കാലവർഷം വന്നു ഹർഷാരവമോടെ
കലാലയങ്ങൾ തുറക്കയായി
തുള്ളിത്തുളുമ്പുന്നു കുഞ്ഞുമനസ്സുകൾ
ഉള്ളിന്റെയുള്ളു തുറപ്പിക്കുവാൻ.

പാറിപ്പറക്കുന്നു പൂത്തുമ്പിക്കുഞ്ഞുങ്ങൾ
പാരിന്റെയാഗ്രഹ പൂർത്തി പോലെ
മാറ്റത്തിൻകാറ്റങ്ങു വീശുന്നു. നാളതൻ
മറ്റുള്ള സന്ദേശം നൽകീടുന്നു:

“അക്ഷരമുറ്റത്തങ്ങോടി കളിച്ചിടാം
വീക്ഷണകോണുകൾ മാറ്റി നോക്കാം
അക്ഷികൾ കൊണ്ടു നാം കാണുന്നകാഴ്ചയിൽ
ഭിക്ഷുവേപ്പോലെയുൾക്കാഴ്ച നേടാം.

പൂമുഖ മുറ്റത്തു പൂത്തുല്ലസിക്കുന്ന
പൂവാകച്ചോട്ടിൽ കളിച്ചു പോകാം
പാഠങ്ങളോരോന്നും ഉത്സാഹമോടെയും
പാടിപഠിച്ചു രസിച്ചിരിക്കാം.

പൂമ്പാറ്റ പാറിപ്പറക്കുന്ന പോലെയീ
ചെമ്പക ചോട്ടിലായ് സല്ലപിക്കാം
അമ്പിളിമാമന്റെ ചേലിലീ നാടിനെ
ചുംബിച്ചു വെൺമയിലാറാടിക്കാം.

വീരകഥകളിൽ വേറിട്ടു നിൽക്കുന്ന
പോരാളിമന്നരെ പോലെയാകാൻ
വീര്യമൊട്ടങ്ങോളം ചോരാതെ ജീവിതം
നേരിന്റെ പാതയിൽ ചേർത്തു പോകാം.

തങ്കക്കിനാവാകും താരങ്ങൾ ലക്ഷ്യമായ്
ചങ്കിനകത്തു നിറച്ചു പോകാം
സങ്കടമൊക്കെയും മാറ്റിവെച്ചൂഴിയിൽ
ഹുങ്കാരമോടെ കളിച്ചിരിക്കാം.

പൂത്തുമ്പീ! വന്നാലും നന്മയാം മകാന്ദം
മൊത്തിക്കുടിച്ചീടാം, ഒത്തു നമ്മൾ
സത്യത്തിൻ ദീപികാ ഹൃത്തുമായ് മർത്യർക്ക്
നിത്യമീഭൂമിയിൽ മാർഗ്ഗമാകാം.

തോമസ് കാവാലം

By ivayana