രചന : ഷീബ ജോസഫ് ✍
അച്ഛനും അമ്മയും അനിയനും മുത്തശ്ശിയും അടങ്ങുന്നതാണ് അമ്പിളിയുടെ കുടുംബം. അമ്പിളി ഡിഗ്രി കഴിഞ്ഞു നിൽക്കുകയാണ്.
കൂലിപ്പണിക്കാരനായ അച്ഛൻ്റെ ഏകവരുമാനത്തിലാണ് അവരുടെ കുടുംബം ജീവിച്ചുപോകുന്നത്.
തുടർന്നു പഠിക്കണമെന്ന് അമ്പിളിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും
കൂലിപ്പണിക്കാരനായ ഒരച്ഛന്റെ മകൾക്ക് സ്വപ്നം കാണാവുന്നതിലപ്പുറമായിരുന്നു അവരുടെ വീട്ടിലെ ബാധ്യതകൾ.
ഡിഗ്രി കഴിഞ്ഞപ്പോൾതന്നെ അവളൊരു ജോലിയെകുറിച്ചാണ് ചിന്തിച്ചുതുടങ്ങിയത്. തനിക്കുകൂടി ഒരു ജോലി കിട്ടിയാൽ തന്റെ അച്ഛന് അതൊരു സഹായമാകും എന്നുള്ള ചിന്തയായിരുന്നു അവൾക്ക്.
തൻ്റെ ഇടവകയിലെ വികാരിയച്ഛൻ്റെ സഹായത്താൽ അവൾക്കൊരു ജോലി കിട്ടി.
“പ്രായമായ അമ്മമാരെ നോക്കുന്ന ഒരു സ്ഥാപനമായിരുന്നു അത്.” അങ്ങനെയൊരു സ്ഥാപനത്തിൽ ജോലിക്കു പോകുന്നതിന് അവൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അവൾക്കൊട്ടും പരിചിതമല്ലാത്ത ഒരു അന്തരീക്ഷമായിരുന്നു അത്. തൻ്റെ മുത്തശ്ശിയുടെ അതേ പ്രായത്തിലുള്ള അമ്മമാർ ആണ് അവിടെയുള്ളത്.
“വീടിനുള്ളിൽ പ്രാക്കും ബഹളവുമായി അമ്മയെ ബുദ്ധിമുട്ടിയ്ക്കുന്ന മുത്തശ്ശിയോട് അവൾക്കെന്നും ദേഷ്യമായിരുന്നു. അതുപോലുള്ള അമ്മമാരെ എങ്ങനെ നോക്കും എന്നുള്ള ചിന്തയായിരുന്നു അവൾക്ക്.”
ജോലിക്കുചെന്ന ആദ്യദിവസംതന്നെ അവിടെയുള്ള അമ്മമാരെ എല്ലാവരെയും പരിചയപ്പെടുത്തിതന്നു.
“പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അവശരായ അമ്മമാരായിരുന്നു അവിടെ മുഴുവൻ.
ചിലരൊക്കെ കിടന്ന കിടപ്പിലായിരുന്നു.
ആരോടും ഒന്നും മിണ്ടാതെ നോക്കിയിരിക്കുന്ന അമ്മമാരും ഉണ്ട്.
ചുറുചുറുക്കോടെ ഓടി നടക്കുന്ന അമ്മമാരും അവിടെയുണ്ടായിരുന്നു.”
ഇവരെയൊക്കെ എങ്ങനെയാണ് നോക്കേണ്ടതെന്ന് അവൾക്കു യാതൊരു ധാരണയും ഇല്ലായിരുന്നു.
ഓരോരുത്തരെയായി എല്ലാ അമ്മമാരെയും അവൾ പരിചയപ്പെട്ടു .
പെട്ടെന്നുതന്നെ അമ്പിളി ആ സാഹചര്യവുമായി ഇണങ്ങിചേർന്നു.
അമ്പിളിയെ എല്ലാം അമ്മമാർക്കും ഒത്തിരി ഇഷ്ടമായി. എല്ലാ അമ്മമാരോടും അമ്പിളി സംസാരിക്കുമായിരുന്നു. എല്ലാ അമ്മമാരുടെയും പ്രശ്നം ഏറെക്കുറെ ഒന്നുതന്നെയാണെന്നവൾക്കു മനസ്സിലായി.
“ചെറുപ്പത്തിൽ മക്കൾ കാട്ടിക്കൂട്ടുന്ന ദുഃശാഠ്യങ്ങൾ കണ്ട് വഴക്കുപറഞ്ഞും, ബഹളംവച്ചും, ഒറ്റപ്പെടുത്തിയും, അവരെ നിയന്ത്രിക്കാൻനോക്കിയ അതേരീതിതന്നെയാണ്, പ്രായംചെന്ന അവസ്ഥയിൽ അമ്മമാർ കാണിക്കുന്ന ദുഃശാഠ്യങ്ങൾ നിയന്ത്രിക്കാൻ മക്കൾ അവരോടു കാണിക്കുന്ന രീതിയും എന്നവൾക്ക് മനസ്സിലായി.”
“ഇതിനൊരു മാറ്റം ഉണ്ടാകണമെങ്കിൽ, ഓരോ അവസ്ഥയിലും മനുഷ്യനുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ പഠിച്ചാൽമാത്രം മതിയെന്നും അവൾക്കു മനസ്സിലായി.
ബാല്യത്തിലെ കുസൃതിയും, ചെറുപ്പക്കാരിലെ ആവേശവും, പ്രായത്തിൻ്റെ ദുഃശാഠ്യവും പരസ്പരം മനസ്സിലാക്കിയെടുത്താൽ മാത്രംമതി.”
പതിയെ പതിയെ അമ്പിളി ഓരോ അമ്മമാരുടെയും സ്വഭാവരീതികൾ മനസ്സിലാക്കി അവരോട് പെരുമാറാൻ തുടങ്ങി. പെട്ടെന്നുതന്നെ അവൾ അവരുമായി അടുത്തു. അവിടെയുള്ള എല്ലാ അമ്മമാരും അമ്പിളിയെ സ്വന്തം മകളെ പോലെയാണ് കണ്ടിരുന്നത്,
തിരിച്ച് അമ്പിളിയും അങ്ങനെ തന്നെയായിരുന്നു. അവിടെയുള്ള എല്ലാ അമ്മമാരെയും സ്വന്തം അമ്മയെപ്പോലാണ് അമ്പിളി കണ്ടിരുന്നത്.
“ചില അമ്മമാർക്ക് ഭയങ്കരവാശിയാണ്.
അമ്പിളി ഉണ്ടെങ്കിൽമാത്രമേ മരുന്നുപോലും കഴിക്കു.”
കളിപറഞ്ഞും, വഴക്ക് പറഞ്ഞും, സ്നേഹിച്ചും, അമ്മമാരും അമ്പിളിയും ജീവിച്ചുപോകുന്നതിനിടയിലാണ് അവിടെയൊരു പുതിയ അതിഥി വന്നത്.
“സത്യഭാമ”.
അവരെ കണ്ടാൽതന്നെയറിയാം ഏതോ വലിയ തറവാട്ടിലെ സ്ത്രീയാണെന്ന്.
അത്രയ്ക്കും ഐശ്വര്യമുണ്ട് കാണാൻ.
” ഏകദേശം എൺപത് വയസിനടുത്ത് പ്രായംകാണും.”
അമ്മയുടെ മക്കൾ പ്രത്യേകം പൈസ കെട്ടിവച്ചാണ് അവരെ അങ്ങോട്ടേക്കു വിട്ടത്. അങ്ങനെ പൈസ കെട്ടിവക്കുന്നവർക്ക് പ്രത്യേക റൂമും, സൗകര്യങ്ങളും ഒക്കെ അവിടെയുണ്ട്.
അവർ ആരോടും ഒന്നും സംസാരിക്കാറില്ലായിരുന്നു. അവരുടെ മുറിക്കുള്ളിൽനിന്നും പുറത്തിറങ്ങാറേയില്ല.
അമ്പിളിയോടാണേലും അത്യാവശ്യം എന്തെങ്കിലും ചോദിക്കുമെന്നല്ലാതെ കൂടുതലൊന്നും അവർ സംസാരിക്കില്ലായിരുന്നു. എല്ലാവരോടും ഒരു അകലംപാലിച്ച് ഒറ്റപ്പെട്ട അവസ്ഥയിലാണ് അവർ ജീവിച്ചത്.
അമ്പിളിക്ക് അവരെക്കുറിച്ച് കൂടുതൽ അറിയണമെന്ന് ആഗ്രഹം തോന്നി.
“ഭർത്താവ് മരിച്ചു, രണ്ടു മക്കൾ,
ഇത്രയുംമാത്രമേ അവരുടെ വിവരങ്ങൾ അവിടെ കൊടുത്തിരുന്നുള്ളു.”
ഓരോ പ്രാവശ്യവും, അവരെ സന്ദർശിക്കാൻ ചെല്ലുമ്പോൾ അമ്പിളി അവരെ കൂടുതൽ അറിയാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ചിലപ്പോഴൊക്കെ അവർ ബഹളംവെക്കും, കുട്ടിക്ക് ഇതൊക്കെ അറിഞ്ഞിട്ട് എന്താണുകാര്യം എന്നു ചോദിക്കും. അവൾ ഒന്നും പറയാതെ തിരിച്ചുപോരും.
മറ്റ് അമ്മമാർക്കൊക്കെ ഒരു ഇഷ്ടക്കേടുണ്ട് അവരോട്. അവർക്കുമാത്രം എന്താ ഇത്ര പ്രത്യേകത, എന്നാണവർ ചോദിക്കുന്നത്.
അമ്പിളി അവരോട് കൂടുതൽ അടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. “അവരുടെ ദേഷ്യങ്ങൾ അവരുടെ സങ്കടങ്ങൾ ആണെന്ന് അവൾക്ക് മനസ്സിലായി.”
ആ ദേഷ്യങ്ങളിൽതന്നെ അവൾ അവരെ ചേർത്തുപിടിക്കാൻ തുടങ്ങി.
അമ്മേ, അമ്മയിങ്ങനെ ആരോടും മിണ്ടാതെ ഒറ്റപ്പെട്ടിരിക്കുന്നതെന്തിനാ?
ഇവിടെയുള്ള എല്ലാ അമ്മമാരും ഒത്തിരി സങ്കടങ്ങളുള്ളവരാ, എല്ലാവരും നല്ല മനസ്സുള്ളവരാ. അമ്മക്ക് ഞാൻ എല്ലാവരെയും പരിചയപ്പെടുത്തിതരാം.
പതിയെ പതിയെ സത്യഭാമ ഒരോ അമ്മമാരോടും സംസാരിക്കാൻതുടങ്ങി.
എല്ലാ അമ്മമാർക്കും പറയാനുണ്ടായിരുന്നത് തൻ്റെ മക്കളെ വളർത്തി വലുതാക്കിയതിൻ്റെ കഥകൾ ആയിരുന്നു.
പിന്നെ സത്യഭാമക്ക് ഒരുപാടുനാളൊന്നും അവരുടെ സങ്കടങ്ങളെ ഒളിപ്പിക്കുവാൻ ആയില്ല.
അവർ അവളുടെ മുന്നിൽ മനസ്സ് തുറന്നു.
കോടീശ്വരനായിരുന്നു അവരുടെ ഭർത്താവ്, നല്ല സ്നേഹമുള്ളയാൾ.
എല്ലാ സൗഭാഗ്യങ്ങളും കൊടുത്തുവെങ്കിലും അവർക്ക് താലോലിക്കാൻ ഒരു കുഞ്ഞിനെമാത്രം ദൈവം കൊടുത്തില്ല. ഒരുപാടുനാളത്തെ ആഗ്രഹത്തിനുശേഷമാണ് രണ്ടു ആൺകുട്ടികളെ അവർ ദത്തെടുത്തത്..
“ദത്തെടുത്ത മക്കളാണ് അവരെന്ന് സത്യഭാമയ്ക്കും, ഭർത്താവിനും അല്ലാതെ വേറേ ആർക്കും അറിയില്ലായിരുന്നു.” അനാഥത്വം അറിയിക്കാതെതന്നെ അവരെ വളർത്തി.
ഭർത്താവിൻ്റെ മരണശേഷം വിഷാദാവസ്ഥയിലായിരുന്നു അവർ.
അവരെ ചേർത്തുപിടിക്കാനും, ആശ്വാസം ആകാനുമൊന്നും ആരും ഇല്ലായിരുന്നു. മക്കൾ രണ്ടുപേരും അവരുടെ കുടുംബവും ആയി തിരക്കുകളിൽമുഴുകി ജീവിച്ചുപോന്നു.
അവസാനം വളർത്തിയ അമ്മയെ അനാഥയാക്കി ഇവിടെ തള്ളിയിട്ട് അവർ പോയി. ഒരുപക്ഷേ മക്കൾ അനാഥർ ആണെന്ന് അറിയിച്ച് വളർത്തിയിരുന്നുവെങ്കിൽ നന്ദിയെങ്കിലും കാണിച്ചേനെ.
“സ്വന്തമാണെന്ന് കരുതുന്നതാണല്ലോ നമ്മളൊക്കെ തോന്നിയതുപോലെ ചെയ്യുന്നത്.”
ആ അമ്മയുടെ മനസ്സുമുഴുവൻ സങ്കടങ്ങളായിരുന്നു. മറ്റുള്ള അമ്മമാരുടെയെല്ലാം സ്വന്തം മക്കളാണ് അവരെ ഉപേക്ഷിച്ചത്. തൻ്റെ വളർത്തുമക്കളാണ് തന്നെ ഉപേക്ഷിച്ചത്.
“രക്തബന്ധം പോലും ഇല്ലാത്ത മക്കൾ,”
അവർ സ്വയം ആശ്വസിച്ചു.
ഇതിനിടയിൽ അമ്പിളി അവരുടെ മക്കളോട് അവരുടെ അനാഥത്വത്തിൻ്റെ കഥ അറിയിച്ചിരുന്നു.
“തിരിച്ചറിവ് ഇല്ലാത്തതാണ് പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ പോകുന്നതെന്ന് അവൾ നന്നായി മനസ്സിലാക്കിയിരുന്നു.”
എല്ലാം അറിഞ്ഞ, അവരുടെ രക്തബന്ധംപോലും ഇല്ലാത്ത മക്കൾ അവരെ തിരിച്ചുകൊണ്ടുപോകാൻ എത്തി.
അവർ അമ്മയോട് ക്ഷമ ചോദിച്ചു.
ആ അമ്മ അവരുടെകൂടെ പോകാൻ തയ്യാറായില്ല.
“തന്നെ തിരിച്ചുകൊണ്ടുപോകാൻ വന്നതിന്, തന്നെ ചേർത്തുപിടിക്കാൻ വന്നതിന്, തൻ്റെ ആരുമല്ലാത്ത മക്കളോട് ആ അമ്മ ഒരുപാട് നന്ദി പറഞ്ഞു.”
സത്യഭാമ അമ്മ അവിടുത്തെ മറ്റ് അമ്മമാർക്കൊപ്പം ചേർന്നിരുന്നു.
മിണ്ടിയും പറഞ്ഞും അവരുടെ സങ്കടങ്ങളിൽ കൂട്ടായി അവർക്കൊപ്പംകൂടി.
“ദിവസങ്ങളും മാസങ്ങളും മുന്നോട്ട് പോയികൊണ്ടിരുന്നു.” അവിടെ അമ്മമാർ കൊഴിഞ്ഞുപോകുകയും വരുകയും ചെയ്തു കൊണ്ടിരുന്നു.
“അമ്മവേഷങ്ങൾ കെട്ടി ആടി തിമിർത്ത്, വലിച്ചെറിയപ്പെട്ട അമ്മമാർക്കിടയിൽ , മകൾവേഷം കെട്ടി അമ്പിളി ആടി തിമിർത്തുകൊണ്ടിരുന്നു.”
ഇതിനിടയിൽ, അമ്മവേഷംകെട്ടി തള്ളപ്പെട്ട അമ്മമാരുടെ ജീവിതം അവളെ ഒരുപാട് സ്വാധീനിച്ചിരുന്നു. ഒരു അമ്മയാകാനും, അമ്മവേഷം കെട്ടി തള്ളപ്പെടാനും താൻ ഒരുക്കമല്ല എന്ന ദൃഢനിശ്ചയത്തോടെ അമ്മമാരുടെ ഇടയിൽ അവൾ അലിഞ്ഞുചേർന്നു.
