ദൂരയേതോ നോവുമായൊരു
പൂനിലാ പെണ്ണ്കാത്തിരിപ്പൂ
ഇങ്ങിവിടെ ഭാരതാംബ തൻ
കാവലാളായ് കാന്തനും

പൂമണംമായുംമുൻപേ സഖി തൻ
വിരൽത്തുമ്പു വിട്ടിട്ടൊരു
ചക്രവാക പക്ഷി കണക്കെ
നെഞ്ചകം തുടിച്ചന്നെങ്കിലും

അഭിമാനമാർന്നുടൽ കുളിരുന്നു
അമ്മയ്ക്ക് കാവലായ്
പ്രിയ പുത്രൻ പോയീടുന്നു
മനമൊന്നിടറാതെ

പിറന്ന നാടിന്റെ മാനം കാക്കും
നാടിന്റെ നായകരിവരെങ്കിലും
അവർക്കുമുണ്ടൊരു മനം
പ്രിയർക്കായ് തുടിക്കുന്നു

ഇടയ്ക്കിടെ ഓർമ്മ വരും
വളകളുടെ കൊഞ്ചലും
വിടരും കരിമിഴിക്കോണുകളിലെ
പ്രണയാർദ്ര ഭാവങ്ങളും

സ്നേഹത്തിൻ രുചിക്കൂട്ടു
മായൂട്ടുന്നോരമ്മയും
സങ്കടങ്ങളിൽ ചേർത്തു
പിടിക്കുന്നൊരച്ഛനും

കൂട്ടരോടൊത്തുള്ള സായാഹ്ന
നിമിഷങ്ങളുമൊരു നേർത്ത.
നൊമ്പരത്തോടെയല്ലാതെ
യോർക്കുവാനെളുതല്ല

നാടിനായി ജീവൻ നൽകാനുറപ്പിച്ചു
പോരാടുന്ന വീരപുത്രരിവർ
ആർക്കുമെ അളക്കുവാനെളുപ്പമല്ല
ചില മാനസാന്തരങ്ങൾ

എന്നാണെന്നറിയില്ലയൊരു വെടിയുണ്ടയാൽ
പ്രാണൻ വെടിയുകയെന്നാലും
അഭിമാനത്താൽ ധന്യമാവുന്ന ചിന്തകൾ
ദുഖത്തെ കുറയ്ക്കുന്നു

ജാഗ്രതക്കോട്ട കെട്ടി ഭാരതാംബയെ നോവുകളറിയിക്കാതെ
കാത്തു പരിപാലിക്കുന്നൊരിവരെ
നെഞ്ചോടു ചേർക്കണം നാമോരോരുത്തരും

നിർനിദ്രയാലവർ നിൽപ്പതിനാലെ
നിദ്ര പൂകിടുന്നു നമ്മൾ നിത്യവും
അവർക്കായി ഉയരട്ടെ
കൃതജ്ഞതയാൽ നാടിന്റെ ജയഭേരികൾ

By ivayana