കാടെന്നതു കണ്ടുമടുക്കാനില്ലാക്കാഴ്ചയിരുൾക്കനവ്.
കാടെന്നതു പൂത്തുതളിർക്കാനില്ലാപ്പൂമരമിതൾനിറവ്.
കാടെന്നെക്കാട്ടിത്തന്നതു കണ്ണുകൾ പൂട്ടി നടക്കാനേ .
കാടെൻ്റെ കാതിൽച്ചൊന്നത് വായും പൂട്ടിയിരിക്കാനേ .
കാടെന്നെക്കാണാക്കാഴ്ചകൾ കാട്ടിക്കാലം ചുറ്റിച്ചേ.
കാടെന്നെക്കേൾക്കാ ശബ്ദം കേൾപ്പിച്ചകലം പാലിച്ചേ .
കാടെന്നിലുരുണ്ടു ചുരുണ്ടൊരു പാമ്പായ് പത്തി വിടർത്തിച്ചേ.
കാടെന്നിലുയർന്നു പറക്കാൻ കാറ്റിൻ ചിറകു പിടിപ്പിച്ചേ.
കാടെന്നെക്കൂട്ടിലണച്ചു കുഞ്ഞിക്കാലുകൾ കാണിച്ചേ ,
കാടാകെക്കരയും കുഞ്ഞു വിശക്കുമ്പോഴെന്നറിയിച്ചേ .
കാടെൻ്റെ നെഞ്ചിലെ നീരിൻ നേരു ചുരത്തിപ്പോറ്റിച്ചേ,
എന്നിട്ടുണ്ടെണ്ണിത്തീർക്കാതിത്തിരിവട്ടം കാണിച്ചേ.
ആ വട്ടവെളിച്ചം ഞങ്ങളിരമ്പിപ്പാറി വിരിച്ചിട്ടേ ,
ഈ ലോകമിരുണ്ടടവയ്ക്കുമിടങ്ങളിലഗ്നിജ്വലിപ്പിച്ചേ.
എന്നിട്ടും കാടിനിരുൾപ്പുറമിത്ര കറുത്തു കിടപ്പെന്തേ?
എന്നോളമിരുട്ടു കുടിപ്പാനാകാതൊട്ടി നടപ്പെന്തേ?
കാട്ടാറു ചിരിച്ചു കലമ്പുമൊഴുക്കുമുടുത്തഴകായവനേ,
നീലാമ്പൽ മൊട്ടുമിഴിയ്ക്കും പോലൊരു ചേല് തികഞ്ഞവനേ,
കണ്ണിൻ്റെയിറമ്പിൽ നിന്നിന്നെന്തിനിറങ്ങി മടങ്ങിപ്പോയ്.
കരിനെഞ്ചുതിരുമ്മി മയങ്ങിക്കണ്ണുകലങ്ങിയിറങ്ങിപ്പോയ്.
എന്നിഷ്ടക്കാരനുറങ്ങാനെന്തിന് നെയ്ത്തിരിനാളങ്ങൾ.
ചെമ്പട്ടു പൊതിഞ്ഞ കവിൾത്തടമെന്തു മിനുത്തീ രാക്കുളിരിൽ.
തീനാമ്പിനു തിന്നുകൊഴുക്കാനിട്ടു കൊടുത്തൊരു കാടിരുളിൽ
കണ്ണേറ്റിലെയൻപുതുടിപ്പു മിനുപ്പുമെനിക്കിനിയോർമ്മകളേ.
ചെമ്പട്ടു പുതച്ചുകിടക്കുമൊടുക്കദിനം വരെയുണ്ടുരുളാൻ
നിൻ ശയ്യമെഴുക്കോടെന്നിലെടുത്തുപിടിച്ചുനടപ്പൂ ഞാൻ.

By ivayana