം!
ഇനിയും കാപട്യവും സ്വാർത്ഥതയും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇവരൊക്കെയല്ലേ ശരിക്കും
നന്മയുള്ള പച്ചമനുഷ്യർ!
ഇവിടമല്ലേ ശരിക്കും :
ദൈവത്തിന്റെ സ്വന്തം നാട്!
ഭൂമിയിലെ സകലതും നാളെ ഞാൻ മറന്നു പോയാലും:
ആ വീടിനെയും, ആ അമ്മയെയും, അവിടെ കണ്ട ഓരോ സ്നേഹമുഖങ്ങളെയും
ഞാനിനി മറക്കില്ല!
യാത്ര പറയുമ്പോൾ:
മുറുകെ പിടിച്ചിരുന്ന അമ്മയുടെ കൈകൾ അയയുമ്പോൾ, മനസ്സ് വേദനിച്ചു..
അമ്മ എന്നെ കെട്ടിപ്പുണർന്നു.
നിറുകിൽ ഉമ്മ വച്ചു..

ജീവിതത്തിൽ ഒരേയൊരു തവണ ലഭിച്ച അപൂർവ്വമായൊരു ആലിംഗനം!
ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലും മറക്കാത്ത ആലിംഗനമാണത്.. ഞാനും ആ നിറുകിൽ ഉമ്മ വച്ചു . ആ നെറ്റിയിലെ വിയർപ്പിന്റെ ഉപ്പു രസം എന്റെ ചുണ്ടോട് ചേർത്തു അങ്ങിനെ തന്നെ വച്ചിരുന്നു.
ഒരു തിരുമധുരം പോലെ …
അവിടെ നിന്നും വിഷമത്തോടെ യാത്ര പറഞ്ഞിറങ്ങി : എന്നിട്ടും
ആ ഇടവഴിയുടെ അറ്റത്ത് അവരെല്ലാരും ഞങ്ങളേം നോക്കി കൈ വീശി കാട്ടി,പുഞ്ചിരിച്ചു നിൽക്കുന്നത് കണ്ണിൽ തന്നെ മായാതെ ഉണ്ടായിരുന്നു…
ആ സമയം പ്രതീക്ഷിക്കാതെ
മഴ പെയ്തു തുടങ്ങി…
എന്നാൽ യാത്രയ്ക്ക് അത്,
ഒട്ട് ശല്യവുമായില്ല..
റെയിൽവേസ്റ്റേഷനിൽ എത്തുമ്പോൾ കേട്ടു
പിന്നിം പരശുരാമൻ മഴുവേന്തി കോപിഷ്ടനായി രണ്ടാമത്തെ പ്ലാറ്റ്ഫോമിലേയ്ക്ക് ദേ വരുന്നുണ്ടന്ന്!

മഴ അപ്പോഴേക്കും എങ്ങോ പോയൊളിച്ചിരുന്നു..
മകൻ ടിക്കറ്റ് എടുക്കാൻ ഓടി.. ഒപ്പം എല്ലാരും ഓടി… പഴേപടി ഞാൻ എന്റെ സിൻഡ്രല്ല ചെരുപ്പിനെയും മറന്നോടി….
അല്ലേലും അമിതമായി സന്തോഷിക്കുമ്പോൾ ഒക്കെ മൂക്കും കുത്തി “ധിം “ന്ന് ഒരു വീഴ്ച എനിക്ക് പതിവാണ്… ഒപ്പം അവിടവിടെ ചില മുറിപ്പാടുകളും കിട്ടാറുണ്ട് !!
വെറുതെ ഊതിയാറ്റി ഇരിക്കാൻ മാത്രമായി…
“വല്ലതും പറ്റിയോ!”
ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന
റെയിൽവേ പോലീസ് വിളിച്ചു ചോദിച്ചു.
‘ഏയ്‌ സാരമില്ല!(വൈദ്യശിരോമണിയുടെ മകൾക്ക് എന്ത് പറ്റാൻ )ഞൊണ്ടീം കിണഞ്ഞും നടക്കുമ്പോൾ ഞാൻ ആത്മഗതാഗതം ചെയ്തു..

അപ്പോഴേക്കും
ട്രെയിൻ വന്നു നിന്നു.. ടിക്കറ്റ്മായി മറു വശത്തെ പാളം മുറിച്ചു ഓടിയെത്തിയ മകൻ മുന്നിൽ കണ്ട കമ്പാർട്ട്മെന്റ് ൽ ചാടി കയറി ഞങ്ങൾ മറ്റൊന്നിൽ…
പക്ഷേ ആ ‘ഗന്ധാലോകം ‘ഒട്ടുമേ ഇഷ്ടമാകാതെ വിമ്മിഷ്ടപെട്ട ഞാൻ വയ്യാത്ത കാലും വലിച്ചു അടുത്ത കമ്പാർട്മെന്റിൽ ചാടി കയറി…
അതും ഇഷ്ടമായില്ല.. അവിടേം തിരക്കു തന്നെ.എന്ത് ചെയ്യാൻ..
ഇതാ യാത്ര എനിക്ക് ഇഷ്ടമല്ലാന്നു
ആദ്യമേ പറഞ്ഞത്..
ഇതൊന്നും കേൾക്കാൻ നിൽക്കാതെ ട്രെയിൻ ചൂളം കുത്തി നീങ്ങി തുടങ്ങിയിരുന്നു..
ഒപ്പം മഴ വരികയും പോവുകയും ഇടയ്ക്ക് നന്നായി തകർത്തു തിമിർത്തു പെയ്യുകയും ചെയ്തു.

ട്രെയിൻ പോകുന്ന ദിശയിൽ ഒറ്റക്കൊരു സീറ്റിൽ ആകെ ക്ഷീണിച്ച മട്ടിൽ ഞാനിരുന്നു.
എനിക്ക് വെള്ളം കുടിക്കാൻ തോന്നി
എന്റെ എതിർവശത്തു ഒരു യൂത്തൻ head set ൽ പാട്ട് കേട്ടിരിക്കുന്നു..കൈയിൽ മിനറൽ വാട്ടർ കുപ്പിയും ഉണ്ട്.എന്റെ ആവശ്യം കേട്ടതും:കുപ്പി വെള്ളം എനിക്ക് വച്ച് നീട്ടി..അതു വാങ്ങി കുടിച്ചു ആശ്വാസത്തോടെ ഞാൻ സീറ്റിലേയ്ക്ക് ചാഞ്ഞു…
പെട്ടെന്ന്
ഉറക്കം തൂങ്ങിയിരുന്ന എന്നെ
ആരോ തട്ടി ഉണർത്തി ..
അതിനിടെ നാട് എത്തിയോ.. ??
കൺമിഴിച്ചപ്പോൾ :
മുഖം നിറയേ സന്തോഷവുമായി
ആ യുവതൻ എന്നോട് ജനലിൽ കൂടി നോക്കുവാൻ പറയുന്നു:
“ദേ അങ്ങോട്ട്
അതോ മഴവില്ല് നിൽക്കുന്നത് … കണ്ടോ..??
ഞാൻ കൗതുകത്തോടെ കണ്ണുകൾ വിടർത്തി ആകാശത്തേയ്ക്കു നോക്കി.
അതാ, അവിടെ
ഏഴ് നിറങ്ങളും എണ്ണിയെടുക്കാവുന്ന മനോഹാരിതയോടെ ഒരു മഴവില്ല് :എന്നേം നോക്കി ചിരിച്ചു നിൽക്കുന്നു…
ട്രെയിൻ ഓടിക്കൊണ്ടേയിരുന്നു…
ആ മഴവില്ലും!

കുറെ ദൂരം, എന്നോടൊപ്പം നിശബ്ദം സഞ്ചരിച്ചു പിന്നെ
അത് എങ്ങോ മാഞ്ഞു മാഞ്ഞു പോയി….
ഒരു പകൽസ്വപ്നത്തിൽ നിന്നും ഞാൻ ഉണർന്നപ്പോഴേക്കും.!!!

S. വത്സലാജിനിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *