രചന : സുരേഷ് പൊൻകുന്നം ✍
ഹേ.. പ്രഭോ..
നീ അറുത്തെടുത്ത അപ്പെരുവിരൽ
തിരിച്ചെനിക്ക് വേണം,
അറുത്തു ചീറ്റിച്ച രക്തവും
എനിക്ക് വേണം,
നീ മുറിച്ചു പിളർത്തി മാറ്റിയെൻ
ശിരസ്സെനിക്ക് വേണം,
നീ അടിച്ചൊടിച്ചെറിഞ്ഞയെൻ
കാലുകൾ എനിക്ക് വേണം,
ആ…
മുറിച്ചെറിഞ്ഞ പാദവുമെനിക്ക് വേണം,
എന്നുടലെരിച്ചിടാ..
മുടന്തിയിടവഴിയിൽ വീണാലു-
മെനിക്കിഴഞ്ഞിഴഞ്ഞു പോകണം,
എനിക്ക് വേണമെന്തെല്ലാം നീ
തുലച്ചുവോ-
അതൊക്കെയും വേണം,
എനിക്കു വേണ്ട നിന്നൗദാര്യങ്ങൾ
എത്ര തലമുറ ചവുട്ടിയരച്ചു നീ
മർത്യനായി പോലും കരുതിയില്ലല്ലോ,
രക്തമൊക്കെ ഛർദ്ദിച്ച്
നടുവൊടിഞ്ഞുമിഴഞ്ഞും
നിന്റെ ഹോയ് വിളികളിൽ കണ്ട
പൊന്തകാട്ടിലൊളിച്ചും,
മുള്ളുകൊണ്ട് മേല് വരഞ്ഞ് കീറി
നീറി വേദനയാൽ പുളഞ്ഞും
ഒന്നു നേരെ നിൽക്കാനാകാതെ
അപകർഷത നിറഞ്ഞും
കഞ്ഞി കാടി വെള്ളങ്ങൾ പോലും
നിന്റെ മുറ്റക്കുഴികളിൽ വന്ന്
നായയെ പോലെ നക്കി നക്കി ഭക്ഷിച്ച്
നായയെക്കാളും മ്ലേച്ഛമായി ജീവിച്ച
എന്റെ പൊന്നു പിതാക്കന്മാരെ
ഓർക്കുമ്പോൾ നൊന്തു പോകുന്നെടോ,
ഇന്നും തലമുറ ഗതിയറ്റ്,
കുഴിച്ചിടാനിറ്റ് മണ്ണു പോലുമില്ലാതെ റോഡ്, ആറ്റ് പുറമ്പോക്കിൽ
എത്ര ജന്മങ്ങൾ എത്ര തലമുറ….
ഇന്ന് നീ ചൊല്ലും സനാതനം
ഒന്നുമെനിക്ക് വേണ്ടടോ,
ഞങ്ങടെയൊറ്റയാട്ടിൽ
പുലയാട്ടിൽ കുത്തിയൊലിച്ചു പോം
നിന്റെ സനാതനം,
ആർഷഭാരത സംസ്കാരം,
ഓർത്തു കൊള്ളുക നീ..
പശുവല്ലിന്നെന്റെ ദൈവം
ചത്ത പശുവിന്റെ തോലുരിയ്ക്കുന്ന
ആ പറയനാണിന്നെന്റെ ദൈവം.
വഴിവക്കിൽ വഷളന്മാർ
പാലഭിഷേകം നടത്തും കരിങ്കല്ലിലുള്ളൊരു
കരിലിംഗമല്ലെന്റെ ദൈവം.
തളരാതെ വെയിലിൽ നടുകുനിയാതെ
അധമ സംസ്കാരത്തിൻ നേരെ
ചൂണ്ടു വിരലുയർത്തുന്ന
പുലയനാണിന്നെന്റെ ദൈവം
മടിയനും
മന്ത്രമുരുവിടും മഹാമഠയനും
മഹത്വം കൽപ്പിക്കും
മനുസ്മൃതിയല്ലെന്റെ പുസ്തകം,
മഹാനായ അംബേദ്ക്കർ
കയ്യൊപ്പ് ചാർത്തിയ മതേതര
ഭരണഘടനയാണിന്നെന്റെ പുസ്തകം.
പ്.. ഫാ….. പ്രഭൂ…..
വഴി മാറി നിൽക്കെടോ
ഇനിയെന്റെ വില്ലുവണ്ടികൾ പായട്ടെ..
