രചന : ഗഫൂർകൊടിഞ്ഞി✍
കടലെടുത്തതിൽ മിച്ചം
കയ്യേറിയ മൂന്നിലൊന്ന് മണ്ണ്,
നിരപരാധരുടെ ചോരക്കറകളാൽ
നിങ്ങൾ വെട്ടിപ്പിടിച്ചതിരിട്ട
സാമ്രാജ്യമോഹങ്ങളുടെ പുണ്ണ്.
ഭൂമിയുടെ നിംന്നോന്നതങ്ങളിൽ
നിങ്ങൾ വരച്ചു ചേർത്ത
അതിരടയാളങ്ങളിൽ
ഞങ്ങൾ നിസ്സഹായരായിപ്പോകുന്നു.
പൗരത്വത്തിൽ നിന്ന്
പ്രജയിലേക്ക് ആട്ടിയകറ്റപ്പെടുന്നു.
എന്റേതെന്നും
നിന്റേതെന്നും
ആർത്തിയുടെ സമ്രാജ്യങ്ങൾ….
അവിടെ ഭയത്തെ അതിജയിക്കാൻ
അതിരുകളിൽ നട്ടുപിടിപ്പിച്ച
മുൾമരങ്ങൾക്കപ്പുറം
നിരോധിത മേഖലകളിൽ
മീശ വിറപ്പിക്കുന്ന പാറാവുകാർ….
വീര്യത്വം വിളമ്പുന്ന കാവലാളുകൾ
ദേശരാഷ്ട്രത്തിന്റെ പടപ്പാട്ടുകൾ,
കുടിക്കാൻ തന്ന ജലത്തെക്കുറിച്ചും
ശ്വസിക്കാൻ തന്ന വായുവിനെക്കുറിച്ചും
ഊറ്റം കൊളുന്ന നാവൂറു പാട്ടുകാർ
ആര്യാവർത്തത്തിന്റെ
കുരുക്ഷേത്ര രണഭൂമിയിൽ
വടക്കൻ കാറ്റിൽ
മുരളുന്ന ശംഖൊലിയിൽ
ചരിത്രത്തിന്റെ ആവർത്തനം പോലെ
ഹുങ്കാരത്തിന്റെ മാറ്റൊലികൾ
അഹംബോധത്തിന്റെ ഞാണൊലികൾ
നാട്ടു വാഴ് വിന്റെ വാചോടോപങ്ങൾ
പലായനത്തിന്റെ കണ്ണീർ ചാലുകളിൽ
കുടിയിറക്കപ്പെടാൻ വിധിക്കപ്പെട്ട
അശരണന്റെ നിലവിളികൾ….
കപടിക്കളങ്ങളുടെ ആരവങ്ങൾ
ആലംബഹീനത്വത്തിന്റെ ശവപ്പറമ്പുകൾ
ഭക്തജനങ്ങൾ ഇടനെഞ്ചിൽ കൈ വച്ച്
തിറയാട്ടം കണ്ട് കോൾമയിർ കൊള്ളുന്നു.
നെഞ്ചകം തകർന്ന്
കുരുതിച്ചോര ചാലിട്ടൊഴുകുമ്പോൾ
വാഴുന്നവർ ഏമ്പക്കം വിടുന്നു.
ഞങ്ങളാവട്ടെ ഓക്കാനിച്ച് തളരുന്നു.
=
