ഇരട്ടപ്പേര് പലപ്പോഴും
ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന അനുഭവങ്ങൾ ഉണ്ടാവാറുണ്ട്…!!
പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം.. മഞ്ചേരിയിലെ ഫുട്ബോൾ ഗ്രൗണ്ട്, വൈകുന്നേരങ്ങളിൽ ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ഹോക്കി മുതലായ പല വിധ കളികളുടെ കേന്ദ്രമായിരുന്നു…
ഈ ഗ്രൗണ്ടിന്റെ അടുത്തു തന്നെയുള്ള ബീരാന്റെ കടയായിരുന്നു കളിയ്ക്കുന്നവർക്ക് വേണ്ട സർബത്ത്, നാരങ്ങാവെള്ളം, മുതലായവ സപ്ലൈ ചെയ്തിരുന്നത്… അവിടെയൊന്നും വേറെ കടകൾ ഇല്ലാത്തതുകൊണ്ട് ബീരാന്റെ കച്ചവടവും പൊടി പൊടിച്ചു..

നല്ല പോലെ ഫുട്ബാൾ കളിയ്ക്കുന്ന ബാബുവേട്ടൻ എന്നേക്കാൾ രണ്ടു കൊല്ലം സീനിയർ ആയിരുന്നു…
അല്പസ്വൽപ്പം കഞ്ചൻ ഉപയോഗിച്ചിരുന്ന ബാബുവിന് രണ്ട് പുക അകത്തു ചെന്നാൽ അത് നാലു പേരെയെങ്കിലും അറിയിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു…
അങ്ങനെ ബാബുവിന്
“കഞ്ചൻ ബാബു” എന്ന ഇരട്ടപ്പേര് വീണു…
മൂപ്പരാണെങ്കിലോ ബഹുത്ത് ഖുശി…
ഇനിയാരോടും താൻ അല്പസ്വല്പം കഞ്ചാവടിയ്ക്കുമെന്ന് തള്ളി മറിയ്‌ക്കേണ്ടതില്ലല്ലോ എന്ന ചിന്തയും…!!!

മാത്രമല്ല ജൂനിയേഴ്‌സ് ആയ ഞങ്ങൾക്ക് ബാബുവേട്ടനോട് ഒരു ഭയ ഭക്തി ബഹുമാനവും വന്നു തുടങ്ങി…!!!
മൂപ്പരും അത് തന്നെയാണ് ആഗ്രഹിച്ചിരുന്നതും എന്ന് തോന്നുന്നു…!
കാലം കടന്നു പോയി..
ബാബു കഞ്ചാവൊക്കെ നിർത്തി
സൽസ്വഭാവിയായി.
ബജാജിന്റെ
സേൽസ് മാനേജർ ആയി..
തിരക്കുകളിൽ പെട്ട് ഫുട്ബാളും ബീരാനിക്കയേയും ഒക്കെ
മറന്നു പോയി..
ജോലിയോട് ആത്മാർത്ഥതയുള്ള
നല്ലൊരു ചെറുപ്പക്കാരൻ, അതായിരുന്നു ബാബു…
അങ്ങനെ ബാബുവിന്
കല്ല്യാണാലോചനകൾ
വന്നു തുടങ്ങി…

ജോലിയുള്ള നല്ലൊരു ചെറുപ്പക്കാരനെ ഇഷ്ടപെടാത്തവർ ആരുണ്ട്??
മാത്രവുമല്ല ജിംനാസ്റ്റിക്ക് ബോഡിയും നല്ല പെരുമാറ്റവും…
കുടവയർ തീരെയില്ല,
പോരാത്തതിന് നല്ല തറവാടും..
അന്നത്തെക്കാലത്ത്
പെൺപിള്ളേരുടെ വീട്ടുകാരും പെൺപിള്ളേരും ആഗ്രഹിയ്ക്കുന്നതെല്ലാം അനുഗ്രഹിച്ചു കിട്ടിയിട്ടുണ്ട് ബാബുവിന്,
ആനന്ദ ലബ്ദിയ്ക്കിനിയെന്തു വേണം??
അന്നൊന്നും ചെറുക്കന്റെ സ്വഭാവം അന്വേഷിയ്ക്കുവാൻ ഇന്നത്തെപ്പോലെ സീക്രട്ട് ഡിറ്റക്റ്റീവ് ഏജൻസികൾ ഒന്നുമുണ്ടായിരുന്നില്ല എന്നോർക്കണം..!!!
പെണ്ണിന്റെ വീട്ടുകാർ ചെറുക്കനെയും ചെറുക്കന്റെ ചുറ്റുപാടും ഒക്കെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പേരിന് ഒരന്വേഷണം നടത്തും..
അത്രയേ ഉളളൂ..

അന്വേഷിച്ചോ എന്നു ചോദിച്ചാൽ അന്വേഷിച്ചിരുന്നു എന്ന് വരുത്താനുള്ള ഒരു നാടകം…!!
അങ്ങനെ പെൺ വീട്ടുകാർ അന്വേഷിച്ച് അന്വേഷിച്ച്
ബീരാന്റെ കടയിൽ എത്തി.
” അല്ല, നമ്മടെ ഒരു ബാബു ഉണ്ടല്ലോ, ഇങ്ങള് ഓനെ അറിയുമോ ??
ബീരാൻക്കാ…””
എന്ന് പെണ്ണിന്റെ വീട്ടുകാർ.
ഉദ്വേഗ ഭരിതമായ നിമിഷങ്ങൾ..
ബീരാൻക്ക സർബത്ത് ഒന്നു കൂടി അമർത്തി ഇളക്കി
എന്നിട്ട് പറഞ്ഞു.

” എത് ബാബു, ഇവിടെ ഇപ്പൊ ഒരു ഡസൻ ബാബുവെങ്കിലും ണ്ട്,
എത് ബാബൂനെയാ ഇങ്ങള് ഉദ്ദേശിക്കുന്നത് ??””
പെണ്ണു വീട്ടുകാർ ചെറുതായി വിവരങ്ങൾ പറഞ്ഞു തുടങ്ങുകയായി..
” അതേ, ബജാജിൽ ജോലിയുള്ള
ഫുട് ബോൾ ഒക്കെ കളിക്കുന്ന
നല്ല ജിം ബോഡിയൊക്കെയുള്ള… “
ബീരാൻക്ക സർബത്ത് ഇളക്കൽ നിർത്തി കടയ്ക്ക് പുറത്തു വന്ന് കുറച്ചു ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങി..
” അങ്ങനെ പറയിൻ, നമ്മടെ
“കഞ്ചൻ ബാബു” അല്ലേ “
അതാ കിടക്കണ് അവിലും കഞ്ഞീം..!!

പെണ്ണു വീട്ടുകാർ ആകെ സ്തബ്ദരായി നിൽക്കുകയാണ്..!!!
” എന്നു വെച്ചാൽ ബാബു കഞ്ചാവ് ആണോ ബീരാൻ കാ.. ഇങ്ങള് പറയിൻ “”
പെൺകൂട്ടരിൽ ഒരാൾ മുരടനക്കി..
ബീരാൻകാ ഒരു ദീർഘ നിശ്വാസം വിട്ടു കൊണ്ട് പറഞ്ഞു…
” ഓൻ പണ്ട് ഭയങ്കര കഞ്ചാവായിനു ..
ഇപ്പൊ ഇങ്ങോട്ടൊന്നും അങ്ങനെ കാണുന്നില്ല.. എന്താ ഇപ്പൊ ഓന്റെ ഹാല് എന്ന് ഇച്ചറിയൂല..!! “”
ബാബു ഇപ്പോഴും കല്ല്യാണം കഴിച്ചിട്ടില്ല.. മാത്രമല്ല ഭാവിയിൽ എന്നെങ്കിലും കല്ല്യാണം കഴിക്കാൻ പറ്റുമെന്ന് തോന്നുന്നുമില്ല…!!

പി. സുനിൽ കുമാർ..

By ivayana