ഇന്ന് മദേഴ്സ്ഡേ ആണത്രേ.
മകൾ പറഞ്ഞതാണ്
ഹാപ്പി മദേഴ്സ്ഡെ അമ്മാ എന്ന്😂
അമ്മമാർക്കെന്ത് ഹാപ്പി. എനിക്കങ്ങനെ പറയാവുന്ന രണ്ടമ്മമാരെ ആണ് കൂടുതൽ പരിചയം.
ഒന്നാമത്തെ അമ്മ പതിനഞ്ചു വയസ്സിൽ വിവാഹം കഴിഞ്ഞ, ലോകത്തെ കുറിച്ച് യാതൊന്നും അറിയാത്ത, ഭർത്താവിൻറ വീട്ടിൽ വന്നതിനു ശേഷം ഋതുമതിയായ,
രാവും പകലുമില്ലാത്ത സ്വയം തൊഴിലുകാരിയായ,
ഭർത്താവിൻറ സംശയവും അടിയും ഇടിയും തൊഴിയും കൊണ്ട,
അമ്മായിയമ്മ പോരിൽ ജീവിതം മടുത്ത,
ഭർത്താവ് ഉപേക്ഷിച്ചു എന്നൊരു സാഹചര്യം വന്നിട്ടും എന്നെ ഉപേക്ഷിച്ചു പോകരുതേ എന്ന് പറഞ്ഞു അടിമയെ പോലെ ജീവിച്ച,
മക്കളുളളത് കൊണ്ട് ആത്മഹത്യ ചെയ്യില്ല,
എന്ന് പറഞ്ഞ ഒരമ്മ.
രണ്ടാമത്തേത്,
പതിനെട്ടു വയസ്സിൽ അമ്മയായ,
ലോകത്തെ കുറിച്ച് അത്രയധികമൊന്നുമറിയാത്ത
സ്വയം തൊഴിലിനൊപ്പം തന്നെ മറ്റൊരു തൊഴിലുടമയുടെ ജോലിക്കാരിയായും രണ്ടു വരുമാനങ്ങൾ ഒരുമിച്ചു നേടിയ,
നേടിയതെല്ലാം മക്കൾക്കും ഭർത്താവിനും ഭർത്താവിൻറ മാനാഭിമാന ചടങ്ങുകൾക്കും കുടുംബത്തിനും സൗകര്യങ്ങൾക്കും വേണ്ടി ചെലവാക്കിയ,
സ്ത്രീധനമില്ലായ്മയുടേയും
സൗന്ദര്യമില്ലായ്മയുടേയും പേരിൽ നിരന്തരമായി
അമ്മായിയമ്മപോരും
നാത്തൂൻപോരും സഹിച്ച,
ചോരനീരാക്കി കഷ്ടപെട്ടത് മുഴുവൻ ചെലവഴിച്ചിട്ടും നീയെന്ത് ചെയ്തു എന്ന ചോദ്യം മാത്രം കേട്ടു ശീലിച്ച,
പട്ടാളപുഴു പോലൊരു പെണ്ണ് ജീവിതം കാർന്നു തിന്നുന്നതറിഞ്ഞിട്ടും
പോകാനൊരിടമില്ലാതെ തൻറ പെൺമക്കളെയോർത്ത്
ആത്മഹത്യ ചെയ്യാൻ ഭയന്ന് അടിമയെ പോലെ ജീവിച്ച,
ആരുടേയും പരിഗണനയോ സ്നേഹമോ ലഭിക്കാതെ ആർക്കൊക്കെയോ വേണ്ടി അലഞ്ഞുലഞ്ഞ് ജീവിക്കുന്ന ഒരമ്മ.
ഈ രണ്ട് അമ്മമാരേയും പോലെ ആകുമായിരുന്നു ഞാനും. സ്വയം സ്നേഹിക്കാനും സ്വയം പരിഗണിക്കാനും മറന്നു പോയിരുന്നു എങ്കിൽ.
അമ്മമാർ എങ്ങനെ ആവണം എന്നും ആവരുത് എന്നൊന്നും എനിക്ക് അറിയില്ല. അറിയുന്നത് എല്ലാ അമ്മമാർക്കും മറ്റാർക്കും അറിയാത്ത ഉടലും ഉയിരുമുണ്ടെന്നതാണ്.
ഉണങ്ങാത്ത മുറിവിലേക്ക് ഉപ്പു തേച്ചിട്ടും ചിരിക്കുന്ന അമ്മമാരുടെ ഓർമ്മയിൽ ഒരു ദിനം 😔

വിനീത കുട്ടഞ്ചേരി

By ivayana