നിത്യജീവിതത്തിൽ അനുദിനം കാണുന്ന പലരോടും പലർക്കും അവരുടെ രൂപഭാവങ്ങളും പ്രത്യക്ഷത്തിൽ കാണുന്ന പെരുമാറ്റരീതികളും കണ്ട് ചിലപ്പോൾ താല്പര്യം തോന്നിയേക്കാം. എന്നാൽ, പിന്നെപ്പിന്നെ അവരുടെ പെരുമാറ്റരീതികളും സ്വഭാവവും അടുത്തറിയാനിടയായാൽ, നൂറിൽ തൊണ്ണൂറ്റിയൊൻപതു ശതമാനം പേരോടും ആദ്യം തോന്നിയ ആ താല്പര്യം പൂർണ്ണമായും തന്നെ ഇല്ലാതെയാകുകയാണുണ്ടാവുക. അതങ്ങനെയാണ്. ഒറ്റ നോട്ടത്തിൽ പുറമെ കാണുന്നത് പോലെയായിരിക്കില്ല ആരും തന്നെ അടുത്തറിയുമ്പോൾ.

അത് കൊണ്ട് തന്നെ, നമ്മുടെ താല്പര്യങ്ങൾക്കും നമ്മുടെ ഇഷ്ടങ്ങൾക്കും ചേർന്നു വരുന്ന, പരസ്പരം എന്തു കാര്യങ്ങളും പങ്ക് വെക്കാൻ കഴിയുന്ന, നമ്മൾ ആഗ്രഹിച്ചത് പോലെയുള്ള, soulmate ആയ ഒരാളെ നമുക്ക് കൂട്ടായി കിട്ടുക എന്നത്, അത്യന്തം ഭാഗ്യമുള്ളവർക്ക് മാത്രം,
ഒരു മനുഷ്യന്റെ ജീവിതകാലത്തിൽ ചിലപ്പോൾ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നായിരിക്കും. പലർക്കും അങ്ങനെ അവർ ആഗ്രഹിച്ചത് പോലെയുള്ള ഒരാളെ ജീവിതത്തിലൊരിക്കലും തന്നെ ചിലപ്പോൾ കിട്ടിയില്ല എന്നും വരാം.

ഇനി ആർക്കെങ്കിലും അങ്ങനെയൊരാളെ കണ്ടു കിട്ടിയെങ്കിൽ തന്നെ, അങ്ങനെ കിട്ടിയത് കൊണ്ട് മാത്രം കാര്യവുമില്ല. ഇഷ്ടപ്പെട്ട ആ ബന്ധത്തെ കൂടെ ചേർത്ത് നിർത്തി ഒരു ആത്മബന്ധമായി അതിനെ എക്കാലവും, മരണം വരെ കൂടെ കൊണ്ട് പോകണമെങ്കിൽ, ഒരു തൈച്ചെടി നട്ട് അതിന് വെള്ളവും വളവും സൂര്യ പ്രകാശവും എന്നും നൽകി നോക്കി വളർത്തുന്നത് പോലെ തന്നെ, ശ്രദ്ധയോടെ തന്നെ ചെയ്യേണ്ടുന്ന ഒരു കാര്യവുമാണ്.

ഓരോ ദിവസവും കൂടെയിരുന്ന് നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ധനങ്ങളായ നമ്മുടെ സ്നേഹവും നമ്മുടെ സമയവും നൽകി, നമ്മുടെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ അവരെ അനാവശ്യമായി നോവിക്കാതെ, മുറിവേൽപ്പിക്കാതെ, അവർക്കാവശ്യമുള്ള സ്നേഹവും പരിചരണവും പരിലാളനവും കൊടുത്തു വേണം ആ ബന്ധം വളർത്തിയെടുക്കാൻ. കാരണം, എത്ര കാലം കൊണ്ട് വളർത്തിയെടുത്ത ബന്ധമാണെങ്കിൽ പോലും, അതിൽ ആരുടെയെങ്കിലും ഒരാളുടെ, അത് പരസ്പരമുള്ള സ്നേഹക്കുറവ് കൊണ്ടാകണമെന്നില്ല, ഒരു ചെറിയ അശ്രദ്ധ മാത്രം മതി മറ്റെയാളെ നോവിക്കാൻ.

കാരണം, നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നവരുടെ വേദനിപ്പിക്കലുകളാണ് നമ്മെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുക.
അറിയാതെ, അല്ലെങ്കിൽ ഓർക്കാതെ പെട്ടെന്ന് പറയുന്ന വാക്കുകളോ പ്രവൃത്തികളോ പോലും പരസ്പരം അത്ര ആഴത്തിൽ സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളെ മുറിപ്പെടുത്തിയേക്കാം. അത് അവരുടെ കുഴപ്പമില്ല. അത്രയും ആഴത്തിൽ അവർ സ്നേഹിക്കുന്നത് കൊണ്ടുണ്ടാകുന്നതാണ്.

അത് കൊണ്ട് തന്നെ, നമ്മുടെ ജീവിതകാലത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം നമ്മുടെ ജീവിതത്തിലേയ്ക്ക് വന്നു ചേരുന്ന, നഷ്ടപ്പെടുത്തിയാൽ പിന്നീടൊരിക്കലും വേറെ കിട്ടില്ലാത്ത, അങ്ങനെയുള്ള വിലപ്പെട്ട ഒരു ബന്ധത്തെ ഏഴു തിരിയിട്ടു കത്തിച്ചു വെക്കുന്ന നിലവിളക്ക് എന്നത് പോലെ, നിത്യവും തേച്ചുമിനുക്കി എണ്ണയും തിരിയുമിട്ട്,
എണ്ണ വറ്റി പോകാതെ, കരിന്തിരി കത്തിയൊ, കാറ്റടിച്ചോ കെട്ടു പോകാതെ അടുത്തിരുന്നു എന്നും പരിപാലിക്കുക.

ആ നിലവിളക്ക് ചുറ്റിലും പ്രകാശം പരത്തുന്നത് പോലെ തന്നെ, ഇരുമനസ്സിലും ആ സ്നേഹവും സന്തോഷവും ഒരു നാളും അണഞ്ഞു പോകാതെ എക്കാലവും, ജീവിതകാലം മുഴുവൻ പ്രകാശം പരത്തിക്കൊണ്ടേയിരിക്കട്ടെ.

മായ അനൂപ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *