രചന : സെഹ്റാൻ. കെ ✍
ഉറക്കമില്ലാ രാത്രികളുടെ
വലിഞ്ഞുനീണ്ട അയക്കയറിൽ
തലകുത്തനെക്കിടന്ന് നോക്കിയാൽ പതിവുപോൽ പുകയുന്ന സൂര്യകാന്തിപ്പാടങ്ങൾ കാണാം.
കണ്ണിലേക്ക് വെയിൽച്ചീളുകൾ കുത്തിക്കയറുമ്പോൾ
നേരം പുലർന്നിരിക്കാമെന്ന്
(തെറ്റി) ധരിക്കും.
ബാത്ത്റൂമിലെ ഫിലമെന്റ് ബൾബിന്റെ അരണ്ട മഞ്ഞവെളിച്ചത്തിൽ കൺതുറന്നൊരു സ്വപ്നം കാണാൻ
ശ്രമിക്കുമ്പോൾ പതിവുപോൽ കയർക്കുരുക്കുകളുടെ
ലക്ഷണമൊത്ത വൃത്തങ്ങൾ!
ഷേവിംഗ് ബ്ലേഡുകൾ തീർക്കുന്ന
വിലക്ഷണ രേഖകൾ.
ഈർപ്പം കിനിയും ഭിത്തികൾ നിറയെ
വിഷം പുരട്ടിയ മുലക്കണ്ണുകൾ!
പതറിയ എഞ്ചിൻശബ്ദമുള്ള
ബൈക്കിൽ കയറിയാൽ
റോഡിനിരുവശവും പതിവുപോൽ
പൊന്തക്കാടുകളും, കരിനാഗങ്ങളും നിറയും.
രണ്ടു കിലോമീറ്റർ പിന്നിട്ടാൽ കറുത്ത വസ്ത്രങ്ങളണിഞ്ഞ്
പതിവുപോൽ അയാൾ പ്രത്യക്ഷപ്പെടും.
“ആർ യൂ മിസ്റ്റർ സ്കിസോഫ്രീനിയ?”
എൻ്റെ ചോദ്യത്തെ അവഗണിച്ച്
അയാൾ കൈയിലെ
വലിയ സ്ക്രീനിലൊരു സിനിമ കാണിക്കും.
എത്ര പെട്ടെന്നാണ് സിനിമയിലെ മൈതാനത്തിൽ
നിഷ്കളങ്കത കളഞ്ഞുപോയ കുട്ടികൾ വളരുന്നത്!
ആൺകുട്ടികൾ പെൺകുട്ടികളുടെ തെറിച്ചുനിൽക്കുന്ന മുലകളിലേക്കും,
പെൺകുട്ടികൾ ആൺകുട്ടികളുടെ എഴുന്നുനിൽക്കുന്ന
ലിംഗങ്ങളിലേക്കും കണ്ണയച്ച് കാമാർത്തരാവുമ്പോൾ
പതിവുപോൽ ക്ലീഷേ സീനിൽത്തന്നെ
സിനിമ തീരും.
ഉറക്കമില്ലാ രാത്രികളുടെ വലിഞ്ഞുനീണ്ട അയക്കയറിലിരുന്ന്
ഒരു മൂങ്ങ ‘സ്കിസോ, സ്കിസോ’
എന്ന് മൂളിക്കൊണ്ടേയിരിക്കും.
ഉറക്കത്തോട് യുദ്ധം പ്രഖ്യാപിച്ച ചിവീടുകൾ പതിവുപോൽ?
‘ഫ്രീനിയ, ഫ്രീനിയ എന്നുച്ചത്തിൽ കിരുകിരുത്ത് അതിനെയൊരു
ദാർശനിക സമസ്യയെ എന്നപോൽ പൂരിപ്പിക്കും!
⚫
