രചന : വിജയൻ ചെമ്പക ✍️
കടുത്ത സാമ്പത്തിക മാന്ദ്യകാലം
കടക്കുവാനെന്തുണ്ടു് മാർഗ്ഗമെന്നു്
ഉറക്കെ ചിന്തിച്ചൊരു പോങ്ങനോടായ്
ഇവന്റ് മാനേജരുണർത്തി തമ്പ്രാ –
“മക്കൾക്കു നാളേക്കൊരു നേട്ടത്തിനായ്
തെളിഞ്ഞിടുന്നുണ്ടൊരു മാർഗ്ഗമുള്ളിൽ
ക്ഷമിച്ചിരുന്നൊന്നതു കേൾക്കുമെങ്കിൽ,
ഉരച്ചിടാം പദ്ധതി പൂർണ്ണമായ് ഞാൻ.
ശ്രവിച്ചുടൻ പുണ്ണനുണർന്നു ചൊന്നാൻ
പണം വരുത്താൻ വഴിയേതതെല്ലാം
വരച്ചു കാട്ടെൻ കുഴലൂത്തുകാരാ.
കഥിക്കു വേഗം ക്ഷമയൊട്ടുമില്ലേ
ഇവന്റുമാനേജർ ചൊല്ലി വായ് പൊത്തി
“വനത്തിൽനിന്നുള്ള മരം മുറിക്കാൻ
മുടക്കമില്ലാതനുവാദമേകൂ
നിനച്ചിരിക്കാ ധനമേറെയെത്തും”
“അതുക്കുമേൽ വേറൊരു നേട്ടമുണ്ടേ
മരം മുറിച്ചിട്ടു വനം വെളുത്താൽ
ഉടഞ്ഞു നീങ്ങും മലകൾക്കു കീഴായ്
അടിഞ്ഞുതീരും ജനമൊട്ടു സർവ്വം”
ദുരിതം നികത്താൻ പണം പിരിക്കാ-
മതും നമുക്കായ് ധനമാർഗ്ഗമല്ലേ ?
ഫലത്തിലീ കാര്യം സ്പോൺസർമാരേൽക്കും
ഇതിൽപ്പരം നേട്ടം വേറെന്തു നാളെ?
