പ്രതിച്ഛായയുടെ
ഭാരമില്ലാതായി
ഉടഞ്ഞു ചിതറി പലരായി,
പലതായി
ഉറങ്ങുന്ന യാത്രികനു സമീപം
ലോകത്തെ പ്രതിബിംബിക്കാൻ കൂട്ടാക്കാതെ
ഒരു കണ്ണാടി.
ലോകവും താനുമേയില്ലെന്ന മട്ടിൽ
നിർവികാരമുമുക്ഷുവായ
വൃദ്ധശ്വാനൻ.
വളരരേണ്ടതില്ലെന്ന് വിരസനായ
വൃക്ഷം.
തലകീഴ് മറിഞ്ഞ കാഴ്ചയും
വെറും കാഴ്ചയെന്ന പോലെ
കണ്ണടച്ച് വവ്വാൽ.
വയൽ വെള്ളക്കെട്ടിൽ കാലമായി
കിടന്ന് ഉറച്ച് ചെളിയായി മാറിയ
രണ്ടു പോത്തുകൾ.
ഇനി ഒരടി സഞ്ചരിക്കാനില്ലെന്ന്
കോട്ടുവായിട്ട് ഒറ്റ രാത്രി നക്ഷത്രം.
വയലിനപ്പറത്തുനിന്നും പറന്നു വന്ന്
വൃക്ഷശിഖരത്തിൽ
അടിവസ്ത്രം പോലെ ഞാന്നു കിടക്കുന്ന
കാൽപ്പനിക സംഗീത ശകലം.
ചിത്രകാരൻ വരച്ച്
അറസ്റ്റുചെയ്ത പോലെ
കോമയിലായ മേഘങ്ങൾ.
പൂവിൽ നിന്ന് പുറപ്പെട്ട്
ഒച്ചിൻ്റെ മേലെ വീണ്
ഇഴയുന്ന മണം മാത്രമാണ്
ഓഡ് വൺ !

By ivayana