രചന : മേരിക്കുഞ്ഞ്✍
കാടും കുന്നും കടന്ന്
പുഴ നീന്തിപാടം താണ്ടി
വന്നെത്താറില്ല വാർത്തകൾ
പുതുമണം ചോരാതെ
കുഞ്ഞൂരിൽ പതിവായി.
നാടുവിട്ടകേശ്വാര്
തിരിച്ചു വന്നപ്പോഴാണ് നാട്ടാരറിഞ്ഞത്
ഇന്ത്യ…ഇന്ത്യ എന്നൊരു
രാജ്യം ണ്ട്ന്ന്
അവിടെ കാന്തി എന്നൊരു
ഗോസായി
കടല്ന്ന് വെള്ളം മുക്കി
വാറ്റി
ഉപ്പ് ഉണ്ടാക്കിത്രെ!
പട്ടാളം ഇറങ്ങി
കാന്തിനേം ,
കാന്തി കൂട്ടത്തിലുള്ളോരേം
പിടിച്ചടിച്ച് കൽ
തുറുങ്കിലിട്ടടച്ചൂത്രെ….
പോക്ക്ര്ക്കാക്കരിശം വന്നു.
ഒന്നാമത്
ഏതാ പ്പൊരിന്ത്യ ?
ഏറനാട്ണ്ട്
വള്ളുവനാട്ണ്ട്
വഞ്ചിനാടും ണ്ട്.
ശരിക്ക് കേശ്വാര്ടെ
രാജ്യാണ്
പട്ടാമ്പി
അമ്മ രാജ്യം കുഞ്ഞൂരും
“കേശ്വാര് പണ്ടേ ഒരു
പെരും നുണയനാണലോ….
നേരൊരിക്കലും ഓൻ്റെ
നാവീന്നുതിരില്ല്യാലോ…. “
കുഞ്ഞിപ്പാത്തൂൻ്റെ തലേന്ന്
ഈര് വലിക്കണ നേരത്ത്
ഓൾടെ വല്ല്യുമ്മ
പയക്കം പറഞ്ഞു.
എന്നാലും
തെരമറ്യേണ കടല്ന്ന്
കൊറച്ച് വെള്ളം മുക്കി
ഉപ്പ് കാച്ച്യേന്
അരേംങ്കിലും പട്ടാളം
പിടിച്ചോണ്ട് പോവ്വോ!
നൊണ…
കാശീല് വെട്ടോഴീടെ
നടൂക്കൂടെ
ആണുങ്ങള് അരേല്
നൂല്ബന്ധല്ല്യാണ്ടെ
പോയി
പൊഴേല് മുങ്ങുംന്നും
പെണ്ണ്ങ്ങ്ള്
ഓരടെ സാധനം തൊട്ട്
കണ്ണ്മ്മലും തലേമ്മ്ലും
വക്കുംന്നും
പറഞ്ഞോനാ ഈ
കേശ്വാര്
കുട്ടീം കോലും കളിക്കണ
പിള്ളേര്
ഒച്ചേം കൂക്കും കൂട്ടി
ഓടിച്ചു കേശ്വാരെ.
പിന്നേം
കേശ്വാര്ടെ വർത്താനം
കുഞ്ഞിപ്പാത്തൂൻ്റെ
ചെവീല്
വറ്റാതെ കെടന്നു
തെരമറിഞ്ഞു.
എറളാടി കൊത്തിക്കൊണ്ട്
പോകാതിരിക്കാൻ
വല്ല്യുമ്മ
മുട്ടവിരിഞ്ഞകുഞ്ഞി –
ക്കോഴ്യോളെമുറ്റത്ത്
മൂലയിൽവള്ളിക്കൊട്ട
മൂടിയിട്ടിട്ട് കാക്കും പോലെ
കുഞ്ഞിപ്പാത്തു ഗാന്ധീനെ
ഉള്ളോർമ്മയിൽ
ഇഷ്ടത്തിൻ്റെ
മൂലയിൽ മൂടിയിട്ടു…..
വളർന്നവൾ വലുതായി –
ട്ടാദ്യമായ് ഗാന്ധിച്ചിത്രം
കണ്ടനാൾ ആരും ഒന്നും
പറയാതെത്തന്നെ തിരി –
ച്ചറിഞ്ഞു ഗാന്ധിയെ….
ഈ ഗാന്ധിയാണ്
ഉപ്പുകാച്ചി
വെള്ള തുപ്പാക്കികളെ
ഇന്ത്യേന്ന് ആട്ടിയോടിച്ചത്!
ഓര്നമ്മടെ ആളോളെ
അടിമോളാക്ക്യോരാണ്
കുഞ്ഞിപ്പാത്തൂന്
വെറുതെയൊന്ന്
ഗാന്ധീനെ
സ്നേഹിക്കണംന്ന്
തോന്നിപ്പോയി.
