ഒരു മഴക്കാലത്ത്
വേനൽ അവധിയിൽ
പ്രവേശിക്കുകയായി.
നാട്ടിൽ വർഷം
പടികടന്നെത്തി.
കുട്ടി
വീടിനുമ്മറത്തെ
കസേരയിൽ കാലാട്ടിയിരുന്നു.
മഴയുടെ നാന്ദിയായി
മാനം കാർവർണ്ണമായി.
പകലിരുണ്ടു,
സന്ധ്യ പോലെ.
കുട്ടിയുടെ കണ്ണുകളിൽ
കൗതുകം വിടർന്നു.
അകത്ത് മുറിയിൽ
മുത്തശ്ശിയും,
അമ്മയും,
ചിറ്റമ്മമാരും
മഴക്കാല ചർച്ചകളിലെന്ന്
കുട്ടിയറിഞ്ഞു.
അവളിൽ ഒരു
മന്ദഹാസം വിരിഞ്ഞു.
പാടവും, തോടും,
തൊടിയും
നീന്തി മുറ്റത്ത്
തിമർത്താർത്തു.
മന്ദമാരുതൻ
കുട്ടിയെത്തഴുകി
കുളിരണിയിച്ചു.
മാനത്ത്
സ്വർണത്തേരുകൾ
പായുന്നത് കണ്ട്
അവളിൽ വീണ്ടും
കൗതുകം വിടർന്നു.
മാനത്തെ തട്ടിൻപുറത്ത്
ദേവന്മാർ മച്ചിലേക്ക്
തേങ്ങവാരിയെറിയുന്ന
മുഴക്കത്തിൽ
അവൾ
ചെവി പൊത്തി.
നിമിഷാർദ്ധത്തിൽ
ഒരു കടലിരമ്പം
അടുത്തണയുന്നത് പോലെ
തോന്നിയതും
മഴയിരച്ചെത്തി.
തിമർത്ത് ചിരിച്ചു
മഴ.
കുട്ടിയൊപ്പം ചിരിച്ചു.
മഴ മുറ്റത്തേക്കവളെ
മാടി വിളിച്ചു.
അമ്മയുടെ താക്കീത്,
കൈച്ചൂട്
അവൾക്കുമുന്നിൽ
ഒരു ലക്ഷ്മണരേഖ
വരച്ചു..
പാടം, തോട്,
മുറ്റം, പുരപ്പുറം
മഴയിൽ സ്നാനപ്പെട്ടു.
കുട്ടി തിമർത്ത് ചിരിച്ചു.
ശമനമില്ലാതെ
നിന്ന നിൽപ്പിൽ മഴ.
രാത്രി മുത്തശ്ശി പതിവുപോലെ
കഥകൾ വിളമ്പി.
മഴയുടെ
താരാട്ടിൽ ലയിച്ച് കുട്ടി
മുത്തശ്ശിക്കഥകൾ
കേൾക്കാതെ കേട്ട്
മൂളിയുറങ്ങി.
രാവുണർന്നതും
കുട്ടി കൺതിരുമ്മി
ഉമ്മറത്തേക്ക്,
കസേരയിലേക്ക്.
കുട്ടി മഴപോലെ
ചിരിച്ചാർത്തു.
തോടൊരു
കടലായിരിക്കുന്നു.
കുട്ടി താട
കൈകൊണ്ട് താങ്ങി
വിസ്മയം പൂണ്ടു.
പച്ചച്ച പാടത്തെ
തോട് വിഴുങ്ങിയിരിക്കുന്നു.
എങ്കിലും കുട്ടി
തോട് തിരിച്ചറഞ്ഞു.
തോട് കുട്ടിയെ
തിരിച്ചറിഞ്ഞു.
വരുന്നോ എന്നോടൊപ്പം?
തോടവളെ
കൈകാട്ടി വിളിച്ചു.
കുട്ടി തിരിഞ്ഞുനോക്കാതെ
മുറ്റമിറങ്ങി
തോട്ടിലേക്കോടി.
തോടവളെ നെഞ്ചിലേറ്റി
കുതിച്ച് പാഞ്ഞു.
തോട് ചിരിച്ചു.
കുട്ടി ഒപ്പം ചിരിച്ചു.
വീട് മാത്രം കരഞ്ഞു.
വീടിന്നും
കരഞ്ഞുകൊണ്ടേയിരിക്കുന്നു….
ഒരു വസന്തകാലത്ത്
ഗ്രാമത്തിൽ വസന്തം
വിടർന്നതും
അവളിൽ
വസന്തത്തിന്റെ
മൊട്ടുകൾ വിരിഞ്ഞു.
പാദസരങ്ങൾ
വികൃതികളായി
കിലുങ്ങിച്ചിരിച്ചു.
വസന്തത്തിലാദ്യമായി
ചോരപ്പൂക്കളുടെ
വേദനയവളറിഞ്ഞു.
ഓടിയണഞ്ഞ
അമ്മയിൽ
ആഹ്ലാദത്തിന്റെ
ചിരികണ്ടു.
അകത്തുകൊണ്ടുപോയി
അമ്മ
സാന്ത്വനമന്ത്രങ്ങളുരുവിട്ടു.
അതുവരെ
പറയാത്ത രഹസ്യങ്ങൾ
കാതിലോതി.
നിലത്ത് പായിൽ
കുത്തിയിരുന്ന്
ജനാലയിലൂടെ
പുറംലോകം ആസ്വദിച്ച
അക്ഷമയുടെ ദിനങ്ങൾ.
അവളുടെ കണ്ണുകളിൽ
സ്വപ്‌നങ്ങൾ
വിടർന്നു.
കുളി കഴിഞ്ഞെത്തിയ
അവളുടെ നെറ്റിയിൽ
അമ്മ കുറി തൊട്ടു.
കണ്ണെഴുതി.
അച്ഛനുമമ്മയും
അവളെ
വസന്തത്തിന്റെ
പട്ടുടയാടകളിൽ
കുളിപ്പിച്ചു.
പുറത്ത്
പൂന്തോട്ടത്തിൽ
പനിനീർപ്പൂക്കളിൽ
അവൾ പ്രണയം ദർശിച്ചു.
അവൾ പൂക്കളെ
കൂടുതൽ സ്നേഹിച്ചു.
ഉമ്മറത്തെ
ചുമരിലിരുന്ന ചേച്ചി
അവളെ നോക്കി
കണ്ണിറുക്കി.
അവളിൽ
നാണം വിടർന്നു.
ഒരു മഴക്കാലത്ത്
വീട്ടിനുതാഴത്തെ
തോടിനൊപ്പം
യാത്ര പോയ ചേച്ചി….
ചേച്ചി
ഫോട്ടോയിൽ നിന്നിറങ്ങി
വന്ന്
അവളെ പുണർന്നു.
കവിളിൽ
നുള്ളിച്ചുവപ്പിച്ചു.
ചേച്ചി
അവളേക്കാൾ വളർന്ന്
മുന്നിൽ നിൽക്കുന്നു.!
അവളെപ്പോലെ
ചേച്ചിയും.
ചേച്ചിയെ
ഒന്നു തൊടാനാഞ്ഞതും
ചേച്ചി മറഞ്ഞു.
ചേച്ചിയെവിടെ?
അവൾ ചുവരിലിരുന്ന്
കുസൃതിച്ചിരി
പാസ്സാക്കുന്ന
ചേച്ചിയെ നോക്കി.
അവളുടെ കണ്ണുകൾ
നിറഞ്ഞൊഴുകി…..
അവൾ തേങ്ങി……

കെ.ആർ.സുരേന്ദ്രൻ

By ivayana