രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍
വേടാനീ,പാടുന്ന പാട്ടുകളൊക്കെയും
പാടിപ്പഴകിയതല്ലോ മുന്നേ!
ആയതിൻ ശീലുകൾക്കുണ്ടോ പ്രസക്തിയി-
ന്നായപോലൊന്നറിയാൻ ശ്രമിപ്പൂ
കേരളംമാറിയിട്ടെത്ര കാലങ്ങളായ്
കോരനിന്നീനാടു സ്വർഗ്ഗഗേഹം!
തമ്പ്രാൻ്റെ മുന്നിലായ് കുമ്പിട്ടുനിന്നവർ,
തമ്പ്രാൻമാരായ് വിലസുന്നുമുന്നിൽ!
ജാതി, മതങ്ങൾക്കതീതമായ് വിപ്ലവ-
ഗീതികൾ പാടിയോ,രിയെമ്മസ്സും
ഏക്കേഗോപാലൻ തുടങ്ങിയോരൊക്കെയു-
മോർക്കുക,മേലാളവർഗ്ഗമല്ലോ!
ആയവർ കാട്ടിയ കാരുണ്യമോരോന്നും
വായതുറന്നൊന്നു പാടൂവേടാ
അല്ലെങ്കിൽ നീപാടും പാട്ടുകൾ കേൾക്കുവാ-
നില്ലില്ലൊരാളുമുണ്ടാവുകില്ല
പണ്ടൊരു വേടനുരുവിട്ട ശീലുക-
ളുണ്ടിന്നുംനമ്മുടെ നാട്ടിലെങ്ങും
മാനവർ ചെയ്യേണ്ട ധർമ്മങ്ങളൊക്കെയു-
മാ,നൽകൃതിതന്നിലുണ്ടു,കാൺമൂ
വേടാ,നീ പാട്ടുകൾ പാടുമ്പോൾ കേൾക്കുവാൻ
കൂടുന്നോരൊക്കെയും കീഴാളരോ?
കാടുകേറിപ്പഴമ്പാട്ടുകൾ പാടുകിൽ
നാടിനു നാണക്കേടാവുകില്ലേ!
മദ്യത്തിൽ,കഞ്ചാവിൽ മത്തുപിടിച്ചുനീ,
പത്തിവിടർത്തി പാടുമ്പൊഴേക്കും
തീർത്തുമാ,ജാതിതൻ ദുർഗ്ഗന്ധമീനാട്ടി-
ലാർത്തലച്ചെത്തില്ലേ, വീണ്ടും വീണ്ടും!
പാടുക വേടാനീ നാടിൻ പുരോഗതി-
ക്കീടുറ്റ കാവ്യശതങ്ങൾ നീളെ
പാടുവാനായില്ലേൽ പാടേണ്ട പാടേണ്ട
വേടാനീ പോവുക കാട്ടിനുള്ളിൽ.
